24 September Monday
ദുരിതാശ്വാസ ക്യാമ്പ്

അതിജീവനത്തിന്റെ ഓണത്തിന് നാടൊന്നായി

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018
തൃശൂർ
പ്രളയ ദുരന്തത്തെ തുടർന്ന് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ പതിനായിരങ്ങൾക്ക് ഓണസദ്യയൊരുക്കി അതിജീവനത്തിന്റെ ഓണം അവിസ്മരണീയമാക്കി. തദ്ദേശ സ്ഥാപനങ്ങളും നാട്ടുകാരും സന്നദ്ധ സംഘടനകളും മുൻകൈ എടുത്ത് 
ഓണസദ്യയൊരുക്കിയപ്പോൾ അന്തേവാസികൾക്ക് കരുത്തും ഐക്യദാർഢ്യവും പകരാൻ മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും കലാകാരന്മാരുമെത്തി. മന്ത്രിമാരും ജനപ്രതിനിധികളും നേതാക്കളും ക്യാമ്പ് അന്തേവാസികൾക്ക് ഭക്ഷണം വിളമ്പി അവരോടൊത്ത് സദ്യയുണ്ടത് അവർക്ക്  ആത്മവിശ്വാസം പകർന്നു. 
തിരുവോണ നാൾ മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥും വി എസ് സുനിൽകുമാറും ക്യാമ്പുകളിൽ ഭക്ഷണം വിളമ്പി അന്തോവാസികൾക്കൊപ്പും ഓണസ്യയുണ്ടു.  മന്ത്രി സി രവീന്ദ്രനാഥ് ആറാട്ടുപുഴ ക്ഷേത്രത്തോടനുബന്ധിച്ച ക്യാമ്പിലും ആറാട്ടുപുഴ കോളനി ക്യാമ്പിലുമാണ് സന്ദർശിച്ചത്. മന്ത്രി വി എസ് സുനിൽകുമാർ അന്തിക്കാട് പുത്തൻപീടിക സൊസൈറ്റി ഹാളിലെ ക്യമ്പിലാണ് ഭക്ഷണം കഴിച്ചത്. മന്ത്രി എ സി മൊയ്തീൻ തിരുവോണനാൾ എറണാകുളത്തെ ക്യമ്പുകളിലായിരുന്നു. നടൻ മമ്മൂട്ടി  കൊടുങ്ങല്ലൂർ കോട്ടപ്പുറം സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പും മാള മടത്തുംപടി പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ച് അന്തേവാസികൾക്ക് ആത്മവിശ്വാസം പകർന്നു.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ വിവിധ ക്യമ്പുകൾ സന്ദർശിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് നെടുപുഴ പോളിടെക്നിക്കിലെ ദുരിതാശ്വാസ ക്യമ്പിൽ ഭക്ഷണം കഴിച്ചു.  പി കെ ബിജു എംപി വടക്കാഞ്ചേരി കുറാഞ്ചേരിയിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ വീടുകളും പരിക്കുകളോടെ രക്ഷപ്പെട്ടവരുടെ വീടുകളും സന്ദർശിച്ചു.  മേയർ അജിത ജയരാജനും കെ രാജൻ എംഎൽഎയും  നെടുപുഴ ക്യമ്പിലെത്തി ഭക്ഷണം കഴിച്ചു. മണലൂർ സെന്റ് തെരേസാസ് യുപി സ്കൂളിലെ ഓണസദ്യയിൽ സി എൻ ജയദേവൻ എംപി പങ്കെടുത്തു. ഒരുമനയൂർ നാഷണൽ ഹുദാ സ്കൂളിലെ ക്യമ്പിൽ കെ വി അബ്ദുൾഖാദർ എംഎൽഎ അന്തേവാസികൾക്കൊപ്പം ഓണസദ്യയിൽ പങ്കെടുത്തു. ബി ഡി ദേവസി എംഎൽഎ പരിയാരം സെന്റ് മേരീസ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യമ്പിൽ ഓണസദ്യയിൽ പങ്കെടുത്തു.  തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയ പാർടി നേതാക്കൾ, സന്നദ്ധപ്രവർത്തകർ,  തുടങ്ങിയവരും മന്ത്രിമാർക്കൊപ്പം ഭക്ഷണം കഴിച്ചു. ആറാട്ടുപുഴയിലെ ക്യമ്പിൽ മേളവിദ്വാൻ പെരുവനം കുട്ടൻമാരാർ എത്തി. ക്യമ്പുകളിലുള്ളവർക്ക് മന്ത്രിമാരും നേതാക്കളും ആത്മവിശ്വാസം പകർന്നു. സർക്കാർ പ്രഖ്യാപിച്ച സഹായങ്ങളെല്ലാം ലഭ്യമാക്കുമെന്നും ഉറപ്പു നൽകി. 
ദുരിതാശ്വാസ ക്യമ്പുകളിൽ സദ്യക്കുശേഷം വിവിധ കലാപരിപാടികളും നടത്തി. ഓണക്കളി, നാടൻപാട്ട്, വാദ്യഘേഷം തുടങ്ങിയവ അരങ്ങേറിയപ്പോൾ കുട്ടികളും സ‌്ത്രീകളുമടക്കമുള്ളവർ പ്രളയക്കെടുതിയിലെ തീരാനൊമ്പരങ്ങൾ മറന്നു. ഏങ്ങണ്ടിയൂർ സെന്റ്  തോമസ് സ്കൂളിലെ ക്യാമ്പിൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്യ പങ്കടുത്തു.  നൂറുകണക്കിന് വീട്ടുകാരും വീടുകളിൽ ഒരുക്കിയ സദ്യയും മറ്റു വിഭങ്ങളും ദുരിതാശ്വാസ ക്യമ്പുളിൽ എത്തിച്ചു. അതിജീവനത്തിന്റെ നാളുകളിൽ ജാതിമത ഭേദമെന്യെ നാം ഒന്നാണെന്ന ഓണസന്ദേശമാണ്  അലയടിച്ചത്. 
സിപിഐ എം ആഭിമുഖ്യത്തിൽ പ്രവർത്തകർ ക്യാമ്പുകൾ ആരംഭിച്ച മുതൽ തന്നെ അന്തോവാസികൾക്കൊപ്പമുണ്ടായി. നൂറുകണക്കിന് ഡിവൈഎഫ്ഐ പ്രവർത്തകരും വർഗബഹുജന സംഘടനാ പ്രവർത്തകരും കർമനിരതരാണ്. ടൺകണക്കിന് ഭഷ്യസാധനങ്ങളാണ് പാർടിയുടെ ആഭിമുഖ്യത്തിൽ ക്യമ്പുകളിലെത്തിച്ചത്. ഇപ്പോഴും ജില്ലയിൽ  415  ക്യാമ്പുകളിൽ 36070 കുടുംബങ്ങളിലായി 1,31,717 പേരാണ് കഴിയുന്നതെന്നാണ് കണക്ക്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top