19 January Saturday

പീച്ചി ഫിഷറീസ് കോംപ്ലക്സ് നാടിന് സമര്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019
തൃശൂർ
വർഷം ഒരുകോടി മത്സ്യക്കുഞ്ഞുൽപ്പാദനശേഷിയുള്ള ഹാച്ചറി ഉൾപ്പെടെയുള്ള പീച്ചി ഫിഷറീസ് കോംപ്ലക്സ്  നാടിന് സമർപ്പിച്ചു. ശുദ്ധജല മത്സ്യകർഷകർക്ക് വൻ പ്രതീക്ഷയേകുന്നതാണ് പദ്ധതി.  മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ‌്തു. സി എൻ ജയദേവൻ എംപി അധ്യക്ഷനായി. നിർമിതി കേന്ദ്രം പ്രോജക്ട് മാനേജർ എം എം ബോസ്കോ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  മേരി തോമസ്, ഒല്ലൂക്കര ബ്ലോക്ക്  പ്രസിഡന്റ് ഐ എസ് ഉമാദേവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്  കെ വി അനിത വാസു എന്നിവർ മുഖ്യാതിഥികളായി. സിപിഐ എം മണ്ണുത്തി ഏരിയസെക്രട്ടറി എം എം അവറാച്ചൻ,  ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെന്നി, ജില്ലാപഞ്ചായത്തംഗം ലില്ലി ഫ്രാൻസിസ്, പഞ്ചായത്തംഗം ഫൗസിയ മൊയ്തീൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ സുഹൈർ എന്നിവർ സംസാരിച്ചു. ഫിഷറീസ്  ജോയിന്റ്  ഡയറക്ടർ എം എസ് സാജു സ്വാഗതവും ഡോ. നവ്യ നന്ദിയും പറഞ്ഞു. 
64 കോടി രൂപ മുതൽമുടക്കിലുളള കെട്ടിടത്തിൽ ഓഫീസ് കെട്ടിടം, ഇൻഡോർ ഹാച്ചറി, ട്രെയിനിങ് ഹാൾ, റിപ്പയറിങ് ടാങ്കുകൾ, അനുബന്ധന സജ്ജീകരണങ്ങൾ എന്നിവയുണ്ട്. ഒരുകോടി മത്സ്യക്കുഞ്ഞുൽപ്പാദനം നടത്തുന്ന ഹാച്ചറിയും നിർമിച്ചിട്ടുണ്ട്.
രോഗബാധയില്ലാത്ത ശുദ്ധമായ മത്സ്യക്കുഞ്ഞുങ്ങളെ ഈ ഹാച്ചറിയിൽനിന്നും ലഭിക്കും. ഹാച്ചറിയിൽനിന്ന് ഈ വർഷം ഇതികനം 45 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ചു.  
കട്ട്ല, രോഹു, കോമൺ കാർപ്പ്, കരിമീൻ, ഗിഫ്റ്റ് (തിലാപ്പിയ) തുടങ്ങി ശുദ്ധജല മത്സ്യവിത്ത് ഇനങ്ങളാണ് പ്രധാനമായും ഉൽപ്പാദിപ്പിക്കുന്നത്. ഇതിനായി അഞ്ച്സെന്റ് വീതമുള്ള 11 ടാങ്കുൾപ്പെടെ വിവിധ ടാങ്കുകൾ നിർമിച്ചു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം 2016–- 17,2017–- 18 സാമ്പത്തിക വർഷങ്ങളിലായി  ഫണ്ട്  അനുവദിച്ചാണ് മത്സ്യമേഖലയിലാകെ പുത്തനുണർവ് നൽകുന്ന ഈ സ്വപ്ന പദ്ധതി പൂർത്തീകരിച്ചത്.
പ്രധാന വാർത്തകൾ
Top