11 December Tuesday

ജില്ലയിലെ എല്ലാ ഡാമുകളും തുറന്നു; പുഴകൾ കരകവിയുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

കനത്ത മഴയെത്തുടര്‍ന്ന് ചിമ്മിണി ഡാം തുറന്നപ്പോള്‍

തൃശൂർ 
ജലനിരപ്പ് ഉയർന്നതോടെ ചിമ്മിണി ഡാമിന്റെ ഷട്ടറുകൾ  തുറന്നു. ഇതോടെ ജില്ലയിലെ എല്ലാ ഡാമുകളുടേയും ഷട്ടർ തുറന്ന അവസ്ഥയാണ‌്. ആഗസ്ത് മധ്യം കഴിയാതെ ഡാമുകൾ നിറഞ്ഞ ചരിത്രമില്ല. ഓണത്തിനുമുമ്പ് എല്ലാ ഡാമുകളും തുറക്കുന്നതും ആദ്യം. അതോടൊപ്പം കാലവർഷം രണ്ടര മാസം തികയും മുമ്പേ റെക്കോഡ് ജലസംഭരണമാണ് ഡാമുകളിലെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച പകൽ 2.10നാണ് ചിമ്മിണിയുടെ നാലു ഷട്ടറുകളും രണ്ടിഞ്ചു വീതം തുറന്നത്. 76.4 മീറ്റർ ജലസംഭരണ ശേഷിയുള്ള ചിമ്മിണി ഡാമിൽ ജലനിരപ്പ് 76 മീറ്ററായപ്പോഴാണ് ഷട്ടറുകൾ തുറന്നത‌്. നീരൊഴുക്ക് നോക്കിയാകും ഷട്ടറുകൾ കൂടുതൽ തുറക്കണോയെന്ന‌് തീരുമാനിക്കാനാവൂയെന്ന് ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനിയർ കെ രാധാകൃഷ്ണൻ പറഞ്ഞു. 
27ന് രണ്ടിഞ്ചു വീതം നാലു ഷട്ടറും തുറന്ന പീച്ചിഡാമിൽ ഇപ്പോൾ അഞ്ചിഞ്ച് വീതം വെള്ളം തുറന്നുവിടുന്നു. 79.25 മീറ്ററാണ് പരമാവധി ജലസംഭരണം. ഇപ്പോൾ 78 മീറ്ററിലധികം വെള്ളമുണ്ട്. ഒരാഴ്ചയായി ഷട്ടറുകൾ തുറന്ന വാഴാനി ഡാമിൽ അഞ്ചു സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. നേരത്തേ 17 സെന്റിമീറ്റർവരെ ഉയർത്തിയിരുന്നു. 62.40 മീറ്റർ സംഭരണശേഷിയുള്ള വാഴാനി ഡാമിൽ ഇപ്പോൾ 62 മീറ്ററാണ് ജലനിരപ്പ്. കെഎസ്ഇബിക്കു കീഴിലുള്ള പെരിങ്ങൽക്കുത്ത്, ലോവർ ഷോളയാർ ഡാമുകളുടെയും ഷട്ടറുകൾ വൻ തോതിൽ ഉയർത്തിയിട്ടുണ്ട്. തമിഴ്നാടിന്റെ അധീനതയിലുള്ള അപ്പർ ഷോളയാറിന്റെയും ഷട്ടറുകൾ തുറന്നു. ഈ ഡാമുകളിലെ വെള്ളം ഒന്നിച്ചു വരുന്നതിനാലാണ് ചാലക്കുടി പുഴ കര കവിയുന്നത്.
പ്രധാന വാർത്തകൾ
Top