16 November Friday

മണലൂർ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രം ഇനി മികവിന്റെ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018
മണലൂർ
 സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതി പ്രകാരം പ്രവർത്തന മികവ് തെളിയിച്ച മണലൂർ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രം മികവിന്റെ ചികിത്സാ കേന്ദ്രമാകുന്നു. ഒരു ഡോക്ടറും അഞ്ച‌് ജീവനക്കാരുമായി 1971ൽ ആരംഭിച്ച സർക്കാർ ഡിസ്പെൻസറി നിലവിൽ മൂന്ന് ഡോക്ടർമാർ ഉൾപ്പടെ 25 ജീവനക്കാരുള്ള ഒരു മാതൃകാ കുടുംബാരോഗ്യ കേന്ദ്രമായി.
ആർദ്രം പദ്ധതിയിലൂടെ മണലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. മുരളി പെരുനെല്ലി എം എൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും 20 ലക്ഷം രൂപ ഉയോഗിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയത്. നവീകരിച്ച ലാബ് , 100 പേർക്ക് ഇരിക്കാവുന്ന  ഡോക്ടറെ കാണാനുള്ള ആധുനിക രീതിയിലുള്ള കാത്തിരിപ്പ് കേന്ദ്രം, രോഗികൾക്ക് സ്വാകാര്യത ഉറപ്പുവരുത്തുന്ന രീതിയിലുള്ള പരിശോധനാ മുറികൾ, സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി മണലൂർ പഞ്ചായത്ത് നിർമിച്ച ആധുനിക ലബോറട്ടറി രജിസ്ട്രേഷൻ കൗണ്ടർ, ആശ്വാസ് എന്ന പേരിൽ വിഷാദ രോഗത്തിന് ചികിത്സ, ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ഹാൻഡ് റയിലുകൾ, റാമ്പുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഒരു മെഡിക്കൽ ഓഫീസറെയും രണ്ട‌് സ്റ്റാഫ് നേഴ്സിനെയും നിയമിച്ചു.
നിലവിൽ മൂന്ന് മെഡിക്കൽ ഓഫീസർമാരുള്ള ഈ കുടുംബാരോഗ്യകേന്ദ്രത്തിൽ ഉച്ചതിരിഞ്ഞും ഒ പി പ്രവർത്തിക്കുന്നുണ്ട്. ഒപ്പം സായാഹ്ന ഒപിയും പ്രവർത്തന സജ്ജമാണ്. 2015ൽ ആരോഗ്യരംഗത്തെ മികച്ച പദ്ധതി നിർവഹണത്തിന് ആരോഗ്യം കേരളം പുരസ്കാരം കരസ്ഥമാക്കി. 2016ൽ മികച്ച അടിസ്ഥാന സൗകര്യവും രോഗികൾക്ക് കിട്ടുന്ന സേവനത്തിന്റെയും അടിസ്ഥനത്തിലുള്ള കേരള സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ച   ജില്ലയിലെ ഏക സർക്കാർ സ്ഥാപനവും മണലുർ കുടുംബാരോഗ്യ കേന്ദ്രമാണ്. 2017‐18വർഷത്തെ ജില്ലയിലെ മികച്ച ആരോഗ്യ കേന്ദ്രങ്ങൾക്കുള്ള കായ കൽപ്പ അവാർഡും നേടി. നിലവിൽ (എൻക്യൂഎസ്) ദേശീയ നിലവാരത്തിലേക്ക് പ്രവർത്തനങ്ങൾ ഉയർത്തുന്നതിനുള്ള തീവ്രശ്രമങ്ങളാണ് നടക്കുന്നതെന്ന് സൂപ്രണ്ട് ഡോ. എം എസ് റാണ പറഞ്ഞു.
പ്രധാന വാർത്തകൾ
Top