Top
19
Sunday, November 2017
About UsE-Paper

കള്ളനോട്ട് കേസ്: തെളിവ് നല്‍കിയത് സിസിടിവി

Saturday Oct 28, 2017
വെബ് ഡെസ്‌ക്‌
തൃശൂര്‍ > നഗരത്തിലെ ഹോട്ടലില്‍നിന്ന് 16 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെടുത്ത കേസില്‍ പൊലീസിനു ലഭിച്ച ഏക തെളിവ് സിസിടിവി ദൃശ്യം. ഇരുനൂറോളംപേരെ ചോദ്യംചെയ്തതിനൊടുവിലാണ് പൊലീസ് മുഖ്യപ്രതിയെ പിടികൂടിയത്. 
സിസിടിവിയില്‍ ഒരാള്‍ മലയാളത്തില്‍ ഹോട്ടല്‍ ജീവനക്കാരോട് സംസാരിക്കുന്നുണ്ട്. ഇയാളെ തിരിച്ചറിയുന്നതിന് ടാക്സി,  ഓട്ടോ ഡ്രൈവര്‍മാരോട്  അന്വേഷണം നടത്തിയതില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്തുള്ള ടാക്സിയില്‍ പ്രതികളായ വിദേശികളും മലയാളിയും  അന്ന് സഞ്ചരിച്ചതായി അറിഞ്ഞു. കൊടുങ്ങല്ലൂര്‍ ഭാഗത്തേക്കാണ് അന്ന് രാത്രി വാടക പോയതെന്നും ഡ്രൈവര്‍ പറഞ്ഞു. രാത്രിയായതിനാല്‍ പോയവഴികള്‍ ഓര്‍മയില്ലെന്നും അന്നുതന്നെ വാടകക്കാരേയുംകൊണ്ട് തൃശൂരില്‍ തിരിച്ചെത്തിയെന്നും ഡ്രൈവര്‍ പറഞ്ഞു. പിന്നീട് ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. മുമ്പ് കള്ളനോട്ട് കേസുകളില്‍പ്പെട്ടിട്ടുള്ളവരേയും ചോദ്യംചെയ്തു. തുടര്‍ന്നാണ് മുഖ്യപ്രതി അശോകന്‍ പിടിയിലായത്.  
അശോകന്‍ 36 വര്‍ഷമായി ഗള്‍ഫില്‍ എസി മെക്കാനിക്കായി ജോലി ചെയ്തിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്യവേ കഴിഞ്ഞവര്‍ഷം നിരോധിത മദ്യം വിറ്റതിന് മസ്കത്ത് പൊലീസ് അറസ്റ്റ്ചെയ്തു. ആറുമാസത്തോളം ഗള്‍ഫില്‍ ജയില്‍ശിക്ഷയും അനുഭവിച്ചു. കൂടെ ജയിലില്‍ കിടന്നിരുന്നത് ഗള്‍ഫില്‍ എടിഎം തട്ടിപ്പില്‍ പിടിയിലായ കാമറൂണ്‍ സ്വദേശികളായിരുന്നു. ഇവരുമായി പരിചയത്തിലായി. ജയിലില്‍വച്ച് കള്ളനോട്ടടിയുടെ ബിസിനസിനെക്കുറിച്ച് ചര്‍ച്ചചെയ്തു. ഗള്‍ഫില്‍നിന്ന് വിസ ക്യാന്‍സലായി നാട്ടിലെത്തിയശേഷം സാമ്പത്തിക നഷ്ടങ്ങള്‍ മറികടക്കാന്‍ വിദേശികളുമായി ചേര്‍ന്ന് കള്ളനോട്ട് അച്ചടി പദ്ധതിയിടുകയായിരുന്നു.
തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തില്‍ എസിപി പി വാഹിദിന്റെ നിര്‍ദേശാനുസരണം ഈസ്റ്റ് സിഐ കെ സി സേതു, എസ്ഐ ജിജോ, ഷാഡോ എസ്ഐ വി കെ അന്‍സാര്‍ എഎസ്ഐമാരായ പി എം റാഫി, എന്‍ ജി സുവ്രതകുമാര്‍, സിസിപിഒ കെ ഗോപാലകൃഷ്ണന്‍, സിപിഒമാരായ ടി വി ജീവന്‍, പി കെ പഴനിസ്വാമി, എം എസ് ലിഗേഷ്, കെ ബി വിപിന്‍ദാസ്, ഈസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ അനില്‍കുമാര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ്ചെയ്തത്.