14 December Friday
മുഖ്യമന്ത്രി ഉദ‌്ഘാടനം ചെയ്യും

ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സമർപ്പണം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 7, 2018
 
തൃശൂർ
ഗുരുവായൂർ നഗരസഭ നിർമിച്ച ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരകത്തിന്റെയും ഗുരുവായൂർ ദേവസ്വത്തിന്റെ ആധുനിക സിസിടിവി ക്യാമറ നെറ്റ് വർക്ക് സംവിധാനത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ പ്രൊഫ. പി കെ ശാന്തകുമാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.  വ്യാഴാഴ്ച  രാവിലെ പത്തിന് ഗുരുവായൂർ കിഴക്കേനടയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മന്ത്രി കടകംപിള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. 
 നവോത്ഥാനകാലഘട്ടത്തിൽ ക്ഷേത്രപ്രവേശന വിളംബരം  ഉൾപ്പെടെയുള്ള ചരിത്രസംഭവങ്ങളെ ഭാവിതലമുറയ്ക്ക് പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഒരു കോടി രൂപ ചെലവഴിച്ച് കെ കേളപ്പൻ സ്മാരകകവാടവും മൈതാനം മനോഹരമാക്കലും  ക്ഷേത്രപ്രവേശന സത്യഗ്രഹവേദിയും ഒരുക്കിയത്. പ്രസാദം പദ്ധതിയുടെ ഭാഗമായി ക്ഷേത്രസുരക്ഷയ്ക്കായി അനുവദിച്ച നാലുകോടി രൂപ ഉപയോഗിച്ചാണ‌് ആധുനിക നെറ്റ് വർക്കിങ് ഇൻഫ്രാ സെക്ടർ സംവിധാനമുള്ള സിസിടിവി ഒരുക്കിയത്. 
ഇതിൽ മോഷ്ടാക്കളുടെയും ക്രിമിനൽ സ്വഭാവമുള്ളവരുടെയും വിവരം നൽകും. പത്ത‌് ക്യാമറകൾ സ്ഥാപിക്കും. ക്രിമിനലുകൾ ക്ഷേത്രത്തിലെത്തിയാൽ സംവിധാനം മുന്നറിയിപ്പ് നൽകുന്നതോടെ അവരെ തിരിച്ചറിയാനാവും. സ്ത്രീകളുടെ മാല പൊട്ടിക്കൽ അടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്താനാണിത്. പ്രളയത്തെത്തുടർനുള്ള മാസങ്ങളിൽ ക്ഷേത്രത്തിലെ കാണിക്ക വരുമാനത്തിൽ നേരിയ കുറവുണ്ടായി. ആരെങ്കിലും പ്രഖ്യാപനം നടത്തിയതിന്റെ അടിസ്ഥാനത്തിലല്ല ഇത്തരത്തിൽ കുറവുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ  ഭക്തരെ ഫോട്ടോയെടുത്ത് ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു. 
ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായി ആനകളെ പീഡിപ്പിക്കുന്നുവെന്ന് പറയുന്നത് ശരിയല്ലെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് പറഞ്ഞു.  ആചാരത്തിന്റെ ഭാഗമായി  ആനനടത്തമാണ് സംഘടിപ്പിക്കുന്നത്. നിലവിൽ ദേവസ്വത്തിന് 48 ആനയുണ്ട്. 18.5 ഏക്കർ സ്ഥലമാണുള്ളത്. ഒരു ആനയ‌്ക്ക് രണ്ടര ഏക്കർ സ്ഥലം വേണമെന്ന കേന്ദ്ര വനം മന്ത്രാലയ നിർദേശം പരിശോധിച്ച് ആവശ്യമെങ്കിൽ കൂടുതൽ സ്ഥലം വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഗുരുവായൂർ നഗരസഭാ വൈസ് ചെയർമാൻ കെ പി വിനോദ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിർ എന്നിവരും പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top