24 September Monday

ജലസാക്ഷരതയ്‌ക്ക്‌ സ്കൂളുകളിൽ ബ്ലൂ ആർമി

സ്വന്തം ലേഖകൻUpdated: Wednesday Jul 25, 2018
തൃശൂർ
ജലസാക്ഷരത വിദ്യാർഥികളിൽ ഊട്ടിയുറപ്പിച്ച് ജല വിനിയോഗ സംരക്ഷണ സംസ്കാരം വളർത്തിയെടുക്കുന്നതിനായി  വരുന്നു ബ്ലൂ ആർമി. ജില്ലയിൽ നടപ്പാക്കുന്ന  ജലരക്ഷ, ജീവരക്ഷ   പദ്ധതിയിൽ വിദ്യാർഥികളെ കണ്ണികളാക്കുന്നതിനായാണ് ബ്ലൂ ആർമി രൂപീകരിക്കുന്നത്. ജലസാക്ഷരതാ സന്ദേശങ്ങൾ ആദ്യം വിദ്യാർഥികൾ ഏറ്റെടുക്കും. തുടർന്ന് പൊതുജനങ്ങളിലും എത്തിക്കും. ശുദ്ധജല ലഭ്യത ഉറപ്പുവരുത്തി ജലജന്യരോഗങ്ങളിൽനിന്നും സമൂഹത്തെ രക്ഷിക്കുകയാണ് മുഖ്യലക്ഷ്യം. 
ജില്ലയിലെ സിബിഎസ്ഇ ഉൾപ്പെടെ എല്ലാ സ്കൂളുകളിലേയും  ഒന്നാംക്ലാസ് മുതൽ 12﹣ാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും കോളേജുകളിലും  ജലക്ലബ്ബുകൾ രൂപീകരണം തുടങ്ങി. ഈ ക്ലബ്ബുകൾ ബ്ലൂ ആർമി യൂണിറ്റാക്കിമാറ്റും. സ്കൂൾതല ജലരക്ഷാ സമിതി,  ജില്ലാതല  ബ്ലൂ ആർമി, ഉന്നതാധികാര സമിതി  എന്നിങ്ങനെ മൂന്ന് തലങ്ങളിൽ സംവിധാനങ്ങളുണ്ടാവും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാദേശിക കമ്മിറ്റികളുണ്ടാവും.  എൻസിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ‌് ഗൈഡ്സ്,  സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്, സഹോദയ  എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തനം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങളുടെ അവലോകനം, ഏകോപനം എന്നിവ  നടക്കും. 
ക്ലാസ്തലങ്ങളിലും സ്കൂൾ തലങ്ങളിലും ബോധവൽക്കരണത്തിന്റെ ഭാഗമായി കലാ അവതരണങ്ങൾ സംഘടിപ്പിക്കും. മഴ, പുഴ, വനം, പരിസ്ഥിതി, ജൈവകൃഷി, ശുചിത്വം, മഴവെള്ളക്കൊയ്ത്ത്, ജലപരിശോധന, ജലജന്യരോഗങ്ങൾ, നിർജലീകരണപ്രശ്നങ്ങൾ, ജലബജറ്റ് തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.  സ്കൂളിലും പരിസരങ്ങളിലും ജലസംരക്ഷണപ്രവർത്തനങ്ങൾ ഏറ്റെടുക്കും. മഴക്കുഴികളുടെ നിർമാണം, സ്കൂൾ മഴവെള്ള സംഭരണികൾ,  കിണർ റീച്ചാർജിങ്  എന്നിവയും ഏറ്റെടുക്കും. പരിസ്ഥിതി സംരക്ഷണപ്രവൃത്തികൾ, ശുചിത്വപ്രവർത്തനങ്ങൾ, ജലശുദ്ധി പരിശോധന, ഹരിതചട്ടം എന്നിവയെക്കുറിച്ച് പ്രചാരണം നടത്തും. ദിനാചരണങ്ങളും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ജില്ലയിൽ 18 ബിആർസികളിൽനിന്നും  തെരഞ്ഞെടുക്കപ്പെട്ട   അധ്യാപകർക്കുള്ള  പരിശീലനം ബുധനാഴ്ച കിലയിൽ നടക്കും. തുടർന്ന് ഈ അധ്യാപകർ സ്കൂളുകളിൽ പരിശീലനം നൽകും.  
സമഗ്രമായ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ ജില്ലയിൽ കാർഷികാവശ്യത്തിനുള്ള വെള്ളവും  കുടിവെള്ളലഭ്യയും ഉറപ്പുവരുത്തുന്നതിനാണ് ജലരക്ഷ, ജീവവരക്ഷ പദ്ധതി ജില്ലയിൽ നടപ്പാക്കുന്നതെന്ന് നോഡൽ ഓഫീസറും ജില്ലാ മണ്ണുസംരക്ഷണ ഓഫീസറുമായ പി ഡി സിന്ധു പറഞ്ഞു. ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ജില്ലാ പദ്ധതിക്ക് സംസ്ഥാന വികസന  കൗൺസിലിന്റെ അംഗീകാരം ലഭിച്ചു. വിവിധ വകുപ്പുകളും ഏജൻസികളും നടപ്പാക്കുന്ന പദ്ധതികൾ  സംയോജിപ്പിച്ച് . ജില്ലയിൽ 557.28 കോടിയുടെ പ്രവൃത്തികളാണ് നടപ്പാക്കുന്നത്.  ഇതിൽ വിദ്യാർഥി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണ് ബ്ലൂ ആർമി ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top