Top
20
Wednesday, September 2017
About UsE-Paper

ഗ്രാമങ്ങളില്‍ എടിഎമ്മുകള്‍ കാലി

Thursday Jan 5, 2017
വെബ് ഡെസ്‌ക്‌

 

തൃശൂര്‍ > ധനവകുപ്പിന്റെയും ട്രഷറി വകുപ്പിന്റെയും ഇടപെടലിനെത്തുടര്‍ന്ന് രണ്ടാം ദിവസത്തെ ശമ്പള, പെന്‍ഷന്‍ വിതരണം സുഗമമായി. ട്രഷറികളില്‍ നിന്നുള്ള ബില്ലുകളും മാറിക്കൊടുത്തതായി അധികൃതര്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ട തുക അനുവദിക്കാത്തതിനെത്തുടര്‍ന്ന് ബുധനാഴ്ച ജില്ലയിലെ വിവിധ ട്രഷറികളില്‍ ശമ്പള, പെന്‍ഷന്‍ വിതരണം ഭാഗികമായിരുന്നു. എന്നാല്‍, വ്യാഴാഴ്ച ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് ഭൂരിഭാഗംപേര്‍ക്കും ശമ്പളവും പെന്‍ഷനും നല്‍കാനായി. സാധാരണപോലെ സാമ്പത്തിക നീക്കം നടന്നുവെന്ന്  ജില്ലാ ട്രഷറി ഓഫീസര്‍ എം ജെ ശ്രീലത പറഞ്ഞു. ഒന്നരക്കോടി രൂപ ശമ്പള, പെന്‍ഷന്‍ ഇനത്തില്‍ നല്‍കി. 
തൃശൂര്‍ ട്രഷറി ജില്ലയിലെ പത്തു സബ്ട്രഷറികളിലും ഇരിങ്ങാലക്കുട ട്രഷറി ജില്ലയിലെ ട്രഷറികളിലും ശമ്പള, പെന്‍ഷന്‍ വിതരണം  സാധാരണപോലെ നടന്നു. ആദ്യത്തെ പത്തു പ്രവൃത്തി ദിവസങ്ങളിലാണ് സംസ്ഥാനത്ത് പെന്‍ഷനും ശമ്പളവും നല്‍കുന്നത്. അതിനായി 1391 കോടി രൂപ വേണമെന്നിരിക്കെ ആദ്യ ദിനത്തില്‍ 400 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍, ട്രഷറികളിലെ നീക്കിയിരിപ്പും ദൈനംദിന വരവും ഉപയോഗപ്പെടുത്തി പരമാവധി പെന്‍ഷന്‍കാരെയും ശമ്പളക്കാരെയും പ്രയാസപ്പെടുത്താതിരിക്കാന്‍ ധനവകുപ്പ് ഇടപെട്ടു. രണ്ടാം ദിവസവും  ട്രഷറി ഡയറക്ടറേറ്റ് ഇടപെട്ട് പരമാവധി തുക ലഭ്യമാക്കി. പെന്‍ഷനും ശമ്പളവും കിട്ടാന്‍ ബാക്കിയുള്ളവര്‍ക്ക് അടുത്ത ദിവസം തന്നെ നല്‍കും. വരും ദിവസങ്ങളിലും പ്രയാസം കൂടാതെ ശമ്പളവും പെന്‍ഷനും നല്‍കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ട്രഷറി വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. 
ശമ്പളം ബാങ്ക് അക്കൌണ്ടുകളിലേക്ക് വരുന്നവര്‍ക്ക് പിന്‍വലിക്കാവുന്ന തുക ആഴ്ചയില്‍ 24,000 രൂപ എന്ന നിബന്ധന നിലനില്‍ക്കുന്നതിനാല്‍ പലര്‍ക്കും ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത സ്ഥിതിയാണ്. ബാങ്കുകളിലെ കറന്‍സി പ്രതിസന്ധിക്ക് കാര്യമായ മാറ്റങ്ങളൊന്നുമില്ല. 500, 100 രൂപ നോട്ടുകള്‍ക്ക് ഇപ്പോഴും കടുത്ത ക്ഷാമമുണ്ട്. എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 2500ല്‍ നിന്ന് 4500 ആയി ഉയര്‍ത്തിയെങ്കിലും ഭൂരിഭാഗം എടിഎമ്മുകളിലും ഇപ്പോഴും പണമില്ലാത്ത സ്ഥിതിയാണ്. ബാങ്കുകളുടെ ബ്രാഞ്ചുകളോടനുബന്ധിച്ചുള്ള എടിഎമ്മുകളില്‍ മാത്രമാണ് പണമുള്ളത്. ഗ്രാമീണമേഖലയില്‍ കറന്‍സി ക്ഷാമം രൂക്ഷമാണെന്ന് റിസര്‍വ് ബാങ്ക് സമ്മതിച്ചിട്ടും പരിഹരിക്കാന്‍ നടപടിയായിട്ടില്ല. കറന്‍സി ചെസ്റ്റുള്ള ബാങ്കുകള്‍ വിതരണം ചെയ്യുന്ന തുകയുടെ 40 ശതമാനമെങ്കിലും ഗ്രാമീണമേഖലക്കായി നീക്കിവയ്ക്കണമെന്നാണ് ആര്‍ബിഐ ഉത്തരവ്. എന്നാല്‍, നവംബര്‍ എട്ടിന് നോട്ട് പിന്‍വലിക്കലിനു ശേഷം ഗ്രാമീണമേഖലയിലെ എടിഎമ്മുകളില്‍ 90 ശതമാനവും പണമില്ലാത്തതിനാല്‍ നോക്കുകുത്തികളാണ്.