17 November Saturday

സങ്കടപ്രളയത്തിൽ നേന്ത്രവാഴ കർഷകർ

സ്വന്തം ലേഖകൻUpdated: Sunday Sep 2, 2018
 
കൽപ്പറ്റ
വെള്ളപ്പൊക്കത്തിലൂടെയുള്ള കനത്ത നഷ്ടങ്ങൾക്കിടെ വിലയും കുത്തനെ കുറഞ്ഞതോടെ നേന്ത്രവാഴ കർഷകർ സങ്കടത്തിന്റെ പ്രളയക്കടലിൽ. നേന്ത്രക്കായക്ക് സംസ്ഥാനത്തിപ്പോൾ ഏറ്റവും കുറഞ്ഞ വില വയനാട്ടിലാണ്. 20 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. വെള്ളത്തിൽ മുങ്ങിയ നേന്ത്രക്കായയുടെ ഗുണനിലവാരം കുറഞ്ഞതാണ് വിലക്കുറവിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു. മറ്റ് ജില്ലകളിൽ വയനാടൻ നേന്ത്രക്ക് ഡിമാൻഡ് കുറഞ്ഞു. ആരും കയറ്റി അയക്കുന്നുമില്ല. കറുത്ത കളർ വരിക, വലിപ്പക്കുറവുണ്ടാവുക തുടങ്ങിയ പ്രശ്നങ്ങളാണ് വെള്ളത്തിൽ മുങ്ങിയതോടെ നേന്ത്രയ്ക്ക് സംഭവിച്ചത്. ഇതാണ് മറ്റ് ജില്ലകളിൽ മാർക്കറ്റ് കുറയാൻ കാരണം. കോഴിക്കോടും കണ്ണൂരും നാൽപ്പതുമുതൽ അമ്പതു രൂപവരെ വിലയുള്ളപ്പോഴാണ് വയനാട്ടിൽ 20 രൂപ. കഴിഞ്ഞ വർഷം ഇതേസമയത്ത് ദിവസം മൂന്ന് ലോഡ് മറ്റ് ജില്ലകളിലേക്ക് കയറ്റി അയച്ച സ്ഥാനത്ത് ഇപ്പോൾ ഒരു ലോഡ് പോലും അയക്കുന്നില്ലെന്ന് കൽപ്പറ്റയിലെ നേന്ത്രവാഴ മൊത്തക്കച്ചവടക്കാരനായ കെഎകെ ബനാന സ്റ്റോർ ഉടമ അബ്ദുൾ കരീം പറയുന്നു. ഒരേസമയം കർഷകരും കച്ചവടക്കാരും ദുരിതത്തിലായിരിക്കയാണ്. ഓണം‐പെരുന്നാൾ കച്ചവടവും കിട്ടിയില്ല. 
ജില്ലയിൽ 20ലക്ഷം കുലച്ച വാഴകളും അഞ്ചുലക്ഷത്തോളം കുലക്കാത്ത വാഴകളും നശിച്ചുവെന്നാണ് കൃഷി വകുപ്പിന്റെ ഇതുവരെയുള്ള കണക്ക്. 70 കോടിയോളം രൂപയുടെ നഷ്ടവും ഇതുവരെ കണക്കാക്കിയിട്ടുണ്ട്.  828 ഹെക്ടർ കുലച്ച വാഴയും 197 ഹെക്ടർ കുലക്കാത്ത വാഴകൃഷിയും നശിച്ചിട്ടുണ്ട്. മാനന്തവാടി താലൂക്കിലാണ് കൂടുതൽ നഷ്ടം ഉണ്ടായത്.   രണ്ടും മൂന്നും തവണയായി    ദിവസങ്ങളോളം കൃഷിയിടങ്ങളിൽ വെള്ളം നിന്നതോടെ വാഴകൾ അഴുകിനശിച്ചു. മൂപ്പെത്താത്ത കുലകൾ പഴുത്ത് നശിക്കുന്നതിനും കാരണമായി.  ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത  നിരവധി കർഷകരാണ് വാഴത്തോട്ടങ്ങൾ തന്നെ ഉപേക്ഷിച്ച് പോയത്. കർഷകരുടെ ഹൃദയം തകർക്കുന്ന കാഴ്ച്ചയാണ് കൃഷിയിടങ്ങളിൽ കാണുന്നത്. തവിഞ്ഞാൽ, പനമരം, കോട്ടത്തറ, മണിയങ്കോട് തുടങ്ങിയ സ്ഥലങ്ങളിൽ ഏക്കർ കണക്കിന് കൃഷിയാണ് നശിച്ചത്. മൂപ്പെത്താത്ത കുലകൾ പഴുത്തതിനാൽ കച്ചവടക്കാരും സ്വീകരിക്കുന്നില്ല. വാഴകർഷകരുടെ ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കയാണ്. 
 ഓണ സീസൺ കണക്കാക്കി കൃഷി ചെയ്തവർക്കാണ് ഏറ്റവും കൂടുതൽ നഷ്ടം. അടുത്ത കാലവർഷത്തിന് മുമ്പ് വിളവെടുപ്പ് പ്രതീക്ഷിച്ച് കഴിഞ്ഞ മെയ്, ജൂൺ മാസങ്ങളിൽ കൃഷിയിറക്കിയ കർഷകരുടെ  മുളച്ച് പൊന്തിയ വാഴകൾ ചീഞ്ഞ് നശിച്ചു. 
ഇനി കൃഷി ഇറക്കണമെങ്കിൽ വിത്ത് ലഭ്യമല്ലാത്തത് മറ്റൊരു പ്രശ്നമാണ്.  തന്നെയുമല്ല, ഇനി വാഴ കന്ന് നട്ടാൽ അടുത്ത വേനൽ മഴയിലെ കാറ്റിനെ പ്രതിരോധിക്കണമെങ്കിൽ വൻതുക മുടക്കേണ്ടിയും വരും. അതിനാൽ ഭൂരിഭാഗം കർഷകർക്കും  കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാർഗമില്ല. ബാങ്കുകളിൽനിന്നും വായ്പയെടുത്തും  വ്യക്തികളിൽനിന്നും കുടുംബശ്രീയിൽനിന്നും കടം വാങ്ങിയും കൃഷി നടത്തിയവർ ദുരിതത്തിലാണ്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top