Top
22
Thursday, February 2018
About UsE-Paper
സിപിഐ എം സംസ്ഥാന സമ്മേളനം

മലബാറിന്റെ സിംഹമായ കൊടുങ്ങല്ലൂരിന്റെ സാഹിബ്

Tuesday Feb 13, 2018
പി വി ബിമൽകുമാർ
കൊടുങ്ങല്ലൂർ > 'വളരെയേറെ വിലമതിക്കുന്ന സ്‌നേഹബന്ധമാണ് അബ്ദുറഹിമാൻ സാഹിബുമായി എനിക്കുണ്ടായിരുന്നത്. അദ്ദേഹം കെപിസിസി പ്രസിഡന്റും ഞാൻ സെക്രട്ടറിയുമായി രണ്ട് കൊല്ലം നടത്തിയ  പ്രവർത്തനം കേരള രാഷ്ട്രീയത്തെയാകെ തന്നെ മാറ്റാൻ സഹായിച്ചതാണ്. അതിൽ ഞാൻ അഭിമാനം കൊള്ളുന്നു.' മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെക്കുറിച്ചുള്ള തന്റെ ലേഖനത്തിൽ ഇ എം എസ് ഇങ്ങനെ എഴുതി. വർഷങ്ങൾക്കിപ്പുറം തൃശൂരിൽ സിപിഐ എം സംസ്ഥാന സമ്മേളനം നടക്കുമ്പോൾ 'മലബാർ സിംഹം' എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ഓർമയിൽ ആവേശം കൊള്ളുകയാണ് അദ്ദേഹത്തിന്റെ ജന്മനാടായ കൊടുങ്ങല്ലൂർ. 
കൊടുങ്ങല്ലൂർ അഴീക്കോടുളള കറുകപ്പാടത്ത് തറവാട്ടിലായിരുന്നു മുഹമ്മദ് അബ്ദു റഹിമാൻ സാഹിബിന്റെ ജനനം. ഉലയിൽ ഊതിക്കാച്ചിയെടുത്ത കനകമെന്ന് സുകുമാർ അഴീക്കോട് പറഞ്ഞ സാഹിബ് മദിരാശി പ്രസിഡൻസി കോളേജിൽ പഠനകാലത്താണ് ദേശീയപ്രസ്ഥാനത്തിൽ ആകൃഷ്ടനാവുന്നത്. മഹാത്മാ ഗാന്ധിയുടെ ആഹ്വാനം സ്വീകരിച്ച് കോളേജ് വിട്ടിറങ്ങി. പിന്നീട്, ബ്രിട്ടീഷുകാരിൽനിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനുവേണ്ടിയുള്ള ഐതിഹാസിക സമരങ്ങളുടെ നേതൃത്വമായി മാറുകയായിരുന്നു.
'പി കൃഷ്ണപിള്ള, കെ കേളപ്പൻ, അബ്ദുറഹിമാൻ സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കോഴിക്കോട് കടപ്പുറത്ത് ഉപ്പുസത്യഗ്രഹം നടന്നത്. 1930 മെയ് 12ന് നടന്ന സമരത്തിൽ ജനങ്ങൾ വീറോടെ അണിനിരന്നു. സത്യഗ്രഹ സമരത്തിനെത്തിയവർക്കുനേരെ പൊലീസ് സൂപ്രണ്ട് ആമുവിന്റെ നേതൃത്വത്തിൽ കൊടിയ മർദനമാണ് അഴിച്ചുവിട്ടത്. പൊതിരെ തല്ലിയിട്ടും സമരമുഖത്തുറച്ചുനിന്ന സാഹിബിനെ പൊലീസുകാർ ലാത്തികൊണ്ട് ഞെരിച്ച് ശ്വാസംമുട്ടിച്ച് നിലത്തുവീഴ്ത്തി.' കുട്ടിക്കാലത്ത് കലങ്ങിയ കണ്ണുകളോടെ സാഹിബിനെക്കുറിച്ച് ഉമ്മ പറഞ്ഞുതന്ന കഥ കാതിയാളം അബൂബക്കർ ഓർത്തെടുത്തു. സാഹിബിന്റെ മൂത്തസഹോദരിയുടെ മകളാണ് കാതിയാളം അബൂബക്കറിന്റെ ഉമ്മ ബീമക്കുട്ടി. മുഹമ്മദ് അബ്ദു റഹിമാൻ സാഹിബിനെക്കുറിച്ച് 41 കവികളെഴുതിയ കവിതകളുടെ പ്രസാധനച്ചുമതല നിർവഹിച്ചത് കാതിയാളം അബൂബക്കറായിരുന്നു. 
പി കുഞ്ഞിരാമൻനായരും വൈലോപ്പിള്ളിയും ഇടശ്ശേരിയും സച്ചിദാനന്ദനും ഉൾപ്പെടെയുള്ളവരുടെ കവിതകളാണ് സമാഹരിച്ചത്. കവിതകൾ ആവശ്യപ്പെട്ട് പലർക്കും എഴുതിയപ്പോൾ ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്ന് കാതിയോളം അബൂബക്കർ പറഞ്ഞു. അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ചിരുന്ന കവികൾമുതൽ അദ്ദേഹം അന്തരിച്ച് കാൽ നൂറ്റാണ്ടിനുശേഷം ജനിച്ച കവികൾവരെ കവിതകൾ നൽകി. 
സ്വാതന്ത്ര്യ സമരത്തിൽ ജ്വലിച്ചുനിന്നപ്പോഴും യൗവനതീക്ഷ്ണമായ ജീവിതം കാരാഗൃഹത്തിൽ ഹോമിക്കേണ്ടിവന്നപ്പോഴും സ്വന്തം ആത്മാവിൽ കവിതയുടെ ഒരു കുടന്ന നിലാവ് കാത്തുസൂക്ഷിച്ച സഹൃദയനായിരുന്നു അബ്ദുറഹ്മാൻ സാഹിബ്. ഖിലാഫത്ത് പ്രസ്ഥാനത്തെനയിച്ച്, മതമൈത്രിയുടെ സന്ദേശവുമായി മലബാറാകെ വെൺസൂര്യനായി നിറഞ്ഞ്, സ്വാതന്ത്ര്യസമര പോരാട്ടത്തെ നയിച്ച സാഹിബ് സാംസ്‌കാരിക നാട്ടിലെയും  പോരാട്ടങൾക്കെന്നും മുതൽക്കൂട്ടാണ്. ഇ എം എസിന്റെ പിന്മുറക്കാർ ആവേശത്തോടെ സിപിഐ എം സമ്മേളനം ചരിത്രവിജയമാക്കാനൊരുങ്ങുമ്പോൾ അദ്ദേഹത്തിന്റെ ആദ്യ പൊതുപ്രവർത്തനത്തിനു തുടക്കം കുറിച്ച തൃശൂരും ആദ്യകാല സഹപ്രവർത്തകരും ആവേശഭരിതമായ പ്രചോദനമാണ്.