Top
18
Monday, December 2017
About UsE-Paper
# കോഫീ ബോര്‍ഡ്

വര്‍ക്കേഴ്സ് സഹ. സംഘം മുന്‍ ഭരണസമിതിയംഗങ്ങള്‍ അഡ്മിനിസ്ട്രേറ്ററെ തടഞ്ഞു

Friday Apr 21, 2017
വെബ് ഡെസ്‌ക്‌
# ഇന്ത്യന്‍ കോഫീ ബോര്‍ഡ് വര്‍ക്കേഴ്സ് സഹകരണ സംഘം അഡ്മിനിസ്ട്രേറ്റര്‍ എസ് ബിന്ദു വ്യാഴാഴ്ച ഓഫീസിനുമുന്നില്‍ കുത്തിയിരുന്നപ്പോള്‍

 

* സ്വന്തം ലേഖകന്‍
തൃശൂര്‍ > ഇന്ത്യന്‍ കോഫീ ബോര്‍ഡ് വര്‍ക്കേഴ്സ് സഹകരണ സംഘം അഡ്മിനിസ്ട്രേറ്റര്‍ എസ് ബിന്ദുവിനെ മുന്‍ പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെടെ ആറുപേര്‍ ചേര്‍ന്ന് ഹെഡോഫീസിനുമുന്നില്‍ തടഞ്ഞു. മുന്‍ ഭരണസമിതി നല്‍കിയ സ്റ്റേ ആവശ്യം നിരസിച്ച ഹൈക്കോടതി, അഡ്മിനിസ്ട്രേറ്ററോട് ശമ്പള വിതരണവും മറ്റും നിര്‍വഹിക്കാന്‍ ഉത്തരവിട്ടിട്ടും മുന്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം തുടര്‍പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണ്. ഓഫീസിലെ ചെക്ക്ബുക്കുകളില്‍ ഒപ്പിട്ടുവയ്ക്കുക, രേഖകള്‍ കടത്തുകയും നശിപ്പിക്കുകയും ചെയ്യുക, ജീവനക്കാരെ ഭീഷണിപ്പെടുത്തുക തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ ഇപ്പോഴും ചെയ്യുന്നത്. 
അതതിടങ്ങളിലെ കോഫീഹൌസുകളില്‍ ജോലിയില്‍ പ്രവേശിക്കാതെ, ജീവനക്കാരേയും അഡ്മിനിസ്ട്രേറ്ററെയും മുന്‍ ഭരണക്കാര്‍ ഭീഷണിപ്പെടുത്തുകയും ഗുണ്ടാപ്രവര്‍ത്തനം നടത്തുകയും ചെയ്തതിനെത്തുടര്‍ന്ന് വ്യാഴാഴ്ച ഓഫീസിനുമുന്നില്‍ അഡ്മിനിസ്ട്രേറ്റര്‍ കുത്തിയിരുന്നു. പൊലീസിന് പരാതി നല്‍കിയശേഷമാണ് പകല്‍ പതിനൊന്നോടെ അഡ്മിനിസ്ട്രേറ്റര്‍ ഓഫീസില്‍നിന്ന് മടങ്ങിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മുന്‍ ഭരണക്കാര്‍ അവഹേളിച്ചെന്നും ബിന്ദു പരാതിയില്‍ പറയുന്നു. 
തന്റെ ഉത്തരവുകളും നിര്‍ദേശങ്ങളും അനുസരിക്കാത്തതിനാലും ജോലിക്ക് തടസം വരുത്തിയതിനുമാണ് അഡ്മിനിസ്ട്രേറ്റര്‍ പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. കോഫീ ഹൌസ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ അഡ്മിനിസ്ട്രേറ്ററെ  ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ഓഫീസിലെ ജോലികള്‍ രണ്ടുദിവസമായി പുരോഗമിച്ചുവരികയായിരുന്നു. 
ഇതിനിടെ, കോഫീഹൌസുകളില്‍നിന്ന് രണ്ടുലക്ഷം രൂപയോളം പണപ്പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട് മിഷന്‍ ആശുപത്രിയിലെ കോഫീഹൌസ് ചാര്‍ജ് മാനേജര്‍ സുബ്രഹ്മണ്യന്‍, സംഘം മുന്‍ ഭരണസമിതി സെക്രട്ടറി കെ കെ അനില്‍, പ്രസിഡന്റ് ജോജി എന്നിവരേയും ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിന് സി ഡി സുരേഷ്, രഘു, ഷിബു തുടങ്ങി ആറുപേരേയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, ഈ സംഘം വീണ്ടും കുഴപ്പങ്ങള്‍ ഉണ്ടാക്കിയതിനെത്തുടര്‍ന്നാണ് അഡ്മിനിസ്ട്രേറ്റര്‍ പൊലീസിന് പരാതി നല്‍കിയത്. 
ഫെബ്രുവരി 26നാണ് കോഫീബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ ചില ജീവനക്കാര്‍, ഓഫീസിലേക്ക് അഡ്മിനിസ്ട്രേറ്ററെ പ്രവേശിപ്പിക്കാതെ ഒരു മാസത്തിലേറെ ഗുണ്ടാസമരം നടത്തിയിരുന്നു. കോടതി ഉത്തരവ് വന്നതോടെ, മറ്റു ജീവനക്കാരെല്ലാം സമരം അവസാനിപ്പിച്ച് അതത് ഓഫീസുകളിലേക്ക് മടങ്ങി. എന്നാല്‍, തുടരന്വേഷണത്തില്‍ അഴിമതിയും തട്ടിപ്പും വെട്ടിപ്പും ഉള്‍പ്പെടെയുള്ള കേസുകളില്‍ കുരുങ്ങുമെന്ന ഭയത്തെത്തുടര്‍ന്ന്  മുന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ അഡ്മിനിസ്ട്രേറ്ററുടെ പ്രവര്‍ത്തനം തടയുകയാണ്.