25 September Tuesday

യൂത്ത്‌ കോൺഗ്രസുകാർ സംഘർഷമുണ്ടാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 18, 2018
ബാലരാമപുരം
ശശി തരൂരിനെ അനുകൂലിച്ച് പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ ബാലരാമപുരത്ത് അഴിഞ്ഞാടി. ഡിവൈഎസ‌്‌പിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച പ്രവർത്തകർ എംഎൽഎ എം വിൻസന്റിന്റെ നേതൃത്വത്തിൽ രണ്ട് മണിക്കൂറോളം റോഡിൽ കുത്തിയിരുന്നു.
 
ബാലരാമപുരത്ത് വൈകിട്ട് ആറിനാണ‌് സംഭവങ്ങളുടെ തുടക്കം. നെയ്യാറ്റിൻകര റോഡിൽനിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ റോഡിനിരുവശവും സ്ഥാപിച്ചിരുന്ന രാഷ്ട്രീയ പാർടികളുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. പൊലീസ് തടഞ്ഞതോടെ ആക്രമിക്കാൻ ശ്രമിച്ചു.  ബൈക്ക് യാത്രികനെയും വഴിയാത്രക്കാരെയും ആക്രമിച്ചു. തുടർന്ന് പൊലീസ് ആക്രമിച്ചെന്നാരോപിച്ച് വിഴിഞ്ഞം റോഡിലെ ഗതാഗതം തടസ്സപ്പെടുത്തി റോഡിൽ കുത്തിയിരുന്നു. ഇതോടെ നാലു റോഡിലും ഗതാഗതക്കുരുക്കായി.
 
 ഡിവൈഎസ്‌പി ഹരികുമാറുമായി ചർച്ചയ്ക്കിടെ ഡിവൈഎസ്‌പിയെ തോളിൽതള്ളി കൈയേറ്റംചെയ്യാൻ ശ്രമം നടന്നു. ഡിവൈഎസ‌്‌പിയുടെ നിർദേശാനുസരണം അക്രമം ഒഴിവാക്കാനായി പൊലീസ് കൂടുതൽ ആത്മസംയമനം പാലിക്കുകയായിരുന്നു. സ്ഥലത്തെത്തിയ എംഎൽഎ പ്രവർത്തകരോടൊപ്പം റോഡിൽ കുത്തിയിരുന്നു. ഇരുപതിൽ താഴെ പ്രവർത്തകരെയുംകൊണ്ട് റോഡിൽ കുത്തിയിരുന്നതോടെ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായി. വിഴിഞ്ഞത്തുനിന്ന് ബാലരാമപുരത്തേക്ക് വന്ന വാഹനങ്ങൾ പനയറക്കുന്നിൽവച്ചും കാട്ടാക്കട, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നുള്ള വാഹനങ്ങൾ  വഴിമുക്കുവഴിയും തിരിച്ചുവിട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top