14 November Wednesday

ദുരിതബാധിതർക്ക് ആശങ്ക വേണ്ട സർക്കാർ ഒപ്പമുണ്ട് : എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

 

കൽപ്പറ്റ
സുഗന്ധഗിരി വൃന്ദാവൻ കുടുംബക്ഷേമ ഉപകേന്ദ്രം, പൂക്കോട് ഏകലവ്യ എംആർഎസ്് ക്യാമ്പുകൾ മന്ത്രി സന്ദർശിച്ചു. പ്രളയത്തിൽ ദുരിതബാധിതരായവർക്ക് ഒരു തരത്തിലും ആശങ്കപ്പെടെണ്ടെന്നും പുനരധിവാസത്തിന് സർക്കാർ ഒപ്പമുണ്ടെന്നും  പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു. സുഗന്ധഗിരിയിൽ ദുരിത ബാധിതരായ പിന്നാക്ക വിഭാഗങ്ങൾക്കുളള അധിക ദുരിതാശ്വസ ധനസഹായത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം  നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 10,000 രൂപയുടെ ചെക്ക് അമ്പതേക്കർ കോളനിയിലെ കെമ്പി വെള്ളയ്ക്ക് മന്ത്രി കൈമാറി. മഴക്കെടുതി മൂലം ക്യാമ്പിലെത്തിയ കുടുംബങ്ങൾക്ക് നൽകുന്ന 10,000 രൂപയ്ക്ക് പുറമെയാണ് പട്ടികവർഗ്ഗ വിഭാഗത്തിന് 10,000 രൂപയും, പട്ടിക ജാതി വിഭാഗത്തിന് 5,000 രൂപയും വകുപ്പ് കൂടുതലായി നൽകുന്നത്. തൊഴിലും വീടും നഷ്്ടപ്പെട്ട സാഹചര്യത്തിലാണ് ഇവർക്ക് അധിക ധനസഹായം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. 
സുരക്ഷിതത്വം ഉറപ്പു വരുത്തി ക്യാമ്പിൽനിന്നും ദുരിതബാധിതരെ മാറ്റി താമസിപ്പിക്കും. സ്ഥലവും വീടും നഷ്ടമായവരെ പുനരധിവസിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യം എല്ലാവരുടേയും സഹകരണത്തോടെ പൂർത്തിയാക്കുമെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു. ചടങ്ങിൽ സി കെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എൻ സി പ്രസാദ്, ജില്ലാ പഞ്ചായത്ത്് അംഗം പി എൻ വിമല, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ എം സന്ധ്യ, അംഗങ്ങളായ എം എം ജോസ്, പി ഡി ദാസൻ, സബ് കലക്ടർ എൻഎസ്കെ ഉമേഷ് എന്നിവർ സംബന്ധിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരനൊപ്പം ആസൂത്രണ ഭവൻ എപിജെ ഹാളിൽ പ്രളയാനന്തര സ്ഥിതി അവലോകനം നടത്തിയ ശേഷമാണ് ക്യാമ്പ് സന്ദർശിച്ചത്‌. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top