Top
20
Wednesday, September 2017
About UsE-Paper
അഞ്ചെണ്ണം ആഗസ്ത് 15നകം നവീകരിക്കും

ജില്ലയില്‍ 18 ആരോഗ്യകേന്ദ്രങ്ങളുടെ മുഖംമാറും

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌

 തൃശൂര്‍ > ആരോഗ്യരംഗത്ത് സമഗ്രമാറ്റം വരുത്തുന്ന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 18 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ നവീകരിക്കും. ഇതില്‍ അഞ്ചെണ്ണം ആഗസ്തിനകം നവീകരണം പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ എ കൌശികന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആര്‍ദ്രം അവലോകനയോഗം തീരുമാനിച്ചു. ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ വഴി 13.5 ലക്ഷം രൂപ വീതം ചെലവാക്കിയാണ് ഓരോ ആശുപത്രിയിലും ചികിത്സാ സൌകര്യം വര്‍ധിപ്പിക്കുന്നത്. 

രജിസ്ട്രേഷന്‍ കൌണ്ടര്‍, ഒ പി വിഭാഗം, ഡോക്ടേഴ്സ് ക്യാബിന്‍, പരിശോധനാ മേശ എന്നിവ നവീകരിക്കും. രോഗികളെ  പരിശോധിക്കാനുള്ള നിരീക്ഷണമുറി, ഫാര്‍മസി, എസി മരുന്ന് സ്റ്റോര്‍ റും, ലാബ് എന്നിവയും നവീകരിക്കും. ഇവ ഇല്ലാത്തിടത്ത് പുതിയത്  നിര്‍മിക്കും. കെട്ടിടം പെയിന്റ് ചെയ്ത് മനോഹരമാക്കാനും പദ്ധതിയുണ്ട്.
ജില്ലയില്‍ 18 പിഎച്ച്സികള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതില്‍ ഒമ്പതെണ്ണം ആദ്യംഘട്ടം നവീകരിക്കാനാണ് തീരുമാനം. മുണ്ടൂര്‍, മണലൂര്‍, തെക്കുംകര, ദേശമംഗലം, പൊയ്യ, പൂമംഗലം, പുത്തൂര്‍, പാറളം, വേലൂര്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ നവീകരിക്കുക. ഇതില്‍  അഞ്ചെണ്ണമെങ്കിലും ആഗസ്ത് 15നകം നവീകരിക്കാനാണ് തീരുമാനമെന്ന് എന്‍ആര്‍എച്ച്എം ജില്ലാ മാനേജര്‍ ഡോ. ടി വി സതീശന്‍ പറഞ്ഞു. വില്‍വട്ടം, നെന്മണിക്കര,  വെങ്കിടങ്ങ് (പാടൂര്‍),  കൂളിമുട്ടം, പുന്നയൂര്‍, പരിയാരം, തളിക്കുളം, എളനാട്, കാറളം എന്നിവ തുടര്‍ന്ന് നവീകരിക്കും.  
ആദ്യഘട്ടത്തില്‍ അഞ്ച് ആരോഗ്യകേന്ദ്രങ്ങളുടെ നിര്‍മാണം നിര്‍മിതിക്കും നാലെണ്ണം കോസ്റ്റ്ഫോര്‍ഡുമാണ് നിര്‍വഹിക്കുക. ഭരണാനുമതി പിഡബ്ള്യുഡിവഴി നല്‍കുന്നതിന് പകരം നേരിട്ട് കലക്ടര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കി നിര്‍മാണം വേഗത്തിലാക്കാനാണ് തീരുമാനം. വിശദമായ പദ്ധതിയുടെ പ്രോജക്ട് നല്‍കുന്നതോടെ സാങ്കേതികാനുമതിയും നല്‍കും. തുടര്‍ന്ന്  നിര്‍മാണം തുടങ്ങും.  
വിശ്രമകേന്ദ്രത്തില്‍ നല്ല കമ്പനിയുടെ ചെയറുകളാണ് സ്ഥാപിക്കുക.  ആവശ്യമെങ്കില്‍ രോഗികള്‍ക്ക് കിടക്കാന്‍ കഴിയുന്നവിധം മൂന്നുചെയറുകള്‍ ഒന്നിച്ചുള്ള കസേരയാണ് സ്ഥാപിക്കുക. കുടിവെള്ളം ലഭ്യമാക്കും. ടെലിവിഷനും സ്ഥാപിക്കും.
 ജനസൌഹൃദ സര്‍ക്കാരാശുപത്രികളാണ് ആര്‍ദ്രം മിഷന്‍ പദ്ധതിയിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിവഴി ഈ ആരോഗ്യകേന്ദ്രങ്ങളിലെല്ലാം മൂന്ന് ഡോക്ടര്‍മാരെയും മൂന്ന് നേഴ്സുമാരെയും ലാബുള്‍പ്പെടെ മറ്റു ജീവനക്കാരെയും നിയമിച്ചു തുടങ്ങി. 

Related News

കൂടുതൽ വാർത്തകൾ »