14 November Wednesday

ഔഷധത്തോട്ടവുമായി വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018
വിതുര
പ്രകൃതിയുടെ ഔഷധക്കലവറ വരുംതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിതുര ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി പരിസ്ഥിതി ക്ലബ്ബിന്റെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെയും നേതൃത്വത്തിൽ ഔഷധത്തോട്ടം തയ്യാറായി.  
ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ മെഡിസിനൽ പ്ലാന്റ് വിഭാഗമാണ് പഠനാവശ്യങ്ങൾക്കായി സ്കൂളിന് ഔഷധ സസ്യങ്ങൾ കൈമാറിയത്. 
ക്ലാസ് മുറികളിലെ പഠനത്തിന് പുറമെ വിവിധ വിഷയങ്ങളെക്കുറിച്ച് കുട്ടികൾക്ക് നേരിട്ടുള്ള പഠനാനുഭവം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് അക്കാദമിക മാസ്റ്റർ പ്ലാനിനോടൊപ്പം ഇത്തരം പാഠ്യേതര  പ്രവർത്തനങ്ങൾക്ക് സ്കൂൾ അധികൃതർ കൂടുതൽ ശ്രദ്ധ നൽകുന്നത്. 
പരിസ്ഥിതി ക്ലബ്ബിലും എസ‌്‌പിസി പദ്ധതിയിലും അംഗങ്ങളായ വിദ്യാർഥികളാണ് ഒഴിവുസമയം പ്രയോജനപ്പെടുത്തി കൂട്ടുകാർക്കായി ഔഷധത്തോട്ടം തയ്യാറാക്കിയത്. ഓരോ സസ്യത്തോടൊപ്പം അതിന്റെ പേരും വിദ്യാർഥികൾ എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. ഔഷധത്തോട്ടത്തിന്റെ ഉദ്ഘാടനം  ലക്ഷ്മിക്കുട്ടിയമ്മ നിർവഹിച്ചു. 
ചടങ്ങിൽ ലക്ഷ്മിക്കുട്ടിയമ്മയെ  പൊന്നാടയണിയിച്ച് ആദരിച്ചു. പഞ്ചായത്ത്  അംഗം ഷാഹുൽനാഥ് അലിഖാൻ, ഹെഡ്മിസ്ട്രസ് പി ആർ അനിത, പിടിഎ പ്രസിഡന്റ്  ഭുവനേന്ദ്രൻ, സീനിയർ അസിസ്റ്റന്റ് എസ് പ്രേംജിത‌്, സ്റ്റാഫ് സെക്രട്ടറി ബിനുകുമാർ, പരിസ്ഥിതി ക്ലബ് കൺവീനർ ജിജി കുമാർ, കമ്യൂണിറ്റി പൊലീസ് ഓഫീസർ കെ അൻവർ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top