21 June Thursday

ഗുരുവായൂർ ഉത്സവത്തിന് ആറാട്ടോടെ കൊടിയിറക്കം

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018
ഗുരുവായൂർ > ഗുരുവായൂർ ഉത്സവം ആറാട്ടോടെ കൊടിയിറങ്ങി. വ്യാഴാഴ്്ച രാത്രി പത്തിന് നടന്ന ആറാട്ടോടെയും പതിനൊന്ന് ഓട്ടപ്രദക്ഷിണത്തോടെയുമാണ് പത്തുനാൾ നീണ്ട ഉത്സവത്തിന് സമാപനമായത്. 
നാലോടെ ആറാട്ടിന്റെ അനുബന്ധ ചടങ്ങുകൾക്ക് തുടക്കമായി. വൈകിട്ട് അഞ്ചോടെ തന്ത്രി ചേന്നാസ് നമ്പൂതിരിപ്പാട് പഞ്ചലോഹ വിഗ്രഹം കൊടിമരച്ചുവട്ടിൽ പഴുക്കാമണ്ഡപത്തിലേക്ക്    എഴുന്നള്ളിച്ചു. ചേറ്റാനിക്കര വിജയൻ, ചെർപ്പുളശേരി ശിവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ്് ഗ്രാമപ്രദക്ഷിണം ആരംഭിച്ചത്. തുടർന്ന് വടക്കേ നടയ്ക്കൽ എഴുന്നള്ളിച്ചു നിർത്തിയശേഷം പഞ്ചവാദ്യം അവസാനിപ്പിച്ച് പെരുവനം കുട്ടൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള മേളം തുടങ്ങി. പ്രദക്ഷിണം കഴിഞ്ഞ് ആറാട്ട് കടവിലെത്തി.   തുടർന്ന് തന്ത്രി ചേന്നാസ്  നമ്പൂതിരിപ്പാട് വിഗ്രഹവുമായി തീർഥക്കുളത്തിൽ സ്നാനം ചെയ്തു.  ക്ഷേത്രക്കുളത്തിൽ പതിനായിരങ്ങളാണ് ആറാട്ടിനെത്തിയത്. തുടർന്ന് ഉച്ചപ്പൂജ നിവേദ്യം നടന്നു. ഉച്ചപ്പൂജയ്ക്കുശേഷം പതിനൊന്ന് ഓട്ടപ്രദിക്ഷണത്തിനുശേഷം അർധരാത്രിയിൽ തന്ത്രി ചേന്നാസ്  നമ്പൂതിരിപ്പാട് ഉത്സവം കൊടിയിറക്കി. 
    ആറാട്ടിന്റെ ഭാഗമായി ഗ്രാമപ്രദക്ഷിണത്തിനിറങ്ങിയപ്പോൾ ജാതിമതഭേദമില്ലാതെ ഗുരുവായൂർ ക്ഷേത്രപാതകളിൽ  ആയിരക്കണക്കിന് നിറപറകളാണ് സ്വീകരിക്കാനായി  നിരന്നത്. ഗുരുവായൂരിലെ മുഴുവൻ കച്ചവടസ്ഥാപനങ്ങളും ഓഫീസുകളും പറ നിരത്തി ഉത്സവത്തിൽ പങ്കാളികളായി.
പ്രധാന വാർത്തകൾ
Top