25 September Tuesday

പൊടിപടലങ്ങളിൽ ശ്വാസം മുട്ടി ജനം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 12, 2018
ചിറയിൻകീഴ്
ചിറയിൻകീഴ്​‐അഴൂർ‐​മുരുക്കുംപുഴ മുഖ്യപാതയിൽ റീടാറിങ്ങിനായി മാസങ്ങൾക്കു മുമ്പ‌് നിക്ഷേപിച്ച പാറപ്പൊടിയും മെറ്റലും റോഡിനിരുവശത്തെയും ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നു.  ചിറയിൻകീഴ് ശാർക്കരമുതൽ കടകം, മഞ്ചാടിമൂട്, അഴൂർ മാർക്കറ്റ്, ഹൈസ്കൂൾ ജങ‌്ഷൻ, പെരുങ്ങുഴി മേട ജങ‌്ഷൻ, സിഒ നഗർ ചിലമ്പിൽ എന്നിവിടങ്ങളിലാണ‌് വാഹനഗതാഗതത്തിനുപോലും ഭീഷണി ഉയർത്തി കരാറുകാരന്റെ അനാസ്ഥയിൽപെട്ടു യാത്രക്കാരും പാതയോര കുടുംബങ്ങളും രാപ്പകൽ വ്യത്യാസമില്ലാതെ ചക്രശ്വാസം വലിക്കുന്നത്. വാഹനങ്ങൾ പോകുമ്പോൾ ഉയർന്നുപൊങ്ങുന്ന പാറപ്പൊടിയിൽപെട്ട‌് നരകയാതനയാണു ജനങ്ങൾ അനുഭവിച്ചുവരുന്നത്. രാത്രി  മെറ്റൽക്കൂനകളിൽ  തെന്നിവീണ് ഇരുചക്രവാഹനയാത്രികർ അപകടത്തിൽപെടുന്നതു നിത്യസംഭവങ്ങളാണ്.
പരിസരവാസികളിൽ ശ്വാസകോശരോഗങ്ങളും പ്രകടമാണ‌്. ഇതുവഴി കാൽനടയാത്രയും ദുസ്സഹമായിട്ടു നാളുകളേറെയായി. റോഡ് തറനിരപ്പിൽനിന്ന് ഉയർത്തി റീടാറിങ് നടത്തുന്നതിന്റെ ഭാഗമായി പാറപ്പൊടി കൂട്ടിക്കലർത്തിയ മെറ്റൽ പാതയിലൊട്ടാകെ ഒരുമാസത്തിനു മുമ്പ‌് നിക്ഷേപിച്ചശേഷം നിർമാണം  നിർത്തിവയ്ക്കുകയായിരുന്നു. ആറ്റിങ്ങൽ പിഡബ്ല്യുഡി അധികൃതർക്കു പരാതി നൽകിയിട്ടും നടപടി വൈകുന്നതിനെത്തുടർന്ന‌് കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top