12 December Wednesday

ഡീസലും ടയറുമില്ല; യാത്രക്കാർ പെരുവഴിയിൽ -

വെബ് ഡെസ്‌ക്‌Updated: Friday Nov 16, 2018

ടയറില്ലാതെ ഒതുക്കിയിട്ടിരിക്കുന്ന ആര്യനാട് ഡിപ്പോയിലെ ബസുകൾ

ആര്യനാട്‌ > ആവശ്യത്തിന‌്  ഡീസൽ ലഭിക്കാത്തതിനെതുടർന്ന‌്  ആര്യനാട്  കെഎസ‌്ആർടിസി ഡിപ്പോയിൽ സർവീസുകൾ താറുമാറായി. ഡിപ്പോയിൽ ഡീസൽ പമ്പില്ല. കാട്ടാക്കട ,നെടുമങ്ങാട്, പേരൂർക്കട തുടങ്ങിയ ഡിപ്പോകളിൽനിന്നാണ് ആര്യനാട്ടേക്ക‌് ബസുകൾക്ക‌് ഡീസൽ അടിക്കുന്നത്.  ഡീസൽ ഒരു ഡിപ്പോയിൽ ഇല്ലെങ്കിൽ മറ്റ് ഡിപ്പോകളിൽ നിന്നും നൽകാറില്ല. ഒരുപക്ഷേ നൽകിയാൽ കുറച്ച് മാത്രം നൽകും. ഒരു ഓർഡിനറി സർവീസിന് ഒരു ദിവസം ശരാശരി 50 ലിറ്റർ ഡീസൽ വേണം. ഓരോ ദിവസവും കുറച്ച് ഡീസൽ ലഭിച്ചാൽ സർവീസ് പൂർത്തിയാക്കാൻ കഴിയില്ല. ഇതുകാരണം ട്രിപ്പുകൾ വെട്ടിക്കുറയ്ക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യും. സർവീസുകൾ റദ്ദാക്കുമ്പോൾ യാത്രക്കാർ പെരുവഴിയിലാകും.
ആര്യനാട് ഡിപ്പോയിൽ ഡീസൽ ഇല്ലാത്തതുകാരണം വ്യാഴാഴ്ച ആറ്റിങ്ങൽ ഫാസ്റ്റ് സർവീസ‌് നടത്തിയില്ല. നല്ല കളക‌്ഷനുള്ള  ഷെഡ്യൂളാണിത്. ആര്യനാട് ഡിപ്പോയിലെ ബസുകൾ ഡീസലടിക്കാൻ മറ്റ് ഡിപ്പോകളിൽ പോകുമ്പോൾ അന്യരെ പോലെയാണ് പെരുമാറുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. മദർ ഡിപ്പോയായ വെള്ളനാട്ട‌് ഡീസൽ പമ്പ് ഉണ്ടെങ്കിലും ആര്യനാടിന് ഡീസൽ നൽകാൻ അവരും തയ്യാറാകില്ല. 
ചിലപ്പോഴൊക്കെ തിരുവനന്തപുരത്തെത്തുന്ന ബസുകളെ വികാസ് ഭവൻ ഡിപ്പോയിലേയ്ക്കും ഡയറക്ട് ചെയ്യാറുണ്ട്.  ആര്യനാട് ഡിപ്പോയിൽ വേണ്ടത്ര ഡ്രൈവർമാർ ഉണ്ടായിരുന്നിട്ടും 35 ഡ്രൈവർമാരെ തൊടുപുഴയിൽനിന്ന‌് ആര്യനാട്ടേയ്ക്ക്സ്ഥലം മാറ്റി. ഇപ്പോൾ 20 ഡ്രൈവർമാർ ആര്യനാട്ട് കൂടുതലാണ്. ഇക്കാര്യം ചീഫ് ഓഫീസിൽ അറിയിച്ചപ്പോൾ ഏറ്റവും സീനിയറായ 10 ഡ്രൈവർമാരെ പാലോട്ടേയ്ക്ക് മാറ്റി. ഷെഡ്യൂളു കളുടെ ഓപ്ഷൻ കഴിഞ്ഞതോടെ പാലോട്ടെത്തിയ ഡ്രൈവർമാർക്ക് ജോലി ഇല്ലെന്നും പറയുന്നു. 5000 , 10000 രൂപ അഡ്വാൻസും നൽകി താമസിക്കാൻ കെട്ടിടം വാടകയ്ക്കെടുത്ത ഡ്രൈവർമാർ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ‌്. താമസ ചെലവ്, ആഹാരം, എന്നിവയ്ക്ക് പോലും പണമില്ലാതെ ബുദ്ധിമുട്ടുന്നതായും പറയുന്നു. ഡ്യൂട്ടികൾ സിംഗിൾ ആക്കുമ്പോൾ ജീവനക്കാരുടെ വീടിനടുത്തുള്ള ഡിപ്പോകളിൽ ജോലി നൽകുമെന്ന് പറഞ്ഞ‌് സിഎംഡി പറ്റിക്കുകയായിരുന്നുവെന്നും അവർ പറയുന്നു. 22 താല്ക്കാലിക കണ്ടക്ടർമാർ ആര്യനാട്ട‌് ജോലിയില്ലാതെ കാത്തിരിക്കുമ്പോൾ നെയ്യാറ്റിൻകരയിൽനിന്ന‌് 10 സ്ഥിരം കണ്ടക്ടർമാരെയും 10 താല്ക്കാലിക കണ്ടക്ടർമാരെയും ആര്യനാട്ടേയ്ക്ക് സ്ഥലം മാറ്റി. പാറശാലയിലും കളിയിക്കാവിളയിലുമുള്ളവരെയാണ് ഇത്തരത്തിൽ സ്ഥലം മാറ്റിയിരിക്കുന്നത്- . 
രണ്ട് സ്റ്റേഷൻ മാസ്റ്റർ വേണ്ട ആര്യനാട്ട‌് ഒരാൾ മാത്രമാണ് ഉള്ളത്. മൂന്ന് ഇൻസ‌്പെക്ടർമാർ ആര്യനാട്ട് എസ‌്എം ഡ്യൂട്ടി ചെയ്യുന്നു. ജനറൽ കൺട്രോളിഗ് ഇൻസ്പെക്ടർ 24 മണിക്കൂർ ജോലി ചെയ്താലും വീട്ടിൽ പോകാൻ കഴിയുന്നില്ല. രോഗബാധിതനായ അദ്ദേഹം പല തവണ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും ആരും ഗൗനിക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു. അവലോകനയോഗങ്ങളിൽ മുമ്പ‌് യൂണിയൻ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തുമായിരുന്നു. 
പ്രധാന വാർത്തകൾ
Top