22 April Sunday

# ആരോഗ്യ ജാഗ്രതാ പരിപാടി തുടങ്ങി പകര്‍ച്ചവ്യാധികള്‍ തടയാന്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018


കല്‍പ്പറ്റ > പകര്‍ച്ചവ്യാധികള്‍ തടയാന്‍ വാര്‍ഡ്തലം മുതല്‍  പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ ക്യാമ്പയിനുകളും നടത്തുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ആരോഗ്യജാഗ്രതാ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യം, റവന്യു, തദ്ദേശ സ്വയംഭരണം, ജലവിഭവം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളെ ഏകോപ്പിപ്പിച്ചായിരിക്കും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മണ്ഡലം തലത്തില്‍ എംഎല്‍എമാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. അങ്കണവാടി വര്‍ക്കര്‍മാര്‍, ആശാപ്രവര്‍ത്തകര്‍, പട്ടികജാതി-വര്‍ഗ പ്രൊമോട്ടര്‍മാര്‍ എന്നിവരെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തും. കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ജാഗ്രത ശക്തമായതുകൊണ്ടാണ് ഇത്തരം രോഗങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജില്ലയില്‍ ജനുവരി മുതല്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി ആദ്യം അവലോകനം ചെയ്യും. ഡിഫ്തീരിയ പോലുള്ള പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ശക്തമായ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.
സി കെ. ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, എഡിഎം കെ എം രാജു, ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ടി എന്‍ സാജന്‍, ദേശീയ ആരോഗ്യമിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. നിത വിജയന്‍, സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ് ഡോ. എ സുകുമാരന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ജിതേഷ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. പി ജയേഷ് എന്നിവര്‍ സംസാരിച്ചു.

 

പ്രധാന വാർത്തകൾ
Top