14 November Wednesday

ക്ലീൻ വയനാട് അജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനമായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

 

കൽപ്പറ്റ
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ശുചീകരണത്തിന്  നടത്തിയ മിഷൻ ക്ലീൻ വയനാടിന്റെ ഭാഗമായി ശേഖരിച്ച അജൈവ മാലിന്യങ്ങളുടെ സംസ്കരണം ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ച് സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ നടത്തുമെന്ന്  ഹരിത കേരളം മിഷൻ ജില്ലാ കോ‐ഓർഡിനേറ്റർ ബി കെ സുധീർകിഷൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഏകദേശം 253.5 ടൺ അജൈവ മാലന്യങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ശേഖരിച്ചത്. ഇതിൽ 99 ടൺ പ്ലാസ്റ്റിക് മാലിന്യവും ആറര ടൺ ഇലക്ട്രോണിക് മാലിന്യം 148 ടൺ ഇതര മാലിന്യവുമാണ്. ഇതിൽ കത്തിക്കാവുന്നവ നാഗർകോവിലിലും അല്ലാത്തവ ഹൈദരാബാദിലുമുള്ള സ്ഥാപനങ്ങളിലെത്തിച്ചാണ് സംസ്കരിക്കുക. ജൈവ‐അജൈവ മാലിന്യ സംസ്കരണത്തിൽ ജില്ലയിൽ ഉത്തരവാദിത്തം നിറവേറ്റുന്നത് വിരലിലെണ്ണാവുന്ന പഞ്ചായത്തുകൾ മാത്രമാണ്. മാലിന്യ ശേഖരണത്തിനു ഹരിതകർമ സേന രൂപീകരിച്ചിട്ടുണ്ടെങ്കിലും ജില്ലയിൽ  മീനങ്ങാടി, മൂപ്പൈനാട്, വൈത്തിരി പഞ്ചായത്തുകൾ മാത്രമാണ് ഇതിനകം മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി ഒരുക്കിയത്. പൊഴുതന, തിരുനെല്ലി, തൊണ്ടർനാട് പഞ്ചായത്തുകളിൽ ഇതിനുള്ള ശ്രമം നടന്നുവരികയാണ്. മറ്റു പഞ്ചായത്തുകൾ മെറ്റീയൽ കലക്ഷൻ സംവിധാനം ഒരുക്കുന്നതിൽ നാമമാത്ര നടപടിപോലും സ്വീകരിച്ചിട്ടില്ല. പഞ്ചായത്തുകൾ ശേഖരിക്കുന്ന മാലിന്യം സംസ്കരിക്കുന്നതിന്  ബ്ലോക്കുതലത്തിൽ റിസോഴ്സ് റിക്കവറി ഫെസിലിറ്റിയും സജ്ജമാക്കിയിട്ടില്ല. മാലിന്യ ശേഖരണ‐സംസ്കരണത്തിനായി പ്ലാൻ ഫണ്ടിന്റെ 10 ശതമാനം ഉപയോഗപ്പെടുത്താൻ പഞ്ചായത്തുകൾക്കു സർക്കാർ അനുമതിയുണ്ട്. എന്നിട്ടും പഞ്ചായത്തുകൾ മെറ്റീരിയൽ കലക്ഷൻ സൗകര്യം ഒരുക്കുന്നതിൽ വീഴ്ചവരുത്തുന്നുണ്ട്. അജൈവ മാലിന്യം തരംതിരിച്ച് ശേഖരിച്ചു കയറ്റുന്നതിന്റെ ഉദ്ഘാടനം ശനിയാഴ്ച കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് കളക്ടർ എ അജയകുമാർ നിർവഹിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് അജൈവ മാലിന്യ സംസ്കരണത്തിൽ ക്ലീൻ കേരള കമ്പനിയുമായി സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ സഹകരിക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു.  ഒഴിഞ്ഞ കെട്ടിടം കുറച്ചുദിവസത്തേക്കു വിട്ടുകിട്ടുകയാണെങ്കിൽ അജൈവ മാലിന്യ സംസ്കരണം വിജയകരമായി നടത്താനാകും. വാർത്താ സമ്മേളനത്തിൽ ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ എ കെ രാജേഷ്, എം ബി രാജേന്ദ്രൻ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ജോയി ജോൺ, ക്ലീൻ കേരള കമ്പനി പ്രതിനിധി സുധീഷ് തൊടുകയിൽ, സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ പി എ ആറ്റക്കോയത്തങ്ങൾ, ടി അബ്ദൽ റസാഖ് എന്നിവരും പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top