12 December Wednesday
പ്രളയം

ജില്ലയില്‍ നഷ്ടം 4000 കോടി; കേന്ദ്ര സഹായം വട്ടപ്പൂജ്യം

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018
 
തൃശൂർ
ജില്ലയിൽ പ്രളയത്തിൽ 2300 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഔദ്യോഗിക കണക്ക്. വിവിധ വകുപ്പുകളിൽനിന്ന് ലഭിച്ച  കണക്കുപ്രകാരമാണ് നഷ്ടം കണക്കാക്കിയത്. എന്നാൽ പലരും വ്യക്തിഗത നഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാപാരികൾക്കുണ്ടായ നഷ്ടമുൾപ്പെടെ കണക്കാക്കിയാൽ 4000 കോടിയോളം വരും. സംസ്ഥാന സർക്കാർ വിവിധ സഹായങ്ങളുമായി രംഗത്തുണ്ടെങ്കിലും കേന്ദ്രസഹായം ഒരു പൈസപോലും ലഭിച്ചിട്ടില്ല. പ്രളയംകഴിഞ്ഞ് നൂറുനാൾ പിന്നിട്ടിട്ടും കേന്ദ്രപദ്ധതികളൊന്നും ജില്ലയുടെ പുനർനിർമാണത്തിന് പ്രഖ്യാപിച്ചിട്ടില്ല. ജില്ലയിൽ ചീരക്കുഴി, പെരിങ്ങൽക്കുത്ത് ഡാമുകൾ ഉൾപ്പെടെ തകർന്നിട്ടും കേന്ദ്രാവിഷ്കൃത ഫണ്ടുകളും അനുവദിച്ചിട്ടില്ല.   
 19 ജീവനെടുത്ത  കുറാഞ്ചേരി ഉരുൾപൊട്ടലും വെള്ളത്തിൽമുങ്ങിയ ചാലക്കുടിയും ഉൾപ്പെടെ ജില്ലയിൽ വൻനാശമാണ് സംഭവിച്ചത്.   ജില്ലയെ വീണ്ടെടുക്കാനുള്ള തീവ്രശ്രമങ്ങൾ  പുരോഗമിക്കുകയാണ്. ജില്ലയിൽ കാലവർഷത്തിൽ 12 പേരുൾപ്പെടെ സംസ്ഥാനത്ത്‌ 74 പേർ പ്രളയത്തിൽ മരിച്ചു.  3597 വീടുകളാണ് പൂർണമായും തകർന്നത്. 324 എണ്ണം 75 ശതമാനവും തകർന്നു. 23172 വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. 34 ക്യാമ്പുകളിലായി 739 പേർ ഇപ്പോഴും  കഴിയുന്നുണ്ട്. 211 കുടുംബങ്ങളാണ്   ക്യാമ്പിൽ കഴിയുന്നത്.  ഉരുൾപൊട്ടൽ ഉൾപ്പെടെയുണ്ടായ മേഖലകളിൽ വീടുകളിലേക്ക് തിരിച്ചുപോകാൻ കഴിയാത്തവരാണ് ക്യാമ്പുകളിൽ കഴിയുന്നവരിൽ ഭൂരിഭാഗവും. വീട് പൂർണമായും തകർന്നവരും ഇതിലുൾപ്പെടും. 
വീടുകൾ 53840.04 ലക്ഷം, പൊതുകെട്ടിടങ്ങൾ 2219.060 ലക്ഷം,  പിഡബ്ല്യുഡി റോഡുകൾ 35272.080 ലക്ഷം, എൽഎസ്ജിഡി റോഡുകൾ 12790.29 ലക്ഷം. വാട്ടർ അതോറിറ്റി 2589 ലക്ഷം, ഇറിഗേഷൻ 12818 ലക്ഷം, ഫിഷറീസ് 7563.82 ലക്ഷം, ടൂറിസം 3200 ലക്ഷം, വ്യവസായം 14429 ലക്ഷം, കാർഷിക മേഖല 16003 ലക്ഷം, മൃഗസംരക്ഷണം 2355.76 ലക്ഷം,  എനർജി ആൻഡ‌് പവർ 8224.41 ലക്ഷം, വനം 501.55 ലക്ഷം, തൊഴിൽ 400000 ലക്ഷം,  സിവിൽ സപ്ലൈസ് 214.67 കോടി, ആരോഗ്യം 755.09 ലക്ഷം, സോളിഡ് വേസ്റ്റ് മാനേജ്മെന്റ് 1533.34 കോടി എന്നിങ്ങനെയാണ് കണക്ക്. കാർഷിക മേഖലയുടെ നഷ്ടം ഈ കണക്കിലും കൂടുതലാണ്‌. 
കേന്ദ്രസഹായം ഒന്നും ലഭിച്ചിട്ടില്ല. നബാർഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്നും കാർഷിക ആവശ്യങ്ങൾക്ക് ഫണ്ട് അനുവദിക്കാവുന്നതാണ്. എന്നാൽ ഫണ്ടുകൾ അനുവദിച്ചിട്ടില്ല. ആകെ സംസ്ഥാനത്തിന് 600 കോടി മാത്രമാണ് അനുവദിച്ചത്. ഒരു താലൂക്കിലെ പ്രളയനഷ്ടത്തിനുപോലും ഇത് തികയില്ല. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top