19 January Saturday

ആഴക്കടൽ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

ഫിഷറീസ് സ്‌റ്റേഷന്‍ ജലകൃഷി പരീശീലന കേന്ദ്രവും സാഫ് തീരമൈത്രി ഗുണഭോക്‌തൃ സംഗമവും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉദ്‌ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ
ആഴക്കടൽ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കാനായി സർക്കാർ പദ്ധതി ആവിഷ‌്കരിക്കുമെന്ന്  മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ഫിഷറീസ് സ്റ്റേഷനും ജലകൃഷി പരിശീലന കേന്ദ്രവും  സാഫ് തീരമൈത്രി ഗുണഭോക്തൃ സംഗമവും അഴീക്കോട് മേഖല ചെമ്മീൻ വിത്തുൽപ്പാദക കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു  മന്ത്രി. 
ആധുനിക സാങ്കേതിക വിദ്യയും പശ്ചാത്തല സൗകര്യവും ആഴക്കടൽ മത്സ്യ ബന്ധനത്തിനായി  തൊഴിലാളികൾക്ക് ഒരുക്കും. മത്സ്യതൊഴിലാളി സഹകരണ സംഘങ്ങൾ മുഖേനയായിരിക്കും പദ്ധതി നടപ്പാക്കുക.  പദ്ധതി നിർവഹണത്തിനായി സബ്സിഡി ഉൾപ്പെടെ സഹായങ്ങൾ സംസ്ഥാന സർക്കാർ നൽകും. 36 ബോട്ടുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ കടലിൽ ഇറക്കുക. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കി ആഴക്കടൽ മത്സ്യ ബന്ധനം വികസിപ്പിക്കും. പദ്ധതി നിർവഹണത്തിന് കേന്ദ്രത്തിന്റെ സഹകരണം തേടിയിട്ടുണ്ട്. മത്സ്യബന്ധന തൊഴിലാളികളുടെ സുരക്ഷയും മത്സ്യ സമ്പത്തിന്റെ സംരക്ഷണം, തീരദേശത്തിന്റെ സംരക്ഷണം എന്നിവ സർക്കാരിന്റെ പ്രഥമ ലക്ഷ്യങ്ങളാണ‌്.  മത്സ്യ ബന്ധന തൊഴിലാളികളുടെ സുരക്ഷ ലക്ഷ്യമിട്ട്  18 കോടി രൂപ ചെലവിൽ  സംസ്ഥാനത്ത് മൂന്ന‌് മറൈൻ ആംബുലൻസുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
അധ്യക്ഷപ്രസംഗത്തിനിടെ ആംബുലൻസ് വേണമെന്ന ആവശ്യം ഉന്നയിച്ച ഇ ടി ടൈസൺ എംഎൽഎക്ക്  നൽകിയ വാഗ്ദാനമാണ്  ആംബുലൻസ് പ്രഖ്യാപനം. കടൽ പ്രക്ഷുബ്ധമായിരിക്കുന്ന സാഹചര്യത്തിൽ മത്സ്യബന്ധനത്തിലേർപ്പെടുന്ന തൊഴിലാളികളുടെ സുരക്ഷക്കായാണ് മറൈൻ ആംബുലൻസ്. അപകടത്തിൽപ്പെടുന്ന തൊഴിലാളികളെ രക്ഷിക്കാനും അവർക്ക് അടിയന്തര ശുശ്രൂഷ നൽകാനും ഉതകുന്ന തരത്തിൽ മെഡിക്കൽ ടീം ഇതിലുണ്ടാകും. സംസ്ഥാനത്ത് ഇത്തരത്തിലുള്ള മൂന്ന് ആംബുലൻസുകൾ നിർമാണം പൂർത്തീകരിച്ചു. 18 കോടി രൂപയാണ് ഇവയുടെ നിർമാണച്ചെലവ്. ഇതിലൊന്നാണ് മധ്യതീരദേശമേഖലയിൽ പ്രധാനപ്പെട്ട അഴീക്കോടിന് അനുവദിച്ചത്. തൊഴിലാളികളുടെ സുരക്ഷ പോലെ പ്രധാനമാണ് മത്സ്യസമ്പത്തെന്നും അവ രണ്ടിനും പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
 ഇ ടി ടൈസൺ  എംഎൽഎ അധ്യക്ഷനായി.   ഫിഷറീസ് ജോയിൻറ് ഡയറക്ടർ എൻ എസ്ശ്രീലു, പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ,  ജനപ്രതിനിധികളായ ഇ കെ മല്ലിക നൗഷാദ് കൈതവളപ്പിൽ, സീന അഷറഫ്,  പി എം അബ്ദുള്ള, പ്രസീന റാഫി, ഫിഷറീസ്ജോ. ഡയറക്ടർ എം എസ‌് സാജു, പി വി മോഹനൻ, സി കെ മജീദ്, പി എ കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top