Top
26
Wednesday, July 2017
About UsE-Paper
ഐ ഗ്രൂപ്പിനെ തകര്‍ക്കാന്‍ ഡിസിസി നേതൃത്വം

കോണ്‍ഗ്രസ് കുടുംബസംഗമം; ചെന്നിത്തലയെ ബഹിഷ്കരിച്ചു

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

 തൃശൂര്‍ > ഇന്ദിരാഗാന്ധി ജന്മശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച കോണ്‍ഗ്രസ് കുടുംബയോഗങ്ങളിലും ഗ്രൂപ്പ് തിരിഞ്ഞ് പോര് രൂക്ഷമായി. തൃശൂര്‍ ബ്ളോക്കിലെ കുട്ടനെല്ലൂരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടകനായ കുടുംബസംഗമം ഡിവിഷന്‍ പ്രസിഡന്റും രണ്ടു ബൂത്ത് പ്രസിഡന്റുമാരടക്കമുള്ള ഐ ഗ്രൂപ്പുകാര്‍ ബഹിഷ്കരിച്ചു. പ്രതിപക്ഷനേതാവ് പങ്കെടുത്ത സംഗമത്തില്‍ അമ്പതില്‍താഴെയുള്ളവര്‍ മാത്രമെത്തിയത് വിവാദമായതോടെ ഡിസിസി നേതൃത്വം കുടുങ്ങി. 

കുടുംബസംഗമത്തിന്റെ അധ്യക്ഷസ്ഥാനത്തുനിന്ന് ഡിവിഷന്‍ പ്രസിഡന്റ് അഡ്വ. എ ആര്‍ സദാനന്ദനെ മാറ്റി പകരം പാര്‍ടി ഭാരവാഹിത്വമില്ലാത്ത ടി വി ചന്ദ്രനെ അധ്യക്ഷനാക്കിയിരുന്നു. ഇതാണ് ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. സംഗമം പരാജയപ്പെട്ടതോടെ ഉദ്ഘാടകനായെത്തിയ ചെന്നിത്തല നേതാക്കളോട് പൊട്ടിത്തെറിച്ചു.  ഇരവിമംഗലത്ത് ഉദ്ഘാടകനായെത്തിയത് കെ മുരളീധരന്‍ എംഎല്‍എയെന്നുകൂടി അറിഞ്ഞത് ചെന്നിത്തലയെ കൂടുതല്‍ പ്രകോപിതനാക്കി. ഐ ഗ്രൂപ്പിനെ തകര്‍ക്കാനുള്ള ശ്രമമാണ് ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന വിലയിരുത്തലില്‍ തിരിച്ചടിക്കാനാണ് ഐ ഗ്രൂപ്പിന്റെ നീക്കം. 
കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കുട്ടനെല്ലൂര്‍ ഡിവിഷനില്‍ എ ഗ്രൂപ്പുകാരനായ ടി വി ചന്ദ്രനെ ഒഴിവാക്കി അതേ ഗ്രൂപ്പിലെ ജയിംസ് പല്ലിശേരിയെയാണ് മത്സരിപ്പിച്ചെങ്കിലും തോറ്റു. സീറ്റില്ലാതായതോടെ ടി വി ചന്ദ്രന്‍ എ ഗ്രൂപ്പില്‍ നിന്നകന്നു. തുടര്‍ന്നു നടന്ന കുട്ടനെല്ലൂര്‍ മള്‍ട്ടി പര്‍പ്പസ് സഹ. സംഘം തെരഞ്ഞെടുപ്പില്‍നിന്നും ഐ ഗ്രൂപ്പിലെ മൂന്ന് സിറ്റിങ് അംഗങ്ങളെ ഒഴിവാക്കിയത് ഐ ഗ്രൂപ്പുകാരെയും പ്രകോപിപ്പിച്ചു. 
ഇതേക്കുറിച്ച് ഐ ഗ്രൂപ്പ് നേതാക്കളോടും ഡിസിസി പ്രസിഡന്റിനോട് പരാതിപ്പെട്ടിട്ടും ഇരുകൂട്ടരും തിരിഞ്ഞുനോക്കിയില്ലെന്ന് പ്രാദേശിക നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ് കുടുംബയോഗങ്ങള്‍ പൊളിഞ്ഞത് ഡിസിസി നേതൃത്വത്തിന് വന്‍തിരിച്ചടിയായിരിക്കുകയാണ്. കെപിസിസി നേതൃത്വത്തോട് ഇതേക്കുറിച്ച് വിശദീകരിക്കേണ്ടി വരുമെന്നാണ് സൂചന.