18 August Saturday

റെഡ‌്സോൺ: ആശങ്ക പരിഹരിക്കാൻ വീണ്ടും യോഗം

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018
തിരുവനന്തപുരം 
വിമാനത്താവളത്തിന്റെ റെഡ‌്സോൺ പരിധിയുമായി ബന്ധപ്പെട്ട ആശങ്കകളിൽ കൂടുതൽ വ്യക്തത തേടാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. ശംഖുംമുഖം, വെട്ടുകാട‌്, വലിയതുറ വാർഡുകളിൽ ഉൾപ്പെടെ പഴയ വീടുകൾക്കും എൻഒസി വേണമെന്ന എയർപോർട്ട‌് അതോറിറ്റിയുടെ നിർദേശമാണ‌് ആശങ്കയ‌്ക്ക‌് വഴിവച്ചത‌്. അപേക്ഷ നൽകിയാലുടൻ പഴയ വീടുകൾക്ക‌് എൻഒസി നൽകാമെന്ന‌് എയർപോർട‌് അതോറിറ്റി ഉറപ്പ‌് നൽകിയതായി മേയർ   മറുപടി നൽകി. 
 
ഉടൻ എയർപോർട‌് അതോറിറ്റിയുമായി യോഗം ചേരാൻ ചീഫ‌് സെക്രട്ടറിയോട‌് ആവശ്യപ്പെടുമെന്നും മേയർ അറിയിച്ചു. ആവശ്യമെങ്കിൽ കേന്ദ്രസർക്കാരിനെ വീണ്ടും സമീപിക്കാമെന്നും  അദ്ദേഹം ഉറപ്പ‌് നൽകി. വിമാനത്താവളത്തിന്റെ സുരക്ഷ മുൻനിർത്തി എയർപോർട്ട‌് അതോറിറ്റി തയ്യാറാക്കിയ കളർകോഡഡ‌് മാപ്പിങ്ങിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന‌് നഗരസഭ പ്രമേയം പാസാക്കി സംസ്ഥാന സർക്കാരിന‌് സമർപ്പിച്ചു. മുഖ്യമന്ത്രി ഇടപെട്ട‌് ചീഫ‌് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ച‌് കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ചർച്ച നടത്തി. തുടർന്ന‌് റെഡ‌്സോണിന്റെ പരിധി കുറയ‌്ക്കാൻ തീരുമാനിച്ചു. അതിനു പിന്നാലെയാണ‌് വിമാനത്താവള പരിധിയിലെ 11 വാർഡുകളിലെ പഴയ കെട്ടിടങ്ങൾക്കും നിരാക്ഷേപ പത്രം നേടണമെന്ന‌് എയർപോർട്ട‌് അതോറിറ്റി അറിയിച്ചത‌്. 
 
നഗരത്തിലെ വ്യാപാരികൾക്ക‌് അനുകൂലമായ രീതിയിൽ ലൈസൻസ‌് ഫീസ‌് പരിഷ‌്കരിക്കാൻ  ബുധനാഴ‌്ച ചേർന്ന നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. കഴിഞ്ഞവർഷം ഡെയ‌്ഞ്ചറസ‌് ആൻഡ‌് ഒഫൻസീവ‌് ഷെഡ്യൂൾ (ഡി ആൻഡ‌് ഒ) പരിഷ‌്കരിച്ചെങ്കിലും വ്യാപാരികളുടെ പരാതി ഉയർന്നു. അവ പരിഗണിച്ച‌് ഭേദഗതികൾ വരുത്തിയ ഫീസ‌് ഘടനകളാണ‌് കൗൺസിലിന്റെ അംഗീകാരത്തിന‌് സമർപ്പിച്ചത‌്. പുതുക്കിയ ഫീസിനെതിരെ പരാതി ഉന്നയിക്കാൻ വ്യാപാരികൾക്ക‌് ഒരുമാസത്തെ സമയം നൽകാനും തീരുമാനിച്ചു.   ആപൽക്കരവും അസഹ്യവുമായ വ്യാപാരങ്ങൾ (വാർഷിക ലൈസൻസ‌് ഫീസ‌്), സാധാരണ വ്യാപാരങ്ങൾ (വാർഷിക ലൈസൻസ‌് ഫീസ‌്), യന്ത്രസാമഗ്രികൾ പ്രവർത്തിപ്പിക്കുന്നതിനുള്ള വാർഷിക ലൈസൻസ‌് ഫീസ‌്/ ഇൻസ്റ്റലേഷൻ ഫീസ‌് എന്നിവയാണ‌് പരിഷ‌്കരിച്ചത‌്. 25 വർഷങ്ങൾക്കുശേഷമാണ‌് നിയമം പരിഷ‌്കരിക്കുന്നത‌്.
 
 
പ്രധാന വാർത്തകൾ
Top