20 September Thursday

സംസ്ഥാനസർക്കാർ വാർഷികം: സെമിനാറുകൾ 21 മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018
തൃശൂർ
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 21, 24, 25 തീയതികളിൽ തേക്കിൻകാട് മൈതാനത്തെ വിദ്യാർഥി കോർണറിലും സാഹിത്യഅക്കാദമിയിലും വിദ്യാഭ്യാസ, കാർഷിക, സാഹിത്യ, വ്യവസായ സെമിനാറുകൾ സംഘടിപ്പിക്കും. വിവിധ വിഷയങ്ങളിൽ പ്രമുഖർ അണിനിരക്കുന്ന വിഷയാവതരണവും പൊതുചർച്ചയും നടക്കും. 
21ന് രാവിലെ പത്തുമുതൽ ഒന്നുവരെ ‘പൊതുവിദ്യാഭ്യാസവും കേരള വികസനവും’ എന്ന വിഷയത്തിലാണ് വിദ്യാഭ്യാസ സെമിനാർ. മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ആമുഖാവതരണം നടത്തും. ഡോ. എം എൻ സുധാകരൻ വിഷയം അവതരിപ്പിക്കും. ബെന്നി ജേക്കബ് മോഡറേറ്ററാവും. 
24ന് രാവിലെ പത്തുമുതൽ അഞ്ചുവരെ വിദ്യാർഥി കോർണറിൽ ‘പ്ലാവ് കൃഷിമേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും’, ‘ചക്ക സംസ്കരണ മേഖലയിലെ സംരംഭകത്വ സാധ്യതകൾ’, ‘ചക്കയും ആരോഗ്യവും’എന്നീ വിഷയങ്ങളിൽ കാർഷിക സെമിനാർ നടക്കും. മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. 
മേയർ അജിത ജയരാജൻ അധ്യക്ഷയാകും. സി എൻ ജയദേവൻ എംപി മുഖ്യാതിഥിയാവും. 
തുടർന്ന് ‘പ്ലാവ് കൃഷിമേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും’ എന്ന വിഷയത്തിൽ അഡികേ പത്രികേ എഡിറ്റർ ഡോ. പാദ്രേ, ‘ചക്ക സംസ്കരണ മേഖലയിലെ സംരംഭകത്വ സാധ്യതകൾ’എന്ന വിഷയത്തിൽ ഡോ. കെ പി സുധീർ, ‘ചക്കയും ആരോഗ്യവും’ എന്ന വിഷയത്തിൽ ഡോ. ബി  സതീശൻ എന്നിവർ വിഷയാവതരണം നടത്തും.  ഡോ. പി ഇന്ദിരാദേവി മോഡറേറ്ററാവും. 
പകൽ മൂന്നു മുതൽ 5.30 വരെ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ ‘ഇന്ത്യൻ ദേശീയതയുടെ രൂപീകരണവും സാഹിത്യ പശ്ചാത്തലവും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. 
കാലടി സംസ്കൃത സർവകലാശാല പ്രൊ. വൈസ് ചാൻസലർ ഡോ. കെ എസ് രവികുമാർ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അധ്യക്ഷനാകും. 
കെ ഇ എൻ കുഞ്ഞഹമ്മദ് മുഖ്യ അവതാരകനാകും. 25ന് രാവിലെ പത്തുമുതൽ  ഒന്നുവരെ വിദ്യാർഥി കോർണറിൽ വ്യവസായ സെമിനാർ സംഘടിപ്പിക്കും. 
മന്ത്രി എ സി മൊയതീൻ ഉദ്ഘാടനം ചെയ്യും. കെ രാജൻ എംഎൽഎ അധ്യക്ഷനാകും. 
 
തുടർന്ന് ‘പ്രാദേശിക സാമ്പത്തിക വികസനത്തിൽ അതിസൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ പ്രാധാന്യം’, ‘സംരംഭകത്വവൽക്കരണത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പങ്ക്’, ‘കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ‌് ഫെസിലിറ്റേഷൻ ആക്ട‌്‐2017' എന്നീ വിഷയങ്ങൾ യഥാക്രമം മൈക്കിൾ തരകൻ, ഡോ. കെ എൻ ഹരിലാൽ, ഡോ. കെ എം ബീന എന്നിവർ അവതരിപ്പിക്കും.
പ്രധാന വാർത്തകൾ
Top