19 April Thursday
ക്രിസ്മസ് വിപണി ഉഷാര്‍

കേക്കില്‍ കേമന്‍ 'ഡെവിള്‍സ്'

വെബ് ഡെസ്‌ക്‌Updated: Saturday Dec 23, 2017
തിരുവനന്തപുരം > 'ഡെവിള്‍സ് ഫുഡ്' കിലോ 480 രൂപ. സംശയിക്കേണ്ട, നഗരത്തിലെ പ്രമുഖ ബേക്കറിയില്‍ ഏറെ ആവശ്യക്കാരുള്ള ക്രിസ്മസ് കേക്കാണിത്.  കറുത്ത നിറമാകാം ഈ പേരിനു കാരണം. പ്ളം കേക്ക്, ഐസിങ് കേക്ക്, ബ്ളാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, പല ഫ്ളേവറിലുള്ള വെല്‍വറ്റ് കേക്കുകള്‍ തുടങ്ങി കിലോക്ക് 420 മുതല്‍ 1800 രൂപവരെ വിലയുള്ള വിവിധയിനം കേക്കുകള്‍ വിപണിയിലുണ്ട്. 
ക്രിസ്മസ് എത്തിയതോടെ ആശംസാകാര്‍ഡുകള്‍, നക്ഷത്രങ്ങള്‍, റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍, മറ്റ് അലങ്കാര വസ്തുക്കള്‍ എന്നിവയെല്ലാമായി വിപണി സജീവം. 
മൊബൈലും സോഷ്യല്‍ മീഡിയയും സാര്‍വത്രികമായതോടെ ആശംസാകാര്‍ഡുകള്‍ക്ക് പഴയ പ്രചാരമില്ല. എങ്കിലും നാലു രൂപ മുതല്‍  കാര്‍ഡുകള്‍ വിപണിയില്‍ ലഭിക്കും. ശബ്ദവും വര്‍ണവെളിച്ചവുമുള്ള കാര്‍ഡുകളുണ്ടെങ്കിലും പ്ളെയിന്‍ കാര്‍ഡുകള്‍ക്കു തന്നെയാണ് ഏറ്റവുമധികം ആവശ്യക്കാര്‍.
പരമ്പരാഗത രീതിയിലുള്ള ക്രിസ്മസ് നക്ഷത്രങ്ങള്‍ക്കു പകരം ഗോളാകൃതിയിലുള്ള ഇല്യൂമിനേറ്റഡ് ബൌളുകളും മറ്റ് വ്യത്യസ്ത രൂപങ്ങളിലുള്ള അലങ്കാര വസ്തുക്കളും കഴിഞ്ഞ വര്‍ഷം മുതലാണ് വിപണിയിലെത്തിയത്. ഇക്കുറിയും ബൌളുകള്‍ തന്നെയാണ്  താരം. 100 മുതല്‍ 300 രൂപവരെയാണ് ഇവയുടെ വില. ഇവയ്ക്കു പുറമേ 40 രൂപ മുതല്‍ വിലയുള്ള സാധാരണ പേപ്പര്‍ നക്ഷത്രങ്ങളും 150 മുതല്‍ 2000 രൂപവരെ വിലയുള്ള എല്‍ഇഡി നക്ഷത്രങ്ങളുമുണ്ട്.
റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍ക്കും ആവശ്യക്കാരേറെ. വലിപ്പം അനുസരിച്ച് 350 മുതല്‍ 1600 രൂപവരെയാണ് വില. പുല്‍ക്കൂടുകളില്‍  വയ്ക്കാനാവശ്യമായ രൂപങ്ങള്‍ മണ്ണിലും പ്ളാസ്റ്റര്‍ ഓഫ് പാരീസിലും നിര്‍മിച്ചവ ലഭ്യമാണ്. പ്ളാസ്റ്റര്‍ ഓഫ് പാരീസില്‍ നിര്‍മിച്ച രൂപങ്ങള്‍ക്കാണ് വിലയും ആവശ്യവും കൂടുതല്‍. ഒരടി മുതല്‍ പത്തടിവരെ പൊക്കമുള്ള ക്രിസ്മസ് ട്രീകളും വിപണിയിലുണ്ട്. 80 മുതല്‍ 4000 രൂപവരെയാണ് വില. ഏറ്റവുമധികം ആവശ്യക്കാരുള്ളത് കുട്ടികളുടെ സാന്താക്ളോസ് കുപ്പായങ്ങള്‍ക്കും തൊപ്പികള്‍ക്കുമാണ്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top