17 December Monday

കർഷകദുരിതം കലർന്ന ഒപ്പുകൾ കലക്ടർക്ക് കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018
തൃശൂർ
കർഷകരെ കൂട്ട ആത്മഹത്യയിലേക്ക് തള്ളിവിട്ട മോഡി സർക്കാരിന്റെ കർഷകവിരുദ്ധനയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം ശേഖരിച്ച ഒപ്പുകൾ കലക്ടർക്ക് കൈമാറി. കൃഷിക്കാരുടെ കാർഷികോൽപ്പന്നങ്ങൾക്ക് വിലയില്ലാതെയും വളം ഉൾപ്പെടെ കാർഷിക അനുബന്ധ സാധനങ്ങൾക്ക് കുത്തനെ വില വർധിപ്പിച്ചുമാണ‌്  കേന്ദ്രസർക്കാർ തുടർച്ചയായി കർഷകരെ വഞ്ചിക്കുന്നത്. ഇതേത്തുടർന്നാണ് കിസാൻസഭ നേതൃത്വത്തിൽ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങിയത്. 
രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, യുപി, തമിഴ്നാട്, കർണാടക, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. അധികാരത്തിലെത്തിയാൽ കാർഷിക കടം എഴുതിത്തള്ളുമെന്ന് പറഞ്ഞും മോഡി കർഷകരെ വഞ്ചിച്ചു. തുടർപ്രക്ഷോഭത്തിന്റെ ഭാഗമായി പത്തുകോടി ഒപ്പാണ് കിസാൻസഭാ നേതൃത്വത്തിൽ ശേഖരിച്ചത്. ഒപ്പുശേഖരണത്തിന്റെ ഭാഗമായി ജില്ലയിൽ കർഷകസംഘം നേതൃത്വത്തിൽ പഞ്ചായത്തുകൾതോറും കുടിലുകെട്ടി ഒപ്പുശേഖരിച്ചിരുന്നു.  ആറുലക്ഷം ഒപ്പുകളാണ് ജില്ലയിൽ ശേഖരിച്ചത്. പ്രധാനമന്ത്രിക്ക് നൽകുന്നതിനുള്ള കർഷകരുടെ ഒപ്പുകൾ, തെക്കേ ഗോപുരനടയിലെ സമരകേന്ദ്രത്തിൽനിന്ന് തള്ളുവണ്ടിയിൽ കയറ്റിയാണ് കലക്ടറേറ്റിലെത്തിച്ചത്. തുടർന്ന് ഒപ്പുകൾ കർഷകസംഘം നേതാക്കൾ കലക്ടർക്ക് കൈമാറി.

 

പ്രധാന വാർത്തകൾ
Top