സമഗ്ര ട്രോമ കെയര്‍ സംവിധാനം അടുത്തമാസം അവസാനത്തോടെ

തിരുവനന്തപുരം > ജില്ലയില്‍ സമഗ്ര ട്രോമ കെയര്‍ സംവിധാനം നവംബര്‍ അവസാനത്തോടെ പ്രാവര്‍ത്തികമാകും. റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്ക് എങ്ങനെ അടിയന്തര വിദഗ്ധ ചികിത്സ ലഭ്യമാക്കാം എന്നതിനെപ്പറ്റി മെഡിക്കല്‍ കോളേജില്‍ നടന്ന ശില്‍പ്പശാലയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ആക്സിഡന്റ് റെസ്ക്യു പ്രോജക്ടിന്റെ ഭാഗമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, മെഡിക്കല്‍ കോളേജ് അലുമ്നി അസോസിയേഷന്‍, പൊലീസ് വിഭാഗം, മോട്ടോര്‍ വാഹനവകുപ്പ്, ആംബുലന്‍സ് വിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
ചികിത്സാസൌകര്യമില്ലാത്ത ആശുപത്രികളില്‍ രോഗികളെ എത്തിച്ച് വിലപ്പെട്ട സമയം കളയാതെ എങ്ങനെ വിദഗ്ധ അടിയന്തര ചികിത്സ ലഭ്യമാക്കാം എന്നതിനെപ്പറ്റി തിരുവനന്തപുരം ഐഎംഎ അവതരിപ്പിച്ച പൈലറ്റ് പ്രോജക്ട് അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. സര്‍ക്കാരിന്റെ സഹകരണത്തോടെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് ഒരു മോണിറ്ററിങ് സെല്‍ ഇതിനായി രൂപീകരിക്കും. ഇതിനായി പ്രത്യേക സോഫ്റ്റ്വെയര്‍ വികസിപ്പിക്കും. അപകടം നടന്നയുടന്‍ പൊലീസിന്റെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍റൂമിലെ ഹെല്‍പ്പ് ലൈന്‍ നമ്പരിലേക്ക് വിളിക്കാം. ആംബുലന്‍സുകാരുടെ കൈയിലുള്ള മൊബൈലിലെ ഒരു ആപ് അടിസ്ഥാനമാക്കിയാണ് ഇത് നടപ്പാക്കുക. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള ആംബുലന്‍സുകളുടെ നമ്പരുകള്‍ കണ്‍ട്രോള്‍ റൂമില്‍ തെളിയും. കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള വിവരമനുസരിച്ച് ആംബുലന്‍സെത്തും. പ്രഥമ ശ്രുശ്രൂക്ഷയ്ക്കുശേഷം ആംബുലന്‍സിലുള്ള നേഴ്സ് നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്ന തൊട്ടടുത്തുള്ള ഏത് ആശുപത്രിയാണുള്ളതെന്നുള്ള സന്ദേശം ലഭിക്കും. വെന്റിലേറ്ററുകളുള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ഉറപ്പാക്കിയായിരിക്കും ആശുപത്രി നിര്‍ദേശിക്കുക. ഇങ്ങനെയൊരു രോഗി എത്തുന്ന കാര്യം ആശുപത്രിയെയും അറിയിക്കും. ഈ ആംബുലന്‍സ് എത്തുന്ന സമയത്ത് ആ ആശുപത്രിയിലെ ഡോക്ടര്‍ സംഘം റെഡിയായി നില്‍ക്കും.
പ്രതിഫലം ലഭിക്കാതെ വരുന്ന ആംബുലന്‍സുകാര്‍ക്ക് ആ തുക ഐഎംഎ നല്‍കുമെന്ന് ഐഎംഎ പ്രതിനിധികള്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അധ്യക്ഷനായി. ഐജി മനോജ് എബ്രഹാം ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ഡിസിപി ജയദേവ്, ഐഎംഎ തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍പണിക്കര്‍, സംസ്ഥാന മുന്‍ പ്രസിഡന്റ് ഡോ. ശ്രീജിത് എന്‍ കുമാര്‍, ഡോ. സ്വപ്നകുമാരി, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദ്, ആര്‍എംഒ ഡോ. മോഹന്‍ റോയ്, ഡോ. എസ് വാസുദേവന്‍, മഹേഷ്, ഡോ. ഷിജു സ്റ്റാന്‍ലി, ഡോ. കെ എസ് സുനോജ് എന്നിവര്‍ സംസാരിച്ചു.











0 comments