19 November Monday

വെള്ളം കയറി വൻ കൃഷി നാശം

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018
ഒല്ലൂർ
മഴക്കെടുതിയിൽ വെള്ളം കയറി വൻ കൃഷി നാശം; ഓണവിപണി ലക്ഷ്യംവച്ച് കൃഷിയിറക്കിയ കർഷകർക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ. 
കനത്ത മഴയെത്തുടർന്ന് മണലിപ്പുഴ കരകവിഞ്ഞും തോടുകൾ നിറഞ്ഞൊഴുകിയും കാർഷിക പഞ്ചായത്തുകളായ പുത്തൂർ, തൃക്കൂർ, നെന്മണിക്കര പഞ്ചായത്തുകളിൽ വൻതോതിൽ കൃഷി നശിച്ചു. ഒരു ലക്ഷത്തിലധികം നേന്ത്രവാഴകളാണ് വെള്ളത്തിലായത്. പുത്തൂർ പഞ്ചായത്തിൽ കൈനൂർ, മരോട്ടിച്ചാൽ, കാഞ്ഞാണിത്തോപ്പ്, മാന്ദാമംഗലം, വെട്ടുക്കാട്, പുഴമ്പള്ളം ദേശങ്ങളിലാണ് വ്യാപകമായി കൃഷി നശിച്ചത്. ഇവിടങ്ങളിലായി ഇരുപതിനായിരത്തിലധികം വാഴ വെള്ളത്തിലായി. 9000ത്തിലധികം കുലച്ച വാഴകൾ  നശിച്ചു. ജാതിയും, കൊള്ളി, പയർ, പാവക്ക തുടങ്ങിയ പച്ചക്കറി കൃഷികളും വെള്ളത്തിലായി. വെള്ളം ഇറങ്ങാൻ താമസിച്ചാൽ  കർഷകർക്ക് വലിയ നഷ്ടം ഉണ്ടാകും. തൃക്കൂർ പഞ്ചായത്തിൽ വിവിധ മേഖലകളിൽ വെള്ളം കയറി അമ്പതിനായിരത്തിലധികം വാഴ വെള്ളത്തിലായി. കള്ളായി, വെള്ളാനിക്കോട്, മതിക്കുന്ന്, പടിഞ്ഞാട്ടുമുറി തുടങ്ങിയ മേഖലകളിലാണ് വെള്ളം കയറിയത്. 
നെന്മണിക്കര പഞ്ചായത്തിൽ ചെറുവാൾ, പാഴായി, പുലക്കാട്ടുക്കര തുടങ്ങിയ മേഖലകളിലായി 25000ത്തിലധികം കുലച്ച വാഴ വെള്ളത്തിലായി. ഇതിൽ പതിനായിരത്തിലധികം വാഴ പൂർണമായും നശിച്ചു. ചെറുവാളിൽ 25‐ാഓളം കർഷകരുടെയും  പുലക്കാട്ടുകരയിൽ പത്തോളം കർഷകരുടെയും വാഴകളാണ് നശിച്ചത്. ആയിരത്തിലധികം ജാതിയും കൊള്ളി കൃഷിയും നശിച്ചു.  സർക്കാർ നഷ്ടപരിഹാരമായി നൽകുന്നത് കുലച്ച വാഴകൾക്ക് ഒന്നിന് 100 രൂപയാണ്. ഇൻഷുറൻസ് ചെയ്ത വാഴ ഒന്നിന് 300 രൂപയാണ് ലഭിക്കുക. എന്നാൽ ഭൂരിഭാഗം കർഷകരും ഇൻഷുറൻസ് ചെയ്യാത്തവരാണ്. വലിയ തോട്ടങ്ങൾ ഉള്ള കർഷകർക്ക് ഭീമമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പലരും വായ്പയെടുത്തും ലോണെടുത്തുമാണ് ക്യഷിയിറക്കിയിരിക്കുന്നത്. ഓണവിപണിയിൽ പ്രതീക്ഷയർപ്പിച്ച് ക്യഷിയിറക്കിയ കർഷകർക്ക് ദുരിതമാണ്  മഴ നൽകിയത്.
പ്രധാന വാർത്തകൾ
Top