Deshabhimani

വഴി നടത്തി, നട തുറപ്പിച്ച കുട്ടംകുളം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2018, 06:37 PM | 0 min read

തൃശൂർ > അധഃസ്ഥിതർക്ക‌് വഴിനടക്കാനും ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ പ്രവേശനത്തിനും തെരുവിൽ പോരാടിയ ചരിത്രം കുട്ടംകുളത്തിന‌് അത്ര ദൂരത്തല്ല.  ഏഴു പതിറ്റാണ്ടു മുമ്പ‌് അയിത്തജാതിക്കാർക്ക് കൂടൽമാണിക്യം ക്ഷേത്രത്തിന് മുൻവശത്തെ കുട്ടംകുളം റോഡിൽ വിലക്കുണ്ടായിരുന്നു.  തിരുകൊച്ചിയിൽ ക്ഷേത്രപ്രവേശനത്തിനും ഉത്തരവാദഭരണത്തിനുംവേണ്ടിയുള്ള സമരങ്ങൾ കരുത്താർജിച്ച ഘട്ടം. 1946 ജൂലൈയിൽ കുട്ടംകുളത്ത‌് അനീതിക്കെതിരെ പ്രക്ഷോഭം തുടങ്ങി.
 
കമ്യൂണിസ്റ്റ് പാർടിയുടെയും എസ്എൻഡിപി, പുലയർ മഹാസഭ എന്നിവയുടെയും നേതൃത്വത്തിലായിരുന്നു സമരം. കൊച്ചിരാജ്യ പ്രജാമണ്ഡലവും ആദ്യകാലത്ത് സമരത്തിനൊപ്പമായിരുന്നു. ജൂലൈ ആറിന് അയ്യങ്കാവ് മൈതാനത്ത് (ഇപ്പോഴത്തെ ഇരിങ്ങാലക്കുട നഗരസഭാ മൈതാനം) ക്ഷേത്ര പ്രവേശന സമരം സംഘടിപ്പിച്ചു. കമ്യൂണിസ്റ്റ് നേതാവ് പി കെ ചാത്തൻമാസ്റ്റർ (ഒന്നാം ഇ എം എസ് സർക്കാരിലെ മന്ത്രി) പ്രജാമണ്ഡല പ്രതിനിധിയായ പുതൂർ അച്യുതമേനോൻ എന്നിവരായിരുന്നു മുഖ്യ പ്രസംഗകർ. എസ്എൻഡിപി നേതാവായിരുന്ന പി ഗംഗാധരനായിരുന്നു സമ്മേളനത്തിന്റെ അധ്യക്ഷൻ. 
 
കുട്ടംകുളത്തിനടുത്ത് നിരോധന കൽപ്പന എഴുതിയ ബോർഡ് അക്കാലത്ത് ആരോ എടുത്ത് മാറ്റിയിരുന്നു. നിരോധനം നിലവിലുണ്ടോ എന്നറിയുന്നതിന് സമ്മേളനത്തിൽ പങ്കെടുത്തവരെല്ലാം കുട്ടംകുളത്തിനപ്പുറത്തേക്ക് പ്രകടനമായി നീങ്ങുകയാണെന്ന് പി ഗംഗാധരൻ പ്രഖ്യാപിച്ചു. ആയിരത്തിലേറെ വരുന്ന ആളുകൾ അണിനിരന്ന് കുട്ടംകുളത്തിനടുത്തേക്ക് നീങ്ങി. ഇവരിലേറെയും കർഷകത്തൊഴിലാളികളായിരുന്നു. വൈകിട്ട്  സമരക്കാർ കുട്ടംകുളത്തിനടുത്തെത്തുമ്പോൾ വൻ പൊലീസ‌് പട  ഭീകരമായ ലാത്തിച്ചാർജ‌് നടത്തി.  റോഡിൽ ചോരയൊഴുകി. നിരവധി പേർക്ക‌് പരിക്കുപറ്റി. പൊലീസ‌് മർദനത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നു.
 
എന്നാൽ, സമരം അധികാരകേന്ദ്രങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചു. അധികം താമസിയാതെ കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരമുണ്ടായി. അങ്ങനെ കൂടൽമാണിക്യ ക്ഷേത്രത്തിൽ അവർണർക്കായി ചരിത്ര നട തുറന്നു. വഴിനടക്കാനുള്ള വിലക്കും നീങ്ങി. അന്നും ക്ഷേത്രവും പൊതുവഴിയും അവർണർക്ക‌് തുറന്നുകൊടുക്കരുതെന്ന‌് വാദിച്ചവർ അനവധിയായിരുന്നു.   ശബരിമലയിലെ സ‌്ത്രീ പ്രവേശനവുമായി ബന്ധപ്പെടുത്തി മുതലെടുപ്പ‌് സമരം നടത്തുന്നവർക്ക‌് കുട്ടംകുളംപോലുള്ള സമരചരിത്രങ്ങൾ കൃത്യമായ മറുപടി നൽകുന്നുണ്ട‌്.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home