13 December Thursday

നാട‌് വിഷുലഹരിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

തൃശൂർ നഗരത്തിലെ കണിക്കൊന്ന വിൽപ്പന

തൃശൂർ > കടുത്ത ചൂടിനെ വകവയ്ക്കാതെ, വിഷുവിനെ വരവേൽക്കാനായി ജനങ്ങൾ നഗരവീഥിയിലേക്ക് ഒഴുകിയെത്തി. നാട‌് വിഷുലഹരിയിലായി. കൊന്നപ്പൂക്കളും കണിവെള്ളരിയും പടക്കവും തുണിത്തരങ്ങളും പച്ചക്കറികളുംവരെയുള്ള വിഷുവാഘോഷ വിഭവങ്ങൾ തേടി പ്രായഭേദമെന്യേയുള്ള ജനം  ശനിയാഴ്ച വിപണി കൈയടക്കാനെത്തി. ജനത്തിന്റെ കുത്തൊഴുക്കാണ് വിഷുത്തലേന്ന്  എവിടെയും കണ്ടത്.  തേക്കിൻകാട് മൈതാനം  വിഷുവിപണികളാൽ നിറഞ്ഞു. പടക്കവിപണി സജിവമായിരുന്നു. വഴിവാണിഭ കച്ചവടവും  പൊടിപൊടിച്ചു. പൊതുവിപണിയേക്കാൾ 30 ശതമാനംവരെ വിലക്കുറവിന് സാധനങ്ങൾ ലഭിക്കുന്ന സർക്കാരിന്റെ  വിഷുച്ചന്ത വിഷുക്കണി, സപ്ലൈകോ, കൺസ്യൂമർ ഫെഡ്, കുടുംബശ്രീ ചന്തകൾ, സഹകരണ ചന്തകൾ, സിപിഐ എമ്മിന്റെ ജൈവ പച്ചക്കറി വിപണി, ഹോർട്ടികോർപ്പ്, വിഎഫ്പിസികെ  തുടങ്ങിയ ഇടങ്ങളിലാണ് വൻ തിരക്ക് അനുഭവപ്പെട്ടത്. 
വിഷുവിപണിയിൽ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള സർക്കാർ ഇടപെടലിന് നല്ല ഫലമാണ് ഇക്കുറിയുണ്ടായത്. കുറഞ്ഞവിലയിൽ ഭക്ഷ്യസാധനങ്ങൾ ലഭിച്ചതോടെ വിഷു വിഭവസമൃദ്ധമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങൾ.പെൻഷനുകളുമെല്ലാം നേരത്തേ വിതരണം ചെയ്തിരുന്നു. ക്ഷേമപെൻഷനുകളെല്ലാം കുടിശ്ശിക തീർത്ത് വിതരണം ചെയ്തതു വഴി പാവപ്പെട്ടവർ സമൃദ്ധിയുടെ  വിഷുവിന്റെ ആഹ്ലാദത്തിലാണ്.  സർക്കാരിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും ചന്തകളിൽ ചുരുങ്ങിയ വിലയ്ക്ക് മികച്ച ഉൽപ്പന്നങ്ങൾ ലഭിച്ചെങ്കിലും പൊതുമാർക്കറ്റിൽ ചില സാധനങ്ങൾക്ക് വില അൽപ്പം കൂടുതലായിരുന്നു. ആദ്യനാളുകളിൽ മന്ദഗതിയിൽ കച്ചവടം നടന്നിരുന്ന പടക്കക്കടകളിൽ ശനിയാഴ്ച ജനം തടിച്ചുകൂടി. പടക്കപ്രേമികൾ കടകളിൽനിന്ന് കൈനിറയെ പടക്കങ്ങളുമായാണ് മടങ്ങിയത്. വിലയിലും കാര്യമായ വർധനയുണ്ടായിട്ടില്ല.
കണിവെള്ളരിയും കൊന്നപ്പൂവും  ചൂടപ്പംപോലെ വിറ്റഴിഞ്ഞു. ചക്കയും മാങ്ങയും അടങ്ങുന്ന നാടൻ ഇനങ്ങളും വാങ്ങാൻ തിരക്കിനൊരു കുറവും വന്നില്ല. മേടപ്പാച്ചിലിനിടെ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയും ചെയ്തു. വാഹനങ്ങൾ കൂട്ടമായെത്തിയതാണ് കുരുക്കിനിടയാക്കിയത്. വിഷുത്തലേന്ന് രണ്ടാം ശനിയാഴ്ച ബാങ്കുകൾക്ക് അവധിയായതിനാൽ സാധനങ്ങൾവാങ്ങാൻ എടിഎമ്മുകളിൽ പണമില്ലാത്തത് ഒട്ടേറെ പേരെയും ബാധിച്ചു.
പ്രധാന വാർത്തകൾ
Top