18 November Sunday
രണ്ടുപേർ അറസ്‌റ്റിൽ

വിനോദസഞ്ചാരികളുടെ ബോട്ട‌് പായപ്പെടുത്താൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018
കോവളം 
ഉല്ലാസയാത്രയ‌്ക്കെത്തിയ വിദേശികളടക്കമുള്ള വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ടിനെ മറ്റൊരു ബോട്ട് ഉപയോഗിച്ച് ഇടിച്ചുതകർക്കാൻ ശ്രമിച്ച സംഭവത്തിൽ  രണ്ടുപേരെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബോട്ടുകളിലെ ഡ്രൈവർമാരായ അഗർവാൾ, ജ്ഞാനദാസ് എന്നിവരെയാണ് പൂവാർ  പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 
ആക്രമിക്കപ്പെട്ട ബോട്ടടക്കം പൊലീസ് മൂന്ന് ബോട്ടുകളും കസ്റ്റഡിയിലെടുത്തു. ആഴമേറിയ പൊഴിക്കര ഭാഗത്തുവച്ച് നടന്ന  ആക്രമണത്തിൽ വിദേശികളും കുട്ടികളും ഉൾപ്പെട്ട ബോട്ട് മറിയാതിരുന്നതിനാൽ  സഞ്ചാരികളായ എട്ടംഗസംഘം രക്ഷപ്പെട്ടത് തലനാരിഴയ‌്ക്ക്. കഴിഞ്ഞ ദിവസം പൂവാർ പൊഴിക്കരക്കയത്തിലായിരുന്നു സംഭവം. ആറ്റുപുറം ബോട്ട് ജെട്ടിയിൽ നിന്ന‌്‌ സഞ്ചാരികളുമായി പൊഴിക്കര കടൽ കാണാൻ പുറപ്പെട്ട ക്രിസ്തുദാസൻ എന്നയാൾ ഓടിച്ചിരുന്ന ബോട്ടിനുനേരെയായിരുന്നു ആക്രമണം. ഈ ബോട്ടിനെ തടയാൻ എത്തിയ മറ്റ് രണ്ട് ബോട്ടുകളിൽ ഒരെണ്ണം സഞ്ചാരികൾ സഞ്ചരിച്ച ബോട്ടിനെ ഇടിക്കുമ്പോൾ മറ്റൊരെണ്ണം സിനിമാസ്റ്റൈലിൽ വട്ടംചുറ്റി യാത്ര തടസ്സപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്ന് പൂവാർ പൊലീസ് പറഞ്ഞു. 
 
സഞ്ചാരികൾ നിലവിളിച്ച് പ്രശ്നമുണ്ടാക്കിയതോടെയാണ്  അക്രമിസംഘം പിൻവാങ്ങിയത്. അപകടാവസ്ഥയിലായ ബോട്ട‌് നിയന്ത്രിച്ച ഡ്രൈവർ  സാഹസപ്പെട്ടാണ് ബോട്ട‌് കരയ‌്ക്കടുപ്പിച്ചത്. നെയ്യാറിന്റെ സംഗമസ്ഥാനമായ  പൊഴിക്കരയിൽ ഏറ്റവും ആഴമുള്ള ഭാഗത്തുവച്ച് നടന്ന ആക്രമണം ഏറെ ഗൗരവമുള്ളതാണെന്ന് പൂവാർ പൊലീസ് പറഞ്ഞു.
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top