18 November Sunday
ശുചീകരണ പ്രവൃത്തി അവസാനഘട്ടത്തിൽ

1.93 ലക്ഷംപേർ വീടുകളിലേക്ക് മടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018
തൃശൂർ
സർക്കാരിന്റെയും സർക്കാരിതര സംഘടനകളുടെയും നേതൃത്വത്തിൽ വീടുകളിലും സ്ഥാപനങ്ങളിലുമായി നടക്കുന്ന ശുചീകരണ പ്രവൃത്തികൾ അവസാനഘട്ടത്തിൽ.  അടിഞ്ഞുകൂടിയ മാലിന്യം നീക്കാൻ സിപിഐ എം, ഡിവൈഎഫ്ഐ, സന്നദ്ധസംഘടനകൾ തുടങ്ങി നാടാകെ കൂട്ടമായിറങ്ങിയതിനാലാണ് ദിവസങ്ങൾക്കകം ജില്ലയിലെ വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കാനായത്. വീടുകളുടെ ശുചീകരണ പ്രവർത്തനം അന്തിമഘട്ടത്തിലായതോടെ, ഇതുവരെ വിവിധ ക്യാമ്പുകളിലായി കഴിഞ്ഞിരുന്ന 1.93 ലക്ഷംപേർ സ്വന്തം വീടുകളിലേക്ക് മടങ്ങി. 
പ്രളയത്തെത്തുടർന്ന് മാലിന്യം അടിഞ്ഞ് നാശമായ 1.08 ലക്ഷം വീടുകളിൽ 1.02 ലക്ഷം വീടുകൾ ശുചീകരിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി. മഴക്കെടുതി  ശക്തമായി ബാധിച്ച ചാലക്കുടി, മാള, ചേർപ്പ്, കൊടുങ്ങല്ലൂർ എന്നീ പ്രദേശങ്ങളിൽ ഡിവൈഎഫ്ഐയുടെ വൈറ്റ് ബ്രിഗേഡ് അംഗങ്ങൾ ചേർന്ന് ആയിരക്കണക്കിന് വീടുകളും സ്ഥാപനങ്ങളും ശുചീകരിച്ചിരുന്നു. 
945 കെട്ടിടങ്ങൾക്ക് കേടുപറ്റി. 69,225 കിണറുകൾ നാശമായി. കിണർ ശുചീകരണവും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും പുരോഗമിക്കുകയാണ്. 
പ്രളയം ബാധിച്ച 47 സ്കൂളുകളിൽ ഒന്നൊഴികെ ബാക്കിയെല്ലാം ശുചീകരിക്കാനായി.  
സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരെകൂടാതെ, ആരോഗ്യ വകുപ്പ്, ശുചിത്വമിഷൻ എന്നിവരുടെ നേതൃത്വത്തിൽ 753 സ്ക്വാഡുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശുചീകരണത്തിൽ സജീവമായി രംഗത്തിറങ്ങിയത്. ടൺകണക്കിന് മാലിന്യമാണ് എടുത്തുമാറ്റിയത്. ജൈവമാലിന്യവും ഖരമാലിന്യങ്ങളും വേർതിരിച്ച് ശേഖരിച്ച് സംസ്കരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top