25 September Tuesday

ചിരിവെളിച്ചത്തിന‌് 25

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018
തിരുവനന്തപുരം
പ്രേക്ഷകരിൽ ചിരിയുണർത്തി ചിന്തിപ്പിക്കുന്ന നർമകൈരളി ഹാസ്യനാടകത്തിന‌് 25ന്റെ ചെറുപ്പം. പിറന്നാൾ ആഘോഷത്തിന‌് പതിവുപോലെ ചിരിരസക്കൂട്ടിന്റെ പുതുവിഭവം. അണിയറയിൽ ഡോ. തോമസ‌് മാത്യുവും സംഘവും ഒരുങ്ങിക്കഴിഞ്ഞു. ‘ഗുഹാമുഖത്തുനിന്ന‌് ക്യാമറാമാനോടൊപ്പം’ നാടകമാണ‌് പ്രേക്ഷകർക്കും ആരാധകർക്കുമുള്ള സമ്മാനം. ‘തനിത്തറവാട‌്’ നാടകത്തിൽനിന്നാണ‌് ആദ്യ തിരികൊളുത്തൽ. തുടർന്ന‌് നിരവധി നാടകങ്ങൾ. സിനിമയിലെ സിദ്ദിഖ‌്‐ ലാൽ കൂട്ടുകെട്ടുപോലെ വഴുതക്കാട‌് ബാബു‐ ഡോ. തോമസ‌് മാത്യു സഖ്യം ഹിറ്റാകാൻ അധികനാൾ വേണ്ടിവന്നില്ല.
 
 സുകുമാർ ഉൾപ്പെടെയുള്ള ഹാസ്യസാഹിത്യകാരന്മാരുടെ പിന്തുണ കരുത്തായി. ഇതോടെ വഴുതക്കാട‌് ബാബു രചനയും തോമസ‌്‌ മാത്യു സംവിധാനവും നിർവഹിച്ച ഹാസ്യനാടകങ്ങൾ ആസ്വാദകർ ചിരിയോടെ നെഞ്ചേറ്റി. സമൂഹം ചർച്ച ചെയ്യണം, യാഥാർഥ്യങ്ങൾ അറിയണം എന്നാഗ്രഹിക്കുന്ന ഒരുവിഷയവും വെറുതെവിട്ടില്ല. അരങ്ങിൽ പൂജപ്പുര രാധാകൃഷ‌്ണൻമുതൽ ജോബിവരെയുള്ള പ്രഗത്ഭരായ അഭിനേതാക്കൾകൂടിയായപ്പോൾ സംഗതി ഉഷാർ. ഇടക്കാലത്ത‌് വഴുതക്കാട‌് ബാബുവിന്റെ വേർപാടിനെ തുടർന്ന‌് രചനയും സംവിധാനവും നിർമാണവുമെല്ലാം തോമസ‌്‌ മാത്യു ഒറ്റയ‌്ക്കായി. നാടക സംഘാംഗങ്ങളുടെ ചർച്ചകൾ, അഭിപ്രായങ്ങൾ, മാധ്യമവാർത്തകർ എന്നിവയിൽ നിന്നാകും വിഷയം ലഭിക്കുക. തുടർന്ന‌് നാടകരൂപത്തിലേക്ക‌്. ജനങ്ങൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ‌് നർമകൈരളി നാടക കഥാപാത്രങ്ങൾ വേദിയിൽ പറയുന്നത‌്. 25 വർഷങ്ങൾക്കുള്ളിൽ 250ൽ അധികം ഹാസ്യസൃഷ്ടികൾ നർമകൈരളിയുടെ അരങ്ങിൽ എത്തി. 
ചൊവ്വാഴ‌്ച പാളയം വിവേകാനന്ദ സാംസ്‌കാരികകേന്ദ്രത്തിൽ സിൽവർ ജൂബിലി സമ്മാനമായ  ‘ഗുഹാമുഖത്തുനിന്ന‌് ക്യാമറാമാനോടൊപ്പം’ നാടകം അവതരിപ്പിക്കും. വൈകിട്ട‌് ആറിന‌് നടക്കുന്ന പരിപാടിയിൽ വി സുരേശൻ എഴുതിയ ‘ഫയലുകൾ ഫലിതങ്ങളല്ല’ എന്ന പുസ്തകം സ്വാമി സന്ദീപാനന്ദഗിരി പ്രകാശനംചെയ്യും. സുകുമാർ പുസ്തകം സ്വീകരിക്കും.
 
 
പ്രധാന വാർത്തകൾ
Top