18 September Tuesday
സുഭദ്രയ്ക്കിത് വിഷുക്കൈനീട്ടം

ലൈഫിൽ ഉയർന്നത് മഞ്ജുവിന്റെ 'സ്നേഹഭവനം'

ടി വി വിനോദ്Updated: Sunday Apr 15, 2018

മഞ്ജു വാര്യർ സുഭദ്രയ്ക്കും കുടുംബത്തിനും താക്കോൽ കൈമാറുന്നു

തൃശൂർ > മഞ്ജു വാര്യരുടെ കൈയിൽനിന്ന് പുതിയ വീടിന്റെ താക്കോൽ വാങ്ങുമ്പോൾ സുഭദ്രയുടെ കണ്ണിൽ ആഹ്ലാദത്തിന്റെ നനവ്. ഇത് എന്റെ, ലൈഫിന്റെയും വിഷുക്കൈനീട്ടം‐ സ്നേഹത്തോടെ ഇവരെ ചേർത്തുപിടിച്ച് മഞ്ജു വാര്യർ പറഞ്ഞു. സുഭദ്രയുടെ കുടുംബത്തിന്റെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ് ലൈഫിലൂടെ പൂർത്തിയായത്. ഒരു നാടിന്റെ മുഴുവൻ സ്നേഹവുമായാണ് സുഭദ്രയും കുടുംബവും ശനിയാഴ്ച പുതിയ വീട്ടിലേക്ക് കാലെടുത്തുവച്ചത്. 
ഈ ആഹ്ലാദനിമിഷത്തിൽ ഭർത്താവ് കുമാരൻ ഒപ്പമില്ലല്ലോയെന്നതാണ് സുഭദ്രയുടെ നൊമ്പരം. കുമാരൻ മാസങ്ങൾക്കുമുമ്പാണ് മരിച്ചത്. ഒരു കൊച്ചുകൂരയിലായിരുന്നു രണ്ടു പെൺമക്കളും മകനും അടങ്ങുന്ന ഈ കുടുംബം കഴിഞ്ഞുകൂടിയിരുന്നത്. വീടെന്നതായിരുന്നു ഇവരുടെ വലിയ സ്വപ്നം.  പരാധീനതകൾക്കിടയിലും അന്തിക്കാട് ബ്ലോക്കിൽനിന്ന് ലഭിച്ച ഭവനവായ്പ ഉപയോഗിച്ച് 2015ൽ കുമാരൻ വീടുപണി തുടങ്ങി. കൂലിപ്പണിക്കാരനായിരുന്ന കുമാരന് സാമ്പത്തിക ബുദ്ധിമുട്ട് വീടുപണി തുടരുന്നതിന് തടസ്സമായി. 
വീട് എന്ന സ്വപ്നം ബാക്കിവച്ചായിരുന്നു കുമാരന്റെ വേർപാട്. വീട്ടുപണിക്കുപോയാണ് സുഭദ്ര ജീവിതം മുന്നോട്ടുക്കൊണ്ടുപോയത്. അന്നന്നത്തെ കാര്യങ്ങൾക്കുതന്നെ പണം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടായി. വീട് പണിയുകയെന്നത് സുഭദ്രയ്ക്ക് തൽക്കാലം മറക്കേണ്ടിവന്നു. 
എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ സുഭദ്രയുടെ വീട് എന്ന സ്വപ്നത്തിന് വീണ്ടും ജീവൻവച്ചു. ഇക്കഴിഞ്ഞ നവംബറിലാണ് ചാഴൂർ പഞ്ചായത്തിന്റെ ലൈഫ് പദ്ധതിയിൽ പൂർത്തീകരിക്കാനാവാത്ത വീടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി വീടിന്റെ നിർമാണം പുനരാരംഭിച്ചത്. ഇതിനായി ജനകീയ കമ്മിറ്റിയും പഞ്ചായത്തുതല ഭവനനിധിയും രൂപീകരിച്ചു. നവംബറിൽ നടന്ന ഭവനനിധി ഉദ്ഘാടനചടങ്ങിലാണ് മഞ്ജു വാര്യർ ലൈഫിനൊപ്പം കൈകോർക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. സുഭദ്രയുടെ വീടിന്റെ നിർമാണത്തിലേക്ക് മഞ്ജുവാര്യർ  പണവും കൈമാറി. ജനകീയകമ്മിറ്റി നേതൃത്വത്തിൽ ഉദ്യേഗസ്ഥർ ഉൾപ്പെടെ ഒരു നാട് മുഴുവൻ ഈ പാവപ്പെട്ട കുടുംബത്തിന്റെ വീട് എന്ന സ്വപ്നസാക്ഷാൽക്കാരത്തിനായി കൈകോർത്തു. 
സുഭദ്രയ്ക്കും മകൻ സനൽകുമാറിനും ഭർത്താവിന്റെ അമ്മ വള്ളിയമ്മയ്ക്കുമാണ് വീടിന്റെ താക്കോൽ കൈമാറിയത്. ഇവരുടെ സന്തോഷമുള്ള ചിരി തനിക്ക് ഏറെ ആഹ്ലാദമുണ്ടാക്കുന്നുവെന്ന് മഞ്ജു വാര്യർ പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ മികച്ച ഒരു പദ്ധതിയാണ് ലൈഫ്. സർക്കാരിന്റെ ഇച്ഛാശക്തിയും ഈ പദ്ധതിയിലൂടെ വ്യക്തമാകുന്നു. ഏറെ പേർക്ക് വീട് എന്ന സ്വപ്നം ഇതിലൂടെ പൂർത്തീകരിക്കാനാവട്ടെ‐ മഞ്ജു പറഞ്ഞു.
പ്രധാന വാർത്തകൾ
Top