19 July Thursday

വേങ്ങരയില്‍ വജ്രസൂചി പോലെ വിഎസ്

ജോബിന്‍സ് ഐസക്Updated: Monday Oct 9, 2017

എല്‍ഡിഎഫ് പൊതുയോഗത്തിന് വേങ്ങരയിലെത്തിയ വി എസിനെ വേദിയിലേക്ക് ആനയിക്കുന്നു

വേങ്ങര > 'മലപോലെ വന്ന അമിത് ഷാ എലിപോലെ ഓടിപ്പോയത് കണ്ടില്ലേ? എന്തേ അമിത് ഷാ ഓടിപ്പോയി?  ഒറ്റദിവസംകൊണ്ടുതന്നെ ടിയാന് മനസ്സിലായി ഇവിടെ ക്ളച്ചു പിടിക്കാന്‍ പോകുന്നില്ലാ എന്ന്, എന്ന്്' സദസ്സിന്റെ കരഘോഷത്തിനിടെ വി  എസ് കത്തിക്കയറുകയാണ്. വേങ്ങരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീറിന്റെ വിജയത്തിനായി സംഘടിപ്പിച്ച പൊതുയോഗമാണ് വേദി. 'നിങ്ങളുടെ അസഹിഷ്ണുതയും, അസംബന്ധവും ഒന്നും കേരളത്തില്‍ ചെലവാകാന്‍ പോകുന്നില്ല. അതുകൊണ്ട് ബിജെപിക്കാര്‍ വെറുതെ വെയിലുകൊണ്ട്  ഉണങ്ങണമെന്നില്ല.'  മെഷീന്‍ ഗണ്ണുമായി ജാഥനടത്തുന്ന അമിത് ഷായ്ക്കും കുമ്മനംജീയ്ക്കും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ താക്കീതായി ആ വാക്കുകള്‍. ആശയവും രാഷ്ട്രീയവും വ്യക്തം. വി എസിന്റെ ശൈലിയില്‍തന്നെ പറഞ്ഞാല്‍ 'കിറുകൃത്യം'. 

മഹാന്മാരായ ഇ എം എസും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും നേതൃത്വം നല്‍കിയ സാമ്രാജ്യത്വവിരുദ്ധ ദേശീയപ്രസ്ഥാനത്തിന്റെ പൈതൃകമുള്ള മണ്ണ് പുന്നപ്ര വയലാര്‍  സമരനായകനെ ആവേശത്തോടെ ചെവിയോര്‍ത്തു. ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലെ നന്മനിറഞ്ഞ മൂല്യങ്ങള്‍ സംരക്ഷിക്കാനുളളതാണ്.  ജനാധിപത്യവും, മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. കുഞ്ഞാലിക്കുട്ടിക്ക് താല്‍പ്പര്യമില്ലാത്ത സ്ഥാനാര്‍ഥിയായിട്ടും, നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ 'റോഡ് ഷോ' നടത്തേണ്ട ഗതികേടും വി എസ് വിവരിച്ചു. എന്നാല്‍, ഒറിജിനല്‍ ലീഗിനുവേണ്ടിയാണോ ഡ്യൂപ്ളിക്കേറ്റിനുവേണ്ടിയാണോ ഈ ഷോയെന്ന വി എസിന്റെ ചോദ്യത്തിന് വീണ്ടും കൈയടി. 

വജ്രസൂചിപോലുള്ള വാക്കുകളിലെ രാഷ്ട്രീയ വിമര്‍ശത്തില്‍ സംഘപരിവാറിന്റെ ഹിംസാത്മകതയും, അതിനോട് ഒട്ടിനില്‍ക്കുന്ന യുഡിഎഫിന്റെ അവസരവാദവും വിറകൊണ്ടു. പരിഹാസത്തിന്റെ നെരിപ്പോടില്‍ എതിര്‍ചേരിയെ പൊരിക്കുമ്പോഴും എല്‍ഡിഎഫിന്റെ രാഷ്ട്രീയ സമരത്തിന്റെ പ്രാധാന്യം കൃത്യമായി ഓര്‍മിപ്പിച്ചു വി എസ്. മതന്യൂനപക്ഷങ്ങളെയും ദളിതുകളെയും വേട്ടയാടുന്ന ആര്‍എസ്എസിന്റെ അക്രമണോത്സുകത നാടിനേല്‍പ്പിക്കുന്ന ആഘാതം ഏഴുപതിറ്റാണ്ടുനീണ്ട രാഷ്ട്രീയ പോരാട്ടത്തിന്റെ അനുഭവപാഠങ്ങളുടെ കരുത്തില്‍ വിശദീകരിച്ചു. രാജ്യത്തെ മതനിരപേക്ഷ പ്രസ്ഥാനത്തെയും ജനകീയ എല്‍ഡിഎഫ് സര്‍ക്കാരിനെയും കാക്കാന്‍ ആഹ്വാനംചെയ്യുന്ന വാക്കുകള്‍ക്ക് നീണ്ട കരഘോഷങ്ങളുടെ അകമ്പടി.

വി എസ് സംസാരിച്ചുതുടങ്ങിയാല്‍ കാണികളുടെ മുഖത്തറിയാം വാക്കുകളുടെ ആ കുട്ടനാടന്‍ പഞ്ചിന്റെ മൊഞ്ച്. ചരിത്ര മുന്നേറ്റത്തിലേക്ക് ചുവടുവയ്ക്കുന്ന ഇടതുപക്ഷത്തിന്റെ സേനാനിക്ക് കരുത്തും പോരാട്ട വീറും ആവേശവും പകരുന്നതായി ആ വാക്കുകള്‍. 'പഴയ ഒരു സഖ്യമുണ്ടല്ലോ.  കോ-ലീ-ബി,          കോ-ലീ-ബി. അത് ഇപ്പോള്‍ ഇവിടെയും അലയടിക്കുന്നുണ്ട്. ഇത് തികട്ടി തികട്ടി വന്നതുകൊണ്ടല്ലേ കുഞ്ഞാലിക്കുട്ടിയും, ആ വഹാബും ഉപരാഷ്ട്രപതി   തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നത്.

സംഘപരിവാറിന് വളമാകുമെന്നറിഞ്ഞിട്ടും ഇടതുപക്ഷത്തിനെതിരെ ദുഷ്പ്രചാരണം പതിവാക്കിയ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും വാദങ്ങളിലെ യുക്തിരാഹിത്യം പൊളിച്ചടുക്കി വി  എസ്. ബിജെപിയുടെ പാര്‍ടി ഫണ്ട് ഉദ്ഘാടനംചെയ്ത വനിതാ നേതാവിനെ വേങ്ങരയില്‍ വോട്ടു പിടിക്കാനിറക്കിയതും, വള്ളിക്കുന്ന് പഞ്ചായത്തില്‍ ഇപ്പോഴും 'ജോര്‍ ജോര്‍' ആയി  തുടരുന്ന കോലീബി സഖ്യവും കോഴിക്കോട് ലീഗ് ഓഫീസില്‍ ആര്‍എസ്എസുകാര്‍ക്ക് നല്‍കിയ സല്‍ക്കാരവും ഒക്കെ വി എസ് എണ്ണിയെണ്ണി പറഞ്ഞു. പഴയ കോലീബി സഖ്യം ഓര്‍മപ്പെടുത്തിയായിരുന്നു ആക്രമണം.

 വേങ്ങര അങ്ങാടിക്കുസമീപമായിരുന്നു പൊതുയോഗം. നാലുമണിക്കേ മൈതാനും നിറഞ്ഞു. വൈകിട്ട് ആറിനാണ് വി എസ് എത്തിയത്. കവാടംമുതല്‍ ജനക്കൂട്ടത്തിന്റെ അഭിവാദ്യവും ആരവവും. അപ്പോള്‍ സംസാരിക്കുകയായിരുന്ന എ വിജയരാഘവന്റെ അഭ്യര്‍ഥനമാനിച്ച് വഴിയൊരുക്കാനായി സ്വയം അകന്നുമാറിയ ജനസാഗരത്തിനിടയിലൂടെ മുന്നോട്ട്.  വേദിയില്‍ കയറിയയുടന്‍ തിരികെ സദസ്സിനഭിമുഖമായിനിന്ന് കൈ ഉയര്‍ത്തി.  വേങ്ങരയില്‍ ചെങ്കൊടി പാറിക്കാനുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പോരാട്ടത്തിന് ആവേശവും ആത്മവിശ്വാസവും പകരുകയായിരുന്നു പിന്നെ വി എസ്. 
കേരളം എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പുതിയ ഉയരങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കയാണ്. അത് ഇനിയും അങ്ങനെതന്നെ മുന്നോട്ടുപോകുമെന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.  

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top