12 December Wednesday

അന്തിമ പോരാട്ടത്തിന്റെ ഘട്ടമായി: കെ രാധാകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് തൃശൂരില്‍ നടന്ന പൊതുയോഗം സിപിഐ എം കേന്ദ്ര കമ്മിറ്റിം അംഗം കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
മോഡി ഭരണത്തിൽ സാധാരണക്കാരന് ജീവിക്കാൻ കഴിയാത്ത അവസ്ഥയായെന്ന് ഓരാ ദിനം കഴിയുന്തോറും കൂടുതൽ  വ്യക്തമാവുകയായാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ പറഞ്ഞു. മോഡി ഭരണത്തെ താഴെയിറക്കാനുള്ള ആത്യന്തിക സമരത്തിന്റെ ഘട്ടമായിരിക്കുന്നു.  ഇനിയും അധികാരത്തിൽ വരുമെന്ന് അഹന്തകൊള്ളുന്ന ബിജെപിയെ പുറന്തള്ളാൻ വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രയോജനപ്പെടുത്തി മാത്രമേ ജനകോടികളെ  ദുരിത ഭരണത്തിൽനിന്ന് രക്ഷിക്കാനാകൂ എന്നും രാധാകൃഷ്ണൻ വ്യക്തമാക്കി. പെട്രോൾ, ഡീസൽ, പാചകവാതക  വിലവർധനയിൽ പ്രതിഷേധിച്ച് എൽഡിഎഫ് സംഘടിപ്പിച്ച ഹർത്താലിന്റെ  ഭാഗമായി തൃശൂരിലെ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോഡി നാലു വഷത്തിലേറെയായി രാജ്യം ഭരിക്കുന്നത് കോർപറേറ്റുകൾക്കും അതിസമ്പന്നർക്കുംവേണ്ടിയാണെന്ന് തെളിയിക്കുന്ന പ്രകടമായ നടപടിയാണ് അടിക്കടിയുള്ള ഇന്ധന, പാചകവാതക വിലവർധന.   കോൺഗ്രസ് നടപ്പാക്കിയ ജനവിരുദ്ധനയങ്ങൾ കൂടുതൽ ശക്തിയോടെ നടപ്പാക്കുകയാണ്  മോഡി സർക്കാർ. 2010ൽ  മൻമോഹൻസിങ‌് നയിച്ച യുപിഎ സർക്കാർ പെട്രോൾ  വില മാത്രം നിർണയിക്കാനുള്ള അവകാശം പെട്രോളിയം കമ്പനികൾക്ക് നൽകി. അതിനെ അന്ന് ബിജെപി എതിർത്തതാണ്. എന്നാൽ,  പിന്നീട് അധികാരത്തിൽ വന്ന ബിജെപി എല്ലാ പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വില നിർണയിക്കാനുള്ള അവകാശം കമ്പനികൾക്ക് വിട്ടുകൊടുത്തു.  ഇതോടെ ജനജീവിതം കൂടുതൽ ദുസ്സഹമായി.  ഇതു വഴി എണ്ണക്കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കിക്കൊടുക്കുകയാണ്.  മോഡി ഭരണം  കോർപറേറ്റുകൾക്ക് നാലുലക്ഷം കോടി രൂപയുടെ നികുതിയിളവ് നൽകിയപ്പോൾ സാധാരണക്കാരിൽനിന്ന്  അഞ്ചര ലക്ഷം കോടി പെട്രോളിയം എക്സൈസ് തീരുവയിനത്തിൽ   കൊള്ളയടിച്ചു. 
നരേന്ദ്ര മോഡി സർക്കാർ തീവ്രതയോടെ നടപ്പാക്കുന്ന നവലിബറൽ നയങ്ങൾക്കെതിരെ ഇടതുപക്ഷം  പോരാട്ടത്തിലാണ്. എന്നാൽ, ഈ പ്രക്ഷോഭങ്ങളെ അവഗണിച്ചും സാധാരണക്കാരെ വെല്ലുവിളിച്ചുമാണ് ബിജെപി സർക്കാർ ഭരണത്തിന്റെ അന്ത്യനാളുകളിലേക്ക് കടക്കുന്നത്. ബിജെപിക്കാർ വിശേഷിപ്പിക്കുന്ന ചായക്കടക്കാരന്റെ മകനായ മോഡി സംരക്ഷിക്കുന്നത് സമ്പന്നരുടെയും വിദേശ കുത്തകകളുടെയും താൽപ്പര്യമാണ്. പ്രളയക്കെടുതിയിൽപ്പെട്ട കേരളത്തിലെ പാവങ്ങളെപ്പോലും ദ്രോഹിക്കുന്നു. പ്രളയത്തിൽ പാചക വാതക സിലിണ്ടറുകൾവരെ ഒലിച്ചുപോയ ജനങ്ങൾക്കുള്ള കേന്ദ്രസർക്കാരിന്റ സമ്മാനമാണ് പെട്രോൾ ഡീസൽ പാചകവാതക വിലവർധനയിലൂടെ നൽകിയതെന്നും രാധാകൃഷ്ണൻ പറഞ്ഞു. കോർപറേഷൻ ഓഫീസ് പരിസരത്ത് ചേർന്ന പൊതുയോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് അധ്യക്ഷനായി.
പ്രധാന വാർത്തകൾ
Top