19 September Wednesday
ദുരിതാശ്വാസ ഫണ്ട് സമാഹരണം

ആദ്യഘട്ടം ലഭിച്ചത‌് 5.70 കോടി; മന്ത്രിമാർ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

തൃശൂർ താലൂക്കിൽ നടന്ന ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിൽ മന്ത്രിമാരായ സി രവീന്ദ്രനാഥ്, വി എസ് സുനിൽകുമാർ എന്നിവർ തുക ഏറ്റുവാങ്ങുന്നു

തൃശൂർ
ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചപ്പോൾ ജില്ലയിൽ 5,70,18,017 രൂപ ലഭിച്ചു.ഏഴ‌് താലൂക്കുകളിൽ നിന്നായി 4,58,18,017 രൂപയും വിദ്യാർഥികളിൽ നിന്ന് 1,12,00,000 രൂപയും ചേർന്നാണീ  തുക ലഭിച്ചത്.    15 വരെ ഫണ്ട് സമാഹരിക്കാനാണ്  ലക്ഷ്യം. ജില്ലയിലെ താലൂക്കുകളിൽ  നിന്നും മന്ത്രിമാരായ സി രവീന്ദ്രനാഥ്, വി എസ് സുനിൽകുമാർ എന്നിവർ ചേർന്നാണ് തുക ഏറ്റുവാങ്ങിയത‌്. രണ്ടാം ഘട്ടമായ  15 ന് ധനസഹായസമാഹരണത്തിനെത്തുമ്പോഴും സഹായിക്കാൻ മുന്നോട്ടു വരണമെന്ന‌്  മന്ത്രിമാർ അഭ്യർഥിച്ചു. 
തൃശൂർ താലൂക്കിൽ നടന്ന സമാഹരണത്തിൽ ഗീതാഗോപി എംഎൽഎ,   മേയർ അജിത ജയരാജൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ‌് എം കെ സുദർശൻ, തിരുവമ്പാടി ദേവസ്വം ബോർഡ് പ്രസിഡന്റ‌് പ്രൊഫ. പി ചന്ദ്രശേഖരൻ, പ്രൊഫ. എം മാധവൻകുട്ടി, തഹസിൽദാർ എൻ ആർ അനിൽ ഫിലിപ‌്, ഡെപ്യൂട്ടി തഹസിൽദാർമായ നിഷ, ലിഷ എന്നിവർ സന്നിഹിതരായി. ദേവസ്വം ബോർഡ് ജീവനക്കാർ, കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ, തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ, കാംകോ, കേരള വിഷൻ, അമ്പാടി നഗർ നിവാസികൾ, പെൻഷൻകാർ തുടങ്ങി നിരവധി പേർ നേരിട്ടെത്തി ധനസഹായം നൽകി.  1,88,00,000 രൂപ സമാഹരിക്കാനായി.
തലപ്പിളളി താലൂക്കിൽ 14,34,411 രൂപയാണ് സമാഹരിച്ചത്. അനിൽ അക്കര എംഎൽഎ, തഹസിൽദാർ റോഷന ഹൈദ്രോസ് തുടങ്ങിയവർ സന്നിഹിതരായി. കുന്നംകുളം താലൂക്കിൽ 36,58,250 രൂപ സമാഹരിച്ചു. നഗരസഭ ചെയർപേഴ്സൺ ജയന്തി രവീന്ദ്രൻ, വൈസ് ചെയർമാൻ പി എം സുരേഷ്, തഹസിൽദാർ ബ്രീജാകുമാരി, ഡെപ്യൂട്ടി തഹസിൽദാർ എം കെ കിഷോർ ചടങ്ങിൽ പങ്കെടുത്തു. ചാവക്കാട് താലൂക്കിൽ 1,13,00,000 രൂപയാണ് ലഭിച്ചത്. എംഎൽഎ മാരായ മുരളി പെരുനെല്ലി, കെ വി അബ്ദുൾ ഖാദർ, ഗീതാ ഗോപി, തഹസിൽദാർ കെ പ്രേമചന്ദ് തുടങ്ങിയവർ സന്നിഹിതരായി. കൊടുങ്ങല്ലൂർ താലൂക്കിൽ 19,52,000 രൂപ കൈമാറി. എംഎൽഎ മാരായ ഇ ടി ടൈസൺ, വി ആർ സുനിൽകുമാർ, നഗരസഭാ ചെയർമാൻ കെ ആർ ജൈത്രൻ, തഹസിൽദാർ ജെസി സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.മുകുന്ദപുരം താലൂക്കിൽ നിന്ന് 47,62,000 രൂപ മന്ത്രിമാർക്ക് കൈമാറി. പ്രൊഫ. കെ യു അരുണൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ‌് മനോജ് കുമാർ, തഹസിൽദാർ ഐ ജെ മധുസൂദനൻ എന്നിവരും പങ്കെടുത്തു. 
ചാലക്കുടി താലൂക്കിൽ നിന്ന് 39,11,356 രൂപയാണ് ലഭിച്ചത്. എംഎൽഎ മാരായ ബി ഡി ദേവസി, വി ആർ സുനിൽകുമാർ, മുനിസിപ്പൽ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ, തഹസിൽദാർ മോളി ചിറയത്ത്   തുടങ്ങിയവർ പങ്കെടുത്തു. കടുപ്പശേരി ചിന്നത്ത്  സുലോചന പത്മനാഭനും എടക്കുളം ഉളളാട്ട്  സുജാത സുരേന്ദ്രനും മാതാപിതാക്കളുടെ സ്മരാണർത്ഥം കോടശേരി വില്ലേജിൽ പത്ത‌് സെന്റ് ഭൂമിയുടെ ആധാരം മന്ത്രിമാർക്ക് കൈമാറി.  

 

പ്രധാന വാർത്തകൾ
Top