19 July Thursday

ഈ അഞ്ചുപേര്‍ കളംനിറയും; തൃശൂരിന്റെ മനവും

* സി എ പ്രേമചന്ദ്രന്‍Updated: Saturday Jan 13, 2018

 

 
-
തൃശൂര്‍ > മുന്നേറ്റനിരയില്‍ അനുരാഗ് കുതിക്കുമ്പോള്‍ പന്തെത്തിക്കാന്‍ മധ്യനിരയില്‍ ശ്രീക്കുട്ടനും ജിതിനും നിലയുറപ്പിക്കും.  എതിരാളികളെ തടയാന്‍ ക്യാപ്റ്റന്‍ രാഹുലും വിബിനും പ്രതിരോധമതില്‍കെട്ടും. കളിക്കളം നിറഞ്ഞ് ഈ അഞ്ചുപേര്‍ കളിക്കുമ്പോള്‍ തൃശൂരിന്റെ മനം നിറയും. 
സന്തോഷ്ട്രോഫിക്കുവേണ്ടി ബംഗളൂരുവില്‍ കേരളടീം ഇറങ്ങുമ്പോള്‍ വിജയന്റെയും പാപ്പച്ചന്റെയും പിന്‍ഗാമികളായി ഈസംഘം. കടലിനോട് മല്ലടിക്കുന്ന തീരദേശത്തിന്റെ പുത്രനായ വാടാനപ്പള്ളി സ്വദേശി രാഹുല്‍ വി രാജാണ് ഇക്കുറി കേരളത്തെ നയിക്കുന്നത്.  നാലാംവര്‍ഷവും സന്തോഷ്ട്രോഫിക്കുവേണ്ടി ബൂട്ടണിയുന്നത്  ക്യാപ്റ്റനായി. ഏഴാംക്ളാസുമുതല്‍  ഫുട്ബോള്‍  തലയ്ക്കടിച്ച രാഹുല്‍ കേരളവര്‍മയില്‍ ബിരുദത്തിന് ചേര്‍ന്നതോടെ മിന്നും താരമായി. കോച്ചുമാരായ നാരായണമേനോനും സുരേഷും പുരുഷോത്തമനും നല്‍കിയ പാഠങ്ങള്‍ കളിക്കളത്തില്‍ പ്രയോഗിച്ചതോടെ കലിക്കറ്റ് യൂണിവേഴ്സിറ്റി താരമായി ഉയര്‍ന്നു. എസ്ബിഐയില്‍ ജോലിയും ലഭിച്ചു. 
തൃത്തല്ലൂര്‍ ഏഴാംകല്ല് വൈലപ്പിള്ളി രാജേന്ദ്രന്റെയും ഷീജയുടെയും ഏകമകനാണ്. 
വിബിന്‍ തോമസ് കേരള പൊലീസ് താരമാണ്. തൃശൂര്‍ സെന്റ്തോമസ് കോളേജിന്റെ താരമായിരുന്നു വിബിന്‍. ഇന്ത്യന്‍ ഫുട്ബോള്‍ കോച്ച് ടി കെ ചാത്തുണ്ണിയുടെയും ലേണല്‍ തോമസിന്റെയും ശിക്ഷണത്തില്‍ ഉയരങ്ങള്‍ താണ്ടി. ചാലക്കുടി കല്ലുവീട്ടില്‍ തോമസ് മോളി ദമ്പതികളുടെ മകന്‍.
ശ്രീക്കുട്ടന്‍ തൃശൂര്‍ സെന്റ്തോമസില്‍ രണ്ടാംവര്‍ഷ ബിഎ വിദ്യാര്‍ഥിയാണ്. കലിക്കറ്റ് യൂണിവേഴ്സിറ്റി താരമാണ്. തലോര്‍ ദീപ്തി എച്ച്എസ്എസിലാണ് തുടക്കം. ആനന്ദ് ബാബുവിന്റെ കീഴിലാണ് പരിശീലനം നേടിയത്. കോനിക്കര തലവനിക്കര വിരുത്തിയില്‍ സന്തോഷിന്റെയും ലതികയുടെയും മകനാണ്. 
അനുരാഗ് കൊടകര മറ്റത്തൂര്‍  പുഴങ്കുന്നില്‍ ചന്തുവിന്റെയും സരളയുടെയും മകനാണ്. കോഴിക്കോട് ഫാറൂഖ് കോളേജില്‍ ഒന്നാംവര്‍ഷ ബിഎ വിദ്യാര്‍ഥി. ഇപ്പോള്‍ ഇര്‍ഷാദ് ഹസന്‍, ഫാസില്‍ എന്നിവരുടെ കീഴില്‍ പരിശീലനം. മലപ്പുറം എഫ്സി, കോവളം എഫ്സി എന്നീ ടീമുകളില്‍ കളിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റി താരമാണ്. 
ഒല്ലൂര്‍ പെരുവാംകുളങ്ങര സ്വദേശിയായ എം എസ് ജിതിന്‍  മഠത്തില്‍ സുബ്രന്റെയും ലതയുടെയും മകനാണ്. എഫ്സി കേരള താരമാണ്. നാരായണമേനോന്‍, നവാസ്, പുരുഷോത്തമന്‍ എന്നിവരുടെ കീഴിലാണ് പരിശീലനം. സ്റ്റേറ്റ് സബ് ജൂനിയറില്‍ നാലുതവണയും ഇന്ത്യന്‍ സബ്ജൂനിയറിലും കളിച്ചു. കേരളവര്‍മയില്‍ ബിരുദവിദ്യാര്‍ഥി. ഒല്ലൂരില്‍ സ്മാര്‍ട്ട് അക്കാദമി ജോസഫ് കാട്ടൂക്കാരന്റെ ശിക്ഷണത്തിലാണ് കളി തുടങ്ങിയത്.   
ടീം അംഗങ്ങളായ ജിതിന്‍, മുഹമ്മദ് പാറേക്കാട്ടില്‍ എന്നിവര്‍ തൃശൂര്‍ ജില്ലക്കാരല്ലെങ്കിലും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് താരങ്ങളാണ്. കൂട്ടായ്മയാണ് ടിമിന്റെ കരുത്തെന്നും യുവനിരയായതിനാല്‍ പ്രതീക്ഷയുണ്ടെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ഞായറാഴ്ച ടീം ബംഗളൂരുവിലേക്ക് പുറപ്പെടും. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top