25 September Tuesday

വനിതാ കമീഷൻ സിറ്റിങ്: 18 കേസുകൾ തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018

 കൽപ്പറ്റ

സംസ്ഥാന വനിതാ കമീഷൻ ജില്ലയിൽ നടത്തിയ മെഗാ അദാലത്തിൽ 18 കേസുകൾ തീർപ്പാക്കി.  എ പി ജെ ഹാളിൽ കമീഷൻ സംസ്ഥാന അധ്യക്ഷ എം സി ജോസഫൈനിന്റെ അധ്യക്ഷതയിൽ ചേർന്ന അദാലത്തിൽ 48 കേസുകൾ പരിഗണിച്ചു. മൂന്നു കേസുകൾ വനിതാ സെല്ലിനും ആറു കേസുകൾ വിവിധ വകുപ്പുകളുടെ അന്വേഷണത്തിനായും കൈമാറി. ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട കേസിൽ കൂടുതൽ നിയമോപദേശത്തിനായി വിട്ടു. വിവിധ കാരണങ്ങളാൽ 20 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി. 
 കുടുംബ പ്രശ്്നങ്ങളുമായി ബന്ധപ്പെട്ട കേസുകളായിരുന്നു സിറ്റിങ്ങിൽ കൂടുതലും.  അസുഖത്തെ തുടർന്നു കാലുമുറിച്ചു മാറ്റേണ്ടി വന്ന ഭർത്താവുമായുള്ള ദാമ്പത്യ പ്രശ്നം പരിഹരിക്കാൻ പ്രദേശിക തലത്തിൽ നടപടി സ്വീകരിക്കാൻ ധാരണയായി. പ്രശ്നത്തിൽ കൂടുതൽ ഇടപെടലുകൾ നടത്തുന്നതിന്റ ഭാഗമായി 11 ന് വീണ്ടും നേരിട്ട് ഇവരുമായി കൂടിക്കാഴ്ച നടത്തുമെന്നും കമീഷൻ വ്യക്തമാക്കി. വനിത കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജിയും സിറ്റിങ്ങിൽ പങ്കെടുത്തു.  
 
ജീവനാംശകേസിൽ 
സ്ത്രീക്ക് നിയമസഹായം
ജീവനാംശം  നൽകണമെന്ന കമീഷന്റെ നിർദേശം സ്വീകരിക്കാത്ത വ്യക്തിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാൻ പരാതിക്കാരിയെ വനിതാകമീഷൻ സഹായിക്കും. ഇതിനായി അപേക്ഷ സമർപ്പിക്കാൻ യുവതിയോട് കമീഷൻ ആവശ്യപ്പെട്ടു. നാല് കുട്ടികളുള്ള സ്ത്രീക്ക് കമീഷൻ നിർദേശിച്ച തുക നൽകാൻ സാധിക്കില്ലെന്ന നിലപാടാണ് ഭർത്താവ് സ്വീകരിച്ചത്. 
 
തൊഴിലുടമ നേരിട്ട് 
ഹാജരാവാൻ നിർദേശം
തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികൾ തൊഴിലുടമയിൽ നിന്നും കടുത്ത ചൂഷണത്തിനു വിധേയമാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വനിതാകമീഷൻ അറിയിച്ചു. കമീഷന്റെ സിറ്റിങ്ങിൽ  തോട്ടമുടമ 1.29 ലക്ഷം രൂപയോളം ഗ്രാറ്റിവിറ്റി നൽകാതെ കബളിപ്പിച്ചതായി ഒരു സ്ത്രീ പരാതി നൽകിയിരുന്നു.   എന്നാൽ കേസിൽ കക്ഷി ചേർക്കപ്പെട്ട തോട്ടമുടമ ഹാജരായില്ല. പകരം  പ്രതിനിധികളെ അദാലത്തിലയക്കുകയായിരുന്നു. ഇത് അംഗീകരക്കാനാവില്ലെന്നും കമീഷനെതിരെയുള്ള നിഷേധാത്മക നിലപാടാണിതെന്നും കമീഷൻ നിരീക്ഷിച്ചു. ഇത്തരക്കാരോട് വിശദീകരണം ആവശ്യപ്പെടും.  
 
സൈബർ, പോക്സോ നിയമ ബോധവൽക്കരണം: 13ന് സെമിനാർ
സ്ത്രീകൾക്കെതിരെ വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളെ നേരിടാനും പോക്സോ കേസുകളെ കുറിച്ച് സ്ത്രീകളെ ബോധവൽക്കരിക്കാനും സംസ്ഥാന വനിതാ കമീഷൻ ജില്ലാ അടിസ്ഥാനത്തിൽ സെമിനാറുകൾ സംഘടിപ്പിക്കും. ജില്ലയിൽ  13 ന് മാനന്തവാടിയിലാണ് സെമിനാർ. കോളേജ് ക്യാമ്പസുകളിലും പഞ്ചായത്തു തലത്തിലും നിയമ ബോധവൽക്കരണം നൽകും.  സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ കടുത്ത ചൂഷണമാണ് നടക്കുന്നത്. സൈബർ അക്രമങ്ങളെ നേരിടാൻ നിയമമുണ്ടെങ്കിലും മിക്കവർക്കുമതറിയില്ല. നിയമ ബോധവൽക്കരണത്തിലൂടെ ഇതിന് മാറ്റമുണ്ടാക്കാനാകുമെന്നും കമീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു. 
 
പ്രധാന വാർത്തകൾ
Top