25 September Tuesday

അറുപതോളം മോഷണക്കേസിലെ പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018
തൃശൂർ 
അറുപതോളം മോഷണക്കേസുകളിലെ പ്രതി അറസ്റ്റിൽ. വാടാനപ്പള്ളി സ്വദേശി രായ്മരക്കാർ വീട്ടിൽ  സുഹൈൽ (ഓട്ടോ സുഹൈൽ‐ 40) ആണ് പിടിയിലായത്. കുന്നംകുളത്തിനടുത്ത് എരനെല്ലൂരിൽനിന്നും ലക്ഷങ്ങൾ വിലവരുന്ന ദോസ്ത് പിക്ക് അപ്പ് ലോറി മോഷണം ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഇതോടെയാണ‌് അറുപതോളം മോഷണക്കേസുകളിലെ പ്രതിയാണിയാളെന്ന് തിരിച്ചറിഞ്ഞത്. കമീഷണർ  ജി എച്ച് യതീഷ്ചന്ദ്രന്റെ നിർദേശപ്രകാരം സിറ്റി  ക്രൈംബ്രാഞ്ചും കുന്നംകുളം പൊലീസും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  
കഴിഞ്ഞ ജൂലൈ ഏഴിന് കേച്ചേരി ചിറനെല്ലൂരിലുള്ള പുതിയേടത്ത് സുകുമാരന്റെ   സന്ധ്യ ഓട്ടോമൊബൈൽസിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന ലോറി  മോഷണം പോയ കേസിലാണ് അറസ്റ്റ്.   മൂന്നു ലക്ഷം വിലവരുന്ന ചെമ്മന്തിട്ട സ്വദേശി നാസറിന്റെ  ഉടമസ്ഥതയിലുള്ള ദോസ്ത് പിക്ക് അപ്പ് ലോറിയാണ് മോഷണംപോയത്. വർക്ക്ഷോപ്പുടമയുടെ പരാതിപ്രകാരം കുന്നംകുളം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് മോഷണവീരൻ  സുഹൈൽ അറസ്റ്റിലായത്. 
ജൂൺ ഏഴിന് ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷം രണ്ട് മാസത്തിനുള്ളിൽ നാല് ദോസ്ത് പിക്ക് അപ്പ് ലോറി മോഷ്ടിച്ചു.  ജൂലൈ 24ന്  ഏങ്ങണ്ടിയൂർ ആശാൻ റോഡിൽ പാർക്ക് ചെയ്തിരുന്ന ചെമ്പകത്ത് വീട്ടിൽ സജീവിന്റെ ലോറി,  ആഗസ്റ്റ് എട്ടിന് കോതപറമ്പ് പതപ്പുള്ളിയാലുക്കൽ കളരിക്കൽ വീട്ടിൽ  മനോഹരന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ലോറി, 24ന് മതിലകം വാസുദേവ വളവ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന വലിയപറമ്പിൽ വീട്ടിൽ ഫ്രാൻസിസിന്റെ ലോറി എന്നിവയാണ‌് തുടർന്ന‌്  മോഷ്ടിച്ചത‌്. 
കോതപറമ്പിൽനിന്ന് മോഷ്ടിച്ച  ലോറിയിൽ ആശുപത്രികളിൽ ഉപയോഗിക്കുന്ന  ഗ്യാസുകളുടെ അഞ്ച് കാലി സിലിണ്ടറുകളുണ്ടായിരുന്നു. ഇവ  തൃത്താല ഭാരതപ്പുഴയുടെ തീരത്ത് ഉപേക്ഷിച്ചു. മോഷ്ടിച്ച  ലോറികൾ  ഇതരസംസ്ഥാനങ്ങളിലേക്ക് കടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്.  ഇവ കണ്ടെടുക്കാനുള്ള ശ്രമം പൊലീസ് നടത്തിവരികയാണ്.
എസിപിമാരായ  ടി എസ് സിനോജ് ( കുന്നംകുളം ) ബാബു കെ തോമസ് (  സിറ്റി ക്രൈം ബ്രാഞ്ച്),  കുന്നംകുളം സിഐ  സുരേഷ്, എസ‌്ഐ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘമാണ് പ്രതിയെ പിടികൂടിയത്. സിറ്റി  ക്രൈംബ്രാഞ്ച് അംഗങ്ങളായ എസ‌്ഐ ഗ്ലാഡ്സ്റ്റൺ, എഎസ‌്ഐമാരായ സുരേന്ദ്രൻ, കെ എ മുഹമദ്അഷ്റഫ്, എൻ ജി സുവൃതകുമാർ,പി എം റാഫി, കെ ഗോപാലകൃഷ്ണൻ, പി രാഗേഷ് സിസിപിഒമാരായ പി സുദേവ്, എം ഹബീബ്  സിപിഒമാരായ ടി വി  ജീവൻ, പഴനിസ്വാമി, പി കെ ലിഗേഷ്, എം എസ് വിപിൻ ദാസ്, എന്നിവരടങ്ങുന്ന അന്വേഷകസംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രധാന വാർത്തകൾ
Top