18 August Saturday
പാപ്പനംകോട്ട‌് വീണ്ടും ആർഎസ‌്എസ‌് ആക്രമണം

ഡിവൈഎഫ‌്ഐ നേതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

നീറമൺകരയിൽ ആർഎസ്‌എസുകാർ കത്തിച്ച ഡിവൈഎഫ‌്ഐ പ്രവർത്തകന്റെ ഓട്ടോറിക്ഷ

തിരുവനന്തപുരം

നീറമൺകരയിൽ ഡിവൈഎഫ‌്ഐ പ്രവർത്തകന്റെ ഓട്ടോറിക്ഷ ആർഎസ‌്എസുകാർ കത്തിച്ചു. പാപ്പനംകോട‌് അമ്പനാട‌് യൂണിറ്റ‌് ഭാരവാഹി നീറമൺകര ഗൗരീനഗറിൽ ഹിമേഷിന്റെ ഓട്ടോറിക്ഷയാണ‌് ചൊവ്വാഴ‌്ച പുലർച്ചെ തീയിട്ടത‌്. തിങ്കളാഴ‌്ച ഡിവൈഎഫ‌്ഐ‌യുടെ നേതൃത്വത്തിൽ അമ്പനാട്ട‌് പഠനോപകരണവിതരണം സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ സംഘാടകരിൽ പ്രധാനിയായിരുന്നു ഹിമേഷ‌്. ധാരാളം ആളുകൾ പരിപാടിയിൽ പങ്കെടുക്കാനെത്തി. ഇതിൽ വിറളിപൂണ്ടാണ‌് ആക്രമണം നടത്തിയത‌്. കനകനഗറിലെ വീടിനുമുന്നിൽ കിടന്ന ഓട്ടോറിക്ഷയാണ‌് തീയിട്ടത്. ഹിമേഷിന്റെ ഏക വരുമാനമാർഗമാണ‌് ഓട്ടോറിക്ഷ. പ്രായമായ അമ്മ, വികലാംഗയായ ഇളയമ്മ, അപ്പൂപ്പൻ എന്നിവരെ പോറ്റുന്നതും ചികിത്സിക്കുന്നതും ഓട്ടോറിക്ഷ ഓടിച്ചുകിട്ടുന്ന വരുമാനത്തിലൂടെയാണ‌്. ആക്രമണത്തിനെതിരെ കരമന പൊലീസിൽ പരാതി നൽകി. ഫോറൻസിക‌് സംഘം ഉൾപ്പെടെയെത്തി തെളിവ‌് ശേഖരിച്ചു. ആരെയും പിടികൂടിയിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയാണെന്നും പൊലീസ‌് അറിയിച്ചു. കഴിഞ്ഞ ഒരുവർഷമായി ആർഎസ‌്എസുകാർ നേമം കേന്ദ്രീകരിച്ച‌് ആക്രമണം തുടരുകയാണ‌്. ഇതിനോടകം പന്ത്രണ്ടിലേറെ പ്രവർത്തകരെ ആക്രമിച്ച‌് പരിക്കേൽപ്പിച്ചു. അതിലേറെ പ്രവർത്തകരുടെ വീടുകളും സ്ഥാപനങ്ങ‌ളും ആക്രമിച്ചു. നിരവധി പാർടി ഓഫീസുകൾ, രക്തസാക്ഷിമണ്ഡപങ്ങൾ, കൊടിതോരണങ്ങൾ എന്നിവ ഇപ്പോഴും നശിപ്പിക്കുന്നത‌് തുടരുകയാണ‌്. ബിജെപി, ആർഎസ‌്എസ‌് ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ‌് ആക്രമണങ്ങൾ നടത്തുന്നത‌്. പരിശീലനം സൃഷ്ടിച്ച ക്രിമിനലുകളെയാണ‌് ഇതിനായി രംഗത്തിറക്കുന്നത‌്. കഴിഞ്ഞയാഴ‌്ച തിരുമലയിൽ ഡിവൈഎഫ‌്ഐ‌ നേതാവിനെ വധിക്കാൻ ശ്രമിച്ച രണ്ട‌് ആർഎസ‌്എസുകാർ പിടിയിലായിരുന്നു. തോക്ക‌്, വടിവാൾ, കഠാര തുടങ്ങിയ ആയുധങ്ങൾ ഉപയോഗിക്കാൻ ശാഖയിൽ പരിശീലനം ലഭിച്ചവരാണ‌് ഇവരെന്ന‌് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞു. നേമം എംഎൽഎ തങ്ങളുടെ പാർടിക്കാരനാണെന്ന ധാർഷ്ട്യത്തിലാണ‌് അക്രമികൾ അടക്കിവാഴുന്നത‌്. ബിജെപിയുടെ രാജ്യസഭാ പ്രതിനിധികളുടെ സഹായവും ഇവർക്കുപിന്നിലുണ്ടെന്ന ആക്ഷേപം ഉയരുന്നുണ്ട‌്. ആക്രമണത്തിനെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ചൊവ്വാഴ‌്ച വൈകിട്ട‌് കൈമനംമുതൽ കനകനഗർവരെ പ്രതിഷേധപ്രകടനവും യോഗവും നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി ഉദ‌്ഘാടനം ചെയ‌്തു. ജില്ലാ കമ്മിറ്റി അംഗം എം എം ബഷീർ,   നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഡിവൈഎഫ‌്ഐ ഏരിയ സെക്രട്ടറി സാദിഖ‌് അലി, ലോക്കൽ സെക്രട്ടറി വി എസ‌് വിജയകുമാർ, കൗൺസിലർ എ വിജയൻ തുടങ്ങിയവർ സംസാരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top