24 September Monday
വെഞ്ഞാറമൂട്ടിൽ മേൽപ്പാലം

സാധ്യതാ പരിശോധനയ‌്ക്കായി ഉദ്യോഗസ്ഥസംഘമെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

വെഞ്ഞാറമൂട്

വെഞ്ഞാറമൂട് പട്ടണത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മേൽപ്പാലം നിർമിക്കുന്നതിന്റെ സാധ്യതാ പരിശോധനയ‌്ക്കായി ഉദ്യോഗസ്ഥ സംഘമെത്തി. ഗതാഗതക്കുരുക്കിനു പരിഹാരമായി 500 മീറ്ററോളം  നീളമുള്ള മേൽപ്പാലമാണ് നിർമിക്കുന്നത്. പിഡബ്ല്യുഡി ചീഫ് എൻജിനിയർ ജീവരാജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സാധ്യതാ പരിശോധനയ്ക്കായി എത്തിയത്. ഡി കെ മുരളി എംഎൽഎയ്ക്കൊപ്പം കെ ബി ഗണേഷ‌്‌കുമാർ എംഎൽഎയുമുണ്ടായിരുന്നു. മേൽപ്പാലത്തിന്റെ ഫൗണ്ടേഷനുവേണ്ടി മണ്ണ‌് പരിശോധന നടത്തും. ഡിസൈൻ ഉൾപ്പെടെയുള്ളവ ആഗസ‌്ത്തോടെ പൂർത്തിയാക്കുമെന്ന് ചീഫ് എൻജിനിയർ ജീവരാജ് പറഞ്ഞു. മേൽപ്പാലം നിർമിക്കുന്നതിനുവേണ്ടി സാധ്യതകൾ പരിശോധിക്കണമെന്ന ഡി കെ മുരളി എംഎൽഎയുടെ ആവശ്യം പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പരിഗണിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചുകൂട്ടി വിശദമായ ചർച്ച നടത്തുകയും ചെയ്തിരുന്നു. ഈ യോഗതീരുമാന പ്രകാരമാണ് ഉദ്യോഗസ്ഥ സംഘം വെഞ്ഞാറമൂട്ടിലെത്തിയത്. പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എൻജിനിയർ സുരേഷ്, ഡിസൈൻ എക്‌സിക്യൂട്ടീവ് എൻജിനിയർ സജു, പൊതുമരാമത്ത് പാലങ്ങളുടെ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ ദീപ ഓമനക്കുട്ടൻ എന്നിവരായിരുന്നു സംഘാംഗങ്ങൾ. സിപിഐ എം ഏരിയ സെക്രട്ടറി കെ മീരാൻ, ജില്ലാ പഞ്ചായത്തംഗം വൈ വി ശോഭകുമാർ, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ് കുറുപ്പ്, വാമനപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ ഷീലാകുമാരി, ഡി സുനിൽ, കെ ബാബുരാജ്, അൽസജീർ, ബിനു എസ് നായർ, എസ് സുജാതൻ  തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top