Top
23
Thursday, November 2017
About UsE-Paper

തരിശുരഹിതമാകാന്‍ ഒരുങ്ങി ജില്ല

Thursday Sep 14, 2017
* ജോര്‍ജ് ജോണ്‍

 

തൃശൂര്‍ > തരിശുരഹിത ജില്ലയാകാന്‍ തൃശൂര്‍ ഒരുങ്ങുന്നു. ജില്ല ഭക്ഷ്യസ്വയംപര്യാപ്തത നേടുന്നതിന്റെ ഭാഗമായാണ് തരിശുനിലങ്ങള്‍ കണ്ടെത്തി കൂടുതല്‍ സ്ഥലത്ത് നെല്‍കൃഷിയിറക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. നിലവില്‍ ജില്ലയില്‍ 18,400 ഹെക്ടര്‍ സ്ഥലത്താണ് നെല്‍കൃഷി ചെയ്യുന്നത്. നാലുവര്‍ഷത്തിനകം കാല്‍ ലക്ഷം ഹെക്ടറിലേക്കുകൂടി നെല്‍കൃഷി വ്യാപിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ 105 കൃഷിഭവനുകള്‍ മുഖേന കൃഷിയോഗ്യമായ തരിശുനിലങ്ങള്‍ കണ്ടെത്തും. 20നകം കൃഷിഭവന്‍തലത്തില്‍ തരിശുനിലങ്ങളെക്കുറിച്ച് ആക്ഷന്‍പ്ളാന്‍ തയ്യാറാക്കുമെന്ന് കൃഷിവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. 
രണ്ടാംഘട്ടമായി കൃഷിഭവനുകള്‍ മുഖേന തയ്യാറാക്കിയ ആക്ഷന്‍പ്ളാന്‍ അസംബ്ളി മണ്ഡലംതലത്തിലേക്ക് മാറ്റും. എംഎല്‍എമാര്‍ക്ക് തരിശുഭൂമി കൂടുതലായി കണ്ടെത്താനും കൃഷിക്ക് യോഗ്യമായ സ്ഥലത്ത് നെല്‍കൃഷി ചെയ്യാന്‍ നേതൃത്വം നല്‍കാനും ചുമതല നല്‍കും. നാലുവര്‍ഷത്തിനുള്ളില്‍ പുതുതായി കണ്ടെത്തിയ തരിശുനിലങ്ങളില്‍ ഘട്ടം ഘട്ടമായി നെല്‍കൃഷിയിറക്കും. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മണ്ഡലങ്ങളുടെ ചുമതല നല്‍കും. ചേലക്കര, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ കൂടുതല്‍ തരിശുനിലങ്ങള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ 25,000 നെല്‍ക്കര്‍ഷകരാണുള്ളത്.
നെല്‍കൃഷി വികസിപ്പിക്കുന്നതിന് നിലവിലുള്ള എല്ലാ ഫണ്ടുകളും ഏകോപിപ്പിക്കും. നിലവില്‍ തരിശിട്ട പാടങ്ങളില്‍ കൃഷിയിറക്കുന്നതിനൊപ്പം ഒരുപൂനിലങ്ങള്‍ ഇരുപ്പു ആക്കും. കരനെല്‍കൃഷി പ്രോത്സാഹിപ്പിക്കും. നിലവില്‍ സംസ്ഥാനത്ത് 1.92 ലക്ഷം ഹെക്ടറിലാണ് നെല്‍കൃഷി ചെയ്യുന്നത്. നാലു വര്‍ഷംകൊണ്ട് സംസ്ഥാനത്ത് നെല്‍കൃഷി മൂന്നു ലക്ഷം ഹെക്ടറാക്കി ഉയര്‍ത്തും. തരിശുരഹിത തൃശൂര്‍ 201721 പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കാല്‍ ലക്ഷം ഹെക്ടറിലേക്ക് നെല്‍കൃഷി ഉയര്‍ത്തും.
ജനകീയാസൂത്രണം കൃഷിവകുപ്പ് പദ്ധതികള്‍ സംയോജിപ്പിക്കും. ആര്‍ക്കെവിവൈ, ആര്‍ഐഡിഎഫ്, ജില്ലാ ഇറിഗേഷന്‍ പ്ളാന്‍,നബാര്‍ഡ്, എംപിഎംഎല്‍എ ഫണ്ടുകള്‍ തരിശുരഹിത പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന സൌകര്യങ്ങള്‍ സൃഷ്ടിക്കും. തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, കാര്‍ഷിക കര്‍മസേന, അഗ്രോ സര്‍വീസ് സെന്ററുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

Related News

കൂടുതൽ വാർത്തകൾ »