20 November Tuesday

ലോക കപ്പ്‌ ആവേശമുയർത്തി റോഡ് ഷോ

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018

ലോകപ്പിന്റെ മുന്നോടിയായി എഫ്‌സി കേരളയും പ്രസ്സ്‌ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച റോഡ്‌ഷോ തെക്കേഗോപുര നടയിൽ എത്തിയപ്പോൾ

തൃശൂർ 
കുരുന്നുകൈകളിൽ ഫുട്‌ബോൾ രാജാക്കന്മാരുടെ രാജ്യങ്ങൾ, താളവാദ്യങ്ങളിലെല്ലാം വമ്പൻ ഫുട്‌ബോൾ രാഷ്ട്രങ്ങളുടെ പതാകകൾ, പെൺകുട്ടികളുടെ കൈകളിൽ 32 ലോകകപ്പ് രാഷ്ട്രങ്ങളുടെയും ഇന്ത്യയുടെയും പതാകയേന്തിയ ബാനർ, തെരുവിലാകെ ഫുട്‌ബോൾ ജ്വരം..... എഫ്‌സി കേരളയും തൃശൂർ പ്രസ്‌ക്ലബും ചേർന്ന് ഞായറാഴ്ച രാവിലെ തൃശൂർ നഗരത്തിൽ ഒരുക്കിയ ഫുട്‌ബോൾ റോഡ്‌ഷോയാണ് ആവേശം വാനോളമുയർത്തിയ ലോകകപ്പ് ജ്വരം നാടാകെ പടർത്തിയത്. 
രാവിലെ കോർപറേഷൻ സിന്തറ്റിക് ടർഫ് മൈതാനത്തെ യൂറോപ്യൻശൈലിയിലുള്ള പരിശീലനത്തിനുശേഷമാണ് എഫ്‌സി കേരളയുടെ കുട്ടികൾ ലോകകപ്പ് ആവേശം നാടാകെ പടർത്താൻ രംഗത്തിറങ്ങിയത്. മൈതാനത്തുനിന്ന് റോഡ് ഷോ തുടങ്ങുന്നതിനുമുന്നേ ആർത്തലച്ച് മഴയും കാറ്റും സ്‌റ്റേഡിയത്തിലാകെ പടർന്നിരുന്നു. പ്രകൃതിയുടെ ഈ വികൃതിക്കൊന്നും എൽകെജി ക്ലാസ‌്മുതൽ  എഫ്‌സികേരളയുടെ പ്രൊഫഷണൽ ടീം അംഗങ്ങൾവരെയുള്ള ലോകകപ്പ് പ്രചാരണസംഘാംഗങ്ങളുടെ ആവേശത്തെ തടയാനായില്ല. 
കനത്ത മഴയിലും കുഞ്ഞുങ്ങൾ ലോകകപ്പ് ബാനറിനും രാജ്യങ്ങളുടെ പതാകൾക്കുകീഴിലും അണിനിരന്നു. തൊട്ടുപിന്നാലെ 32 ലോകകപ്പ് രാജ്യങ്ങളുടെ പതാക ആലേഖനം ചെയ്ത പ്ലക്കാർഡുകൾ എത്തി. മിടുക്കന്മാരും മിടുക്കികളും ബ്രസീൽ, അർജന്റീന, ജർമനി, സ്‌പെയിൻ എന്നീ വമ്പൻമാരുടെ പതാകകൾ തിക്കും തിരക്കും കൂട്ടി സ്വന്തമാക്കി. മുൻനിരയിൽ വാദ്യമേളക്കാർ, രണ്ടാംനിരയിൽ എഫ്‌സി കേരളയുടെ താരങ്ങൾ, ഏറ്റവും പിന്നിൽ എഫ്‌സി കേരളയുടെ കൂറ്റൻ ഫ്ലക്‌സേന്തിയ യുവാക്കളും നിരന്നു.
ലോകകപ്പ് രാജ്യങ്ങളുടെ തൂവൽതൊപ്പിയണിഞ്ഞ വാദ്യസംഘത്തിന്റെ നേതൃത്വത്തിലുള്ള കൊട്ട് മുറുകിയതോടെ, മഴയിൽ കുതിർന്ന കുഞ്ഞുമനസ്സുകളും ലോകകപ്പ് ജ്വരത്തിലേക്ക് ഉയർന്നു. റോഡ് ഷോ സ്‌റ്റേഡിയം വിട്ട് വടക്കേ സ്റ്റാൻഡിലേക്ക് പ്രവേശിച്ചതോടെ കാഴ്ചക്കാരും ഫുട്‌ബോൾലഹരിയിൽ അമർന്നു. കരുണാകരൻനമ്പ്യർ റോഡിൽനിന്ന് റോഡ്‌ഷോ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുമ്പോൾ മഴയും ഫുട്‌ബോൾആവേശവും പതിന്മടങ്ങ് ഉയർന്നു. 
റൗണ്ടിലേക്ക് പ്രവേശിച്ചതോടെ, കുട്ടികൾക്കൊപ്പം പരിശീലകരും, ഫുട്‌ബോൾപ്രേമികളും ലോകകപ്പ് പ്രചാരണത്തിൽ പങ്കുചേർന്നു. ഗേൾസ് ഹൈസ്‌കൂൾ, പാറമേക്കാവ്, ജനറൽ ആശുപത്രിവഴി  റോഡ്‌ഷോ തെക്കേനടയിലേക്ക് കയറിയതിനുപിന്നാലെ മാനം തെളിഞ്ഞു. റോഡ്‌ഷോയുടെ വിവരം നേരത്തേകൂട്ടി അറിഞ്ഞെത്തിയ ഫുട്‌ബോൾ പ്രേമികളും തെക്കേ ഗോപുരനടയിൽ സംഗമിച്ച ലോകകപ്പ് റാലിയിൽ പങ്കുചേർന്നു. കുട്ടികൾക്കൊപ്പം, റഷ്യയിൽ തുടങ്ങാനിരിക്കുന്ന ഫുട്‌ബോൾ മാമാങ്കത്തെ വരവേറ്റ് ഗോപുരനടയിൽ നൃത്തംവച്ചു. ഷൂട്ടൗട്ട് മത്സരവും ഫുട്‌ബോൾ സ്‌കിൽ പ്രദർശനവും ഉണ്ടായി. 
കെഎഫ്എ സീനിയർ വൈസ് പ്രസിഡന്റ് കെ പി സണ്ണി, എഫ്‌സി കേരള ഡയറക്ടർ വി എ നാരായണമേനോൻ, ചീഫ് കോച്ച് പി എ പുരുഷോത്തമൻ,  കെ എ നവാസ്, പ്രസ് ക്ലബ് പ്രസിഡന്റ് കെ പ്രഭാത്, സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി സുരേഷ്, ഡിഎഫ്എ സെക്രട്ടറി ഡേവിസ് മൂക്കൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പുതുമയാർന്ന ലോകകപ്പ് റോഡ്‌ഷോ തൃശൂർ നഗരഹൃദയത്തിൽ അരങ്ങേറിയത്.
പ്രധാന വാർത്തകൾ
Top