21 November Wednesday
അഴിമതി

പാറശാല റൂറൽ കോ‐ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി പിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

പാറശാല

പാറശാല റൂറൽ കോ‐ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ക്രമക്കേടിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടു. സാമ്പത്തിക തിരിമറിയെതുടർന്ന് ഭരണസമിതി പിരിച്ചുവിട്ട് സൊസൈറ്റി ഭരണം അഡ്മിനിസ്ട്രേറ്റർക്ക‌് നൽകി. അഡ്മിനിസ്ട്രേറ്ററായി ബാലരാമപുരം സഹകരണ ഇൻസ്പെക്ടർ അനിലിനെ നിയമിച്ചു. നിക്ഷേപകർ അറിയാതെ അധികൃതർ അനധികൃതമായി പല നിക്ഷേപകരുടെ പേരിലും വായ്പയെടുത്തതായുള്ള പരാതിയും നിക്ഷേപത്തുക കാലാവധി കഴിഞ്ഞിട്ടും നൽകാത്തതിനെതുടർന്നുമാണ് അഴിമതി പുറംലോകമറിഞ്ഞത്. സൊസൈറ്റിയിൽ മുമ്പും ഇത്തരത്തിൽ ചില നിക്ഷേപകരുടെ പേരിൽ അധികൃതർ വായ്പ എടുത്തിരുന്നു. ഇത‌്  വിഷയമാകുമെന്ന ഘട്ടത്തിൽ മറ്റു നിക്ഷേപകർ  അറിയുന്നതിനുമുമ്പ‌് പണം തിരിച്ചടച്ച‌് പ്രശ്നം ഒതുക്കിയിരുന്നു.  പൊഴിയൂർ പൊലീസിൽ പരാതിയുമായി ചെന്നെങ്കിലും അധികൃതരുമായി നടത്തിയ ചർച്ചയിൽ രണ്ടുമൂന്ന് മാസത്തിനകം നിക്ഷേപകർക്ക‌് പണം തിരികെ നൽകാമെന്ന്  ഉറപ്പ് നൽകിയിരുന്നു. സൊസൈറ്റി പ്രതിസന്ധിയിലായപ്പോഴും  തിരിമറി നടന്നതായി തെളിഞ്ഞതിനെതുടർന്ന‌് സഹകരണവകുപ്പിലെ ജീവനക്കാരിൽനിന്ന‌് റിപ്പോർട്ട് തേടിയിരിക്കുകയാണ് പൊലീസ്.  ചെങ്കവിള ജങ‌്ഷനുസമീപം 15 വർഷംമുമ്പ‌് തുടങ്ങിയ സൊസൈറ്റി നല്ല രീതിയിലായിരുന്നു പ്രവർത്തനമാരംഭിച്ചത്. നിക്ഷേപകരെ ആകർഷിക്കാനായി കൂടുതൽ പലിശയും  വാഗ്ദാനം ചെയ്തിരുന്നു. സൊസൈറ്റിയിലെ തിരിമറി മനസ്സിലാക്കിയ നിക്ഷേപകർ സഹകരണ വകുപ്പിലെ ജില്ലാ രജിസ്ട്രാർക്കും അസിസ്റ്റന്റ് രജിസ്ട്രാർക്കും പരാതി നൽകിയതാണ‌്  കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് പുറംലോകം അറിയാൻ കാരണമായത‌്. സാമ്പത്തികപ്രതിസന്ധി മറികടക്കാനായി ജില്ലാ സഹകരണ ബാങ്കിൽനിന്ന‌് ലക്ഷക്കണക്കിന് രൂപ വായ്പയെടുത്തിട്ടുണ്ട്. ബാങ്കിൽ നടത്തിവന്നിരുന്ന ചിട്ടിയിൽനിന്നുള്ള തുകയും നിക്ഷേപകരറിയാതെ പിൻവലിച്ചിട്ടുണ്ട‌്. സൊസൈറ്റിയിലെ ഉന്നതജീവനക്കാരിയും ഭർത്താവും ഒരു മുൻ കലക‌്ഷൻ ഏജന്റും ക്രമക്കേട് നടത്തി സേവിങ‌്സ‌് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപ  സ്വന്തമാക്കിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.  സഹകരണ ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ സൊസൈറ്റിയിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top