17 November Saturday

കിറ്റുകൾ 63,528 എണ്ണം വിതരണം ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018
തൃശൂർ
ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന‌് മടങ്ങുന്നവർക്ക‌് സൗജന്യമായി സർക്കാർ നൽകുന്ന  അവശ്യസാധനങ്ങളടങ്ങിയ കിറ്റ‌ുകൾ തയ്യാറാക്കൽ അന്തിമഘട്ടത്തിലേക്ക‌്.  തൃശൂർ വി കെ എൻ മേനോൻ ഇൻഡോർ സ‌്റ്റേഡിയത്തിലും തൃശൂർ ഗവ. എൻജിനിയറിങ‌് കോളേജിലുമായി എത്തിച്ചാണ‌്  സാധനങ്ങൾ പായ‌്ക്ക‌് ചെയ‌്ത‌് കിറ്റുകളാക്കി വിതരണം ചെയ്യുന്നത‌്. ഇതിനകം 63,528 കിറ്റുകൾ വിതരണം ചെയ‌്തു. 
പ്രളയക്കെടുതിയെത്തുടർന്ന‌് ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന‌് മടങ്ങുന്നവർക്ക‌ാണ‌്  അരിയും പലവ്യഞ്ജനങ്ങളും തുണിത്തരങ്ങളും ബക്കറ്റും സോപ്പും അടങ്ങുന്ന കിറ്റ‌് നൽകിയത‌്. ഉടുതുണിക്ക‌് മറുതുണിയില്ലാതെ സർവതും നഷ്ടപ്പെട്ട‌് ക്യാമ്പുകളിൽ കഴിയുന്നവർ വീട്ടിലെത്തിയാൽ ജീവിക്കാനാവശ്യമായ അത്യാവശ്യത്തിനുള്ള സാധനങ്ങളാണ‌് കിറ്റിലൂടെ നൽകുന്നത‌്.അരി അഞ്ച‌്കിലോ, പഞ്ചസാര അരക്കിലോ, സവാള ഒരു കിലോ, ഉരുളക്കിഴങ്ങ‌് ഒരുകിലോ, പരിപ്പ‌്, പയറ‌്, ബക്കറ്റ‌്, മഗ‌്, ടൂത്ത‌് പേസ‌്റ്റ‌്, നാല‌് ടൂത്ത‌് ബ്രഷ‌്, തുണിത്തരങ്ങൾ, ബിസ‌്കറ്റ‌് തുടങ്ങിയ 22ഇനങ്ങൾ അടങ്ങിയതാണ‌് കിറ്റ‌്.  60,000 കിറ്റുകൾ തയ്യാറാക്കാനാണ‌് നേരത്തെ തീരുമാനിച്ചിരുന്നത‌്. പിന്നീട‌് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളുടെ എണ്ണം വർധിച്ചു. ഇതനുസരിച്ച‌് കൂടുതൽ കിറ്റുകൾ തയ്യാറാക്കുന്നുണ്ട‌്. വെള്ളിയാഴ‌്ചയോടെ കിറ്റുകൾ തയ്യാറാക്കൽ പൂർത്തീകരിക്കാനാവും.   ജില്ലയിൽ 788 ക്യാമ്പുകളിലായി  2,66,581 പേരാണ് താമസിച്ചിരുന്നത്. ഇതിൽ ഭൂരിഭാഗം ക്യാമ്പുകളും ജനം ഒഴിഞ്ഞതിനാൽ നിർത്തി. ശേഷിക്കുന്ന ചില ക്യാമ്പുകൾ തുടരുന്നുണ്ട‌്. ക്യാമ്പുകളിൽ കഴിഞ്ഞില്ലെങ്കിലും  വീടുകളിൽ വെള്ളം കയറി താമസം മാറ്റിയവർക്കും കിറ്റുകൾ നൽകുമെന്ന‌് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട‌്. തൃശൂർ വി കെ മേനോൻ ഇൻഡോർ സ‌്റ്റേഡിയത്തിലും തൃശൂർ ഗവ. എൻജിനിയറിങ‌് കോളേജ‌് എന്നിവിടങ്ങളിലാണ‌് കിറ്റുകൾ തയ്യാറാക്കുന്നത‌്. 
സിപിഐ എം പ്രവർത്തകർ  ഉൾപ്പെടെ നൂറുകണക്കിന‌് സന്നദ്ധ പ്രവർത്തകരാണ‌് സാധനങ്ങൾ പാക്ക‌് ചെയ്യുന്നത‌്. ജീവനക്കാരും വിദ്യാർഥികളുമെല്ലാം ഇക്കൂട്ടത്തിലുണ്ട‌്.  23മുതലാണ‌് കിറ്റുകൾ തയ്യാറാക്കൽ ആരംഭിച്ചത‌്. 
ഇതിനകം 65,000 കിറ്റുകൾ തയ്യാറാക്കി. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന‌്  മടങ്ങുന്നവർക്കെല്ലാം കിറ്റ‌് ലഭ്യമാക്കുമെന്ന‌് ജില്ലാ പ്ലാനിങ‌് ഓഫീസർ  ഡോ. എം സുരേഷ‌് കുമാർ  പറഞ്ഞു.
പ്രധാന വാർത്തകൾ
Top