12 December Wednesday

അടിമാലി അപകടം: ഭീതിമാറാതെ കുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

 

പഴയന്നൂർ - 
ആർത്തുല്ലസിച്ച് ചുരമിറങ്ങുന്ന ബസ്. 36 വിദ്യാർഥികളും നാല‌് അധ്യാപികമാരുമടങ്ങുന്ന സംഘം. മൂന്നാറിന്റെ മനോഹാരിത കണ്ടു മടങ്ങുകയായിരുന്നു പഴയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു ബാച്ച‌്. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ  അടിമാലിക്കടുത്ത‌്  ബസ‌് 25 അടി താഴ്ചയിലേക്കു മറിഞ്ഞ അപകടത്തിന്റെ ഭീതി  കുട്ടികളുടെ മനസ്സിൽനിന്ന‌് ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല.   
ബയോളജി ബി ബാച്ചിലെ പി ബി ഐശ്വര്യ അപകടത്തിന്റെ ആ നിമിഷം ഓർത്തെടുക്കുന്നു. ‘അന്താക്ഷരി മത്സരം കളിക്കുകയായിരുന്നു ഞങ്ങൾ. കൂട്ടിന് അധ്യാപകരും, പെട്ടെന്നാണ് ബസ് ആടിയുലഞ്ഞത്, പിന്നെ കുലുക്കവും. പിന്നീട് കൂട്ടനിലവിളിയാണുയർന്നത്. 
തൊട്ടു പിന്നാലെ വന്ന പ്ലസ്ടു ആൺകുട്ടികളുടെ ബസിലെത്തിയവരാണ് ആദ്യ രക്ഷാ പ്രവർത്തനത്തിനെത്തിയത്. അതുവഴിവന്ന പൊലീസും രക്ഷകരായി. ബസിന്റെ ഗ്ലാസ‌് പൊട്ടിച്ച് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയാണ് അധ്യാപിക ശ്രീകലയ്ക്ക് ചീള് തെറിച്ച് കണ്ണിന് പരിക്കേറ്റത്. 
പാത്തുമുത്തു ടീച്ചർക്ക് താടിയിലെ പരിക്കിനെത്തുടർന്ന് തുന്നലിടേണ്ടിയും വന്നു. ആരുടേയും പരിക്ക‌്  സാരമുള്ളതല്ലെന്ന‌് കൊണ്ടാഴി പാറമേൽപ്പടി സ്വദേശിനിയായ ഐശ്വര്യ പറഞ്ഞു. മൂന്നു പ്രാവശ്യം മലക്കം മറിഞ്ഞിരുന്നു ബസ്. വിദ്യാർഥികളിൽ മിക്കവർക്കും ക്ഷതം, മുറിവ്, വേദനയുമൊക്കെയേ ഉള്ളൂ. 
തിങ്കളാഴ‌്ച രാത്രിേയാടെയാണ‌്  രണ്ടു സംഘങ്ങളായി  78 വിദ്യാർഥികളും ആറ‌് അധ്യാപകരുമായി യാത്ര തിരിച്ചത്. അപകടത്തിൽപ്പെട്ടവരെ രക്ഷാ പ്രവർത്തകർ അടിമാലി താലൂക്ക് ആശുപത്രിയിലാണെത്തിച്ചത്. ഫസ്റ്റ് എയ്ഡിനുശേഷം സമീപത്തെ രാജ ഹോട്ടലിൽ വിശ്രമിച്ചു. അപകടവിവരമറിഞ്ഞയുടനെ രക്ഷകർത്താക്കളും പിടിഎ ഭാരവാഹികളും പഴയന്നൂരിലെ കാരുണ്യം വാട്ട്‌സാപ്പ് പ്രവർത്തകരും അടിമാലിയിലെത്തി. 
പകരം ബസ് ഏർപ്പെടുത്തിയശേഷം എല്ലാവരെയും രാവിലെ ആറിന‌് പഴയന്നൂരിലെത്തിച്ചു. നടുക്കംവിട്ടുമാറാതെ എല്ലാവരും വീടുകളിൽ വിശ്രമത്തിലാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top