19 September Wednesday

മക്കളേ ‘ഇതാണ് മനുഷ്യത്വം, മഹത്വവും’

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

സാമൂഹ്യനീതി വകുപ്പിന് കീഴിലെ വൃദ്ധമന്ദിരത്തിലെ അന്തേവാസികൾ പ്രളയദുരിതാശ്വാസഫണ്ടിലേക്ക് നൽകിയതുക മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ ഏറ്റുവാങ്ങുന്നു

 

തൃശൂർ
ഉറ്റവരും ഉടയവരും ഉണ്ടായിട്ടും ജീവിതത്തിന്റെ അവസാനകാലം അനാഥത്വത്തിന്റെ വരണ്ട ആകാശത്തിന് കീഴെ, വൃദ്ധമന്ദിരത്തിന്റെ നാലു ചുവരുകൾക്കുളളിൽ കഴിച്ചു കൂട്ടേണ്ടി വരുന്നതിന്റെ സങ്കടങ്ങളെക്കാൾ വലുതായിരുന്നു ഇവർക്ക് ജലം കൊണ്ട് മുറിവേറ്റ സഹജീവികളുടെ വേദന. ആ വേദനയിൽ നിന്നാണ് പ്രളയബാധിതർക്ക് ആവുംവിധം കൈത്താങ്ങാവണമെന്ന് ഈ അമ്മമാരും അച്ഛൻമാരും തീരുമാനിച്ചത്. ഇവർ തൃശൂർ സാമൂഹ്യനീതി വകുപ്പിന് കീഴിലെ വൃദ്ധമന്ദിരത്തിലെ സ്ഥിരതാമസക്കാർ.   വിശ്രമകേന്ദ്രത്തിൽ നേമ്പോക്കിനായി ഇവരുണ്ടാകുന്ന അച്ചാറും ചവുട്ടിയും മറ്റും വിറ്റ് കിട്ടിയ പൈസ സ്വരൂപിച്ച് 40000 രൂപയാണ് പ്രളയദുരിതാശ്വാസഫണ്ടിലേക്ക് ഈ വൃദ്ധജനങ്ങൾ സംഭാവന നൽകിയത്. 
 മന്ത്രി അഡ്വ. വി എസ് സുനിൽകുമാറിന്റെ പക്കൽ ഈ തുക കൈമാറി.   ഈ തുക ഏറ്റു വാങ്ങിയപ്പോൾ തന്റെ കണ്ണ് നിറഞ്ഞ് പോയി എന്നും   മന്ത്രി വി എസ് സുനിൽകുമാർ  പറഞ്ഞു.  ‘ഇതാണ് മനുഷ്യത്വം. ഇതാണ് ഏറ്റവും വലിയ മഹത്വം.  വാക്കുകൾ കൊണ്ട് വിശദീകരിക്കാനാകില്ലെങ്കിലും സംസ്ഥാന സർക്കാരിന്റെ ഹൃദയം നിറഞ്ഞ നന്ദി’. മന്ത്രി  പറഞ്ഞു. ദുരിതാശ്വാസത്തിന്റെ പേരിൽ നാടിന്റെ നാനാഭാഗത്ത് നിന്നും നിരവധി സഹായങ്ങൾ ലഭിക്കുമ്പോഴും വൃദ്ധമന്ദിരത്തിലെ  അമ്മമാരുടെയും അച്ഛൻമാരുടെയും എളിയ സഹായത്തിന് തിളക്കമേറുന്നു. കാരണം. ഉപേക്ഷിക്കപ്പെട്ടവരുടെ കണ്ണീരിന്റെ തിളക്കമുണ്ടതിൽ.
പ്രധാന വാർത്തകൾ
Top