14 November Wednesday

ചെങ്ങന്നൂരിലേക്ക‌് നഗരസഭയുടെ 350 അംഗ സംഘം ഇന്ന‌് യാത്രതിരിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018
തിരുവനന്തപുരം
പ്രളയം ബാധിച്ച ചെങ്ങന്നൂരിലെ പ്രദേശങ്ങൾ ശുചീകരിക്കാൻ നഗരസഭയുടെ 350 അംഗ സംഘം ചൊവ്വാഴ‌്ച യാത്ര തിരിക്കുമെന്ന‌് മേയർ വി കെ പ്രശാന്ത‌് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സന്നദ്ധ പ്രവർത്തകർ, നഗരസഭ ജീവനക്കാർ ഉൾപ്പെട്ട സംഘം മൂന്ന‌് ദിവസത്തിൽ 500 വീടുകൾ ശുചീകരിക്കും.
 
 ഭക്ഷണം ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായാണ‌് സംഘം ചെങ്ങന്നൂരിൽ പോകുന്നത‌്. താമസ സൗകര്യം മാത്രം ചെങ്ങന്നൂർ നഗരസഭ ഒരുക്കും. ആറുപേരടങ്ങുന്ന സംഘങ്ങളായി ടീം പ്രവർത്തിക്കും. ഓരോ സംഘത്തിലും ശുചീകരണ വളന്റിയർമാർക്ക് പുറമെ ഇലക്ട്രിക്കൽ, പ്ലമ്പിങ‌്, കാർപെന്ററി ജോലികളിൽ പ്രാവീണ്യമുള്ളവരെയും ഉൾപ്പെടുത്തും. 
 
സന്നദ്ധപ്രവർത്തകർക്ക് ആവശ്യമായ ജനറേറ്റർ, ജെറ്റ്സ്പ്രയർ, ബ്ലീച്ചിങ‌് പൗഡർ, ക്ലോറിൻ ടാബ്ലെറ്റ്, മാസ്കുകൾ, കൈയ്യുറകൾ, ഗംബൂട്ട്, വുഡ്കട്ടർ, പമ്പ് സെറ്റ്, മൺവെട്ടികൾ, കുട്ടകൾ, വാക്വം ക്ലീനർ തുടങ്ങിയ ഉപകരണങ്ങളും യന്ത്രസാമഗ്രികളും സജ്ജീകരിച്ചാണ് സംഘം യാത്ര തിരിക്കുന്നത്. മരുന്നുകളും ഉപകരണങ്ങളും ഉൾപ്പെടെ സുസജ്ജമായ മെഡിക്കൽ ടീമും ചെങ്ങന്നൂരിലെത്തും.
 
വിവിധ ജില്ലകളിൽ രക്ഷാപ്രവർത്തനത്തിനുപോയ നഗരത്തിലെ മത്സ്യത്തൊഴിലാ‌ളികളെ 23ന‌് വിഴിഞ്ഞത്ത‌് ആദരിക്കുമെന്നും മേയർ പറഞ്ഞു. തുമ്പമുതൽ വിഴിഞ്ഞംവരെയുള്ള നഗരസഭ പരിധിയിലെ തൊഴിലാളികളെയാണ‌് ആദരിക്കുന്നത‌്. സർക്കാർ നിർദേശ പ്രകാരമാണ‌് നടപടി. നഗരത്തിൽ ആരംഭിച്ച 28 ദുരിതാശ്വാസ ക്യാമ്പുകളിൽ നാലെണ്ണം മാത്രമാണ‌് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും മേയർ പറഞ്ഞു. ദുരിതബാധിത മേഖലകളിൽ ഇനിയുള്ള അടിയന്തര ആവശ്യം ശുചീകരണ സാമഗ്രികളാണ‌്. ഇവ സംഭാവന ചെയ്യുന്നതിനും പൊതുജനങ്ങൾ തയ്യാറാകണമെന്ന‌് മേയർ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
Top